19 January Sunday

കൊച്ചി പഴയ കൊച്ചി തന്നെ, പക്ഷേ തിരുവനന്തപുരം അങ്ങനല്ല; കണ്ടുപഠിക്കട്ടെ ഈ മാതൃക

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം > കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ട്രോളുകളിലൊന്ന് കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വെള്ളക്കെട്ടിനെ താരതമ്യം ചെയ്തുള്ളതായിരുന്നു. രണ്ട് നഗരസഭകളുടെ ഇടപെടലുകളിലുള്ള വ്യത്യാസമാണ് അതില്‍ അവതരിപ്പിച്ചത്. ഒരു രാത്രി നീണ്ട മഴയില്‍ കൊച്ചി നഗരം മുങ്ങുന്ന കാഴ്ചയാണ് തിങ്കളാഴ്ച കണ്ടത്. ശക്തമായൊരു മഴ പെയ്താല്‍ തമ്പാനൂര്‍ അടക്കം മുങ്ങുന്ന അനുഭവമുണ്ടായിരുന്നു തലസ്ഥാന നഗരിക്ക്. ആ കാഴ്ച ഇന്ന് നഗരത്തിനു മുന്നിലില്ല. അതിനുപിന്നില്‍ തിരുവനന്തപുരം നഗരസഭയുടെ അക്ഷീണമായ ഇടപെടലുണ്ട്. രണ്ടു വര്‍ഷമായി കൊച്ചി നഗരത്തിലെ ചാലുകളും കാനകളും വൃത്തിയാക്കിയിട്ട്. അതിന്റെ ഫലമായിരുന്നു തിങ്കളാഴ്ചത്തെ വെള്ളക്കെട്ട്. കാലവര്‍ഷാരംഭത്തിനു മാസങ്ങള്‍ മുമ്പുതന്നെ മഴക്കാല പൂര്‍വ ശുചീകരണം ഫലപ്രദമായി നടത്തുന്നതാണ് തലസ്ഥാന നഗരിയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. മഴക്കാല പൂര്‍വ ശുചീകരണത്തിനായി ഓരോ വാര്‍ഡിനും ഒരോ ലക്ഷം രൂപയാണ് നഗരസഭ ഇക്കുറിയും ചെലവഴിച്ചത്. വകുപ്പുകള്‍ തമ്മിലുള്ള എകീകരണം ഫലപ്രദമായി വിനിയോഗിച്ചും ജനങ്ങളുടെ സഹകരണം ഉറപ്പാക്കിയുമാണ് നഗരസഭ ശുചീകരണം ഏറ്റെടുത്തത്.

ആമയിഴഞ്ചാന്‍ തോടും പാര്‍വതീ പുത്തനാറും കിള്ളിയാറും ശുചിയാക്കാന്‍ ബൃഹദ്പദ്ധതികളാണ് തയ്യാറാക്കിയത്. തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയാനും നടപടി സ്വീകരിച്ചു. തോടിന്റെ ഇരുവശത്തും ഇരുമ്പ് വലകള്‍കെട്ടി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നഗരസഭയാണ് ശുചീകരണം നടത്തിയത്. സാധാരണഗതിയില്‍ നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുന്ന ഇടങ്ങളില്‍ കനത്ത മഴയില്‍ വെള്ളം സുഖമായി ഒഴുകിപ്പോയി. ആഴ്ചകള്‍ നടത്തിയ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് 15 കിലോമീറ്ററോളം തോട് നന്നാക്കിയത്. ആളുകള്‍ക്ക് ഇറങ്ങാന്‍ കഴിയാത്ത ഇടങ്ങളില്‍ യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യം നീക്കി.

പാര്‍വതി പുത്തനാറിന്റെ ശുചീകരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിലയിരുത്തുന്നു (ഫയല്‍)

പാര്‍വതി പുത്തനാറിന്റെ ശുചീകരണം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിലയിരുത്തുന്നു (ഫയല്‍)മെഗാ ശുചീകരണത്തിലൂടെയാണ് കിള്ളിയാറിനെ ഒരുക്കിയത്. തലസ്ഥാനത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള കിള്ളിയാറിനെ പഴയ സമൃദ്ധിയിലേക്ക് എത്തിക്കുകയെന്ന കിള്ളിയാര്‍ ദൗത്യത്തിന്റെ രണ്ടു ഘട്ടങ്ങളാണ് പിന്നിട്ടത്. കിള്ളിയാറിന്റെ നഗരപരിധിയിലെ 13.5 കിലോമീറ്ററാണ് കാല്‍ലക്ഷത്തോളം പേര്‍ അണിനിരന്ന് ശുചീകരിച്ചത്.

മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെയും കലക്ടറായിരുന്ന ബിജു പ്രഭാകറിന്റെയും നേതൃത്വത്തില്‍ മുമ്പ് നടപ്പാക്കിയ ഓപ്പറേഷന്‍ അനന്ത പദ്ധതി തമ്പാനൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. തമ്പാനൂര്‍ ചൈത്രം ഹോട്ടലിനു മുന്നിലൂടെ റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നുപോകുന്ന ഓടയും റെയില്‍വേ പ്ലാറ്റ്‌ഫോമിന് അടിയിലൂടെ പവര്‍ഹൗസ് ടിക്കറ്റ് കൗണ്ടര്‍ കടന്നു പോകുന്ന ഓടയും അന്ന് ശുചിയാക്കിയിരുന്നു. രണ്ട് ഓടകളില്‍നിന്നുമായി 800 ലോഡ് മാലിന്യമാണ് നീക്കിയത്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top