കൊച്ചി> കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു.
വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങുന്നതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45 പ്രതിവാര വിമാന സർവീസുകളാകും. തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് (VIETJET) ആണ് ഹോ ചി മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുക.
നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് പുറമെയാണ് ഈ പുതിയ സർവീസ് ആരംഭിക്കുന്നത്. സിംഗപ്പൂരിലേക്ക് 2 പ്രതിദിന വിമാന സർവീസുകളാണ് ഉള്ളത്. ആഴ്ചയിൽ 6 ദിവസം ബാങ്കോക്കിലേക്ക് 1 വിമാന സർവീസും , ക്വാലാലംപൂരിലേക്ക് 3 പ്രതിദിന സർവീസുകളുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പുതിയ സർവീസിന് സാധിക്കും. ഇതിലൂടെ കേരളത്തിലെ വിനോദസഞ്ചാര വ്യവസായ രംഗത്ത് കുതിച്ചുചാട്ടം സൃഷ്ടിക്കാൻ പുതിയ സർവീസിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മരന്തി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..