തിരുവനന്തപുരം> ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കൊച്ചിയിലെ എണ്ണ ശുദ്ധീകരണ ശാല വില്‍ക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് ആവശ്യപ്പെട്ടു.ബിപിസിഎല്‍ ഉള്‍പ്പെടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചി രിക്കുന്നത്.
കേരളത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി എണ്ണ ശുദ്ധീകരണശാല സ്വകാര്യവല്‍ക്കരിക്കുന്നതോടെ സംസ്ഥാനത്തെ പാചക വാതക വിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും.സ്വകാര്യ കമ്പനികളുടെ പാചക വാതക സിലിണ്ടറുകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി ലഭിക്കില്ല.
ബിപിസിഎല്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ എട്ടുകോടി പാചക വാതക ഉപഭോക്താക്കള്‍ക്ക് സബ്സിഡി കിട്ടാതെ വരും. തൊഴില്‍ സംവരണം ഉള്‍പ്പെടെ ഇല്ലാതാകും. ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും നഷ്ടമാകും.
കേരളത്തിന്റെ വ്യാവസായിക കുതിപ്പായി മാറുമായിരുന്ന നിര്‍ദ്ദിഷ്ട പെട്രോ കെമിക്കല്‍ പാര്‍ക്ക് അനിശ്ചിതത്വത്തിലാകുകയും ചെയ്യും. സംയുക്ത സംരംഭമായി 1966 ല്‍ തുടങ്ങിയ കൊച്ചി റിഫൈനറി 2006 ലാണ് ബി.പി.സി.എല്‍ ഏറ്റെടുത്തത്.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വില്‍ക്കുന്നതിന് ഒരു ന്യായീകരണവുമില്ല?കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം വിദേശ കുത്തകകള്‍ക്ക് വിറ്റുതുലയ്ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സാമ്പത്തികരംഗത്ത് കോര്‍പ്പറേറ്റ് അനുകൂല നിലപാട് സ്വീകരിച്ച കേന്ദ്ര-ബി.ജെ.പി ഭരണത്തിന്റെ കെടുകാര്യസ്ഥതയാണ് ഈ ദുഃസ്ഥിതി സൃഷ്ടിച്ചത്. സ്വകാര്യവത്ക്കരണത്തിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്. ഈ സമരത്തിന് എല്‍ഡിഎഫ് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എ വിജയരാഘവന് പ്രസ്താവനയില്‍ അറിയിച്ചു.