03 March Wednesday

കൊച്ചി മെട്രോയിൽ പ്രതിദിന യാത്രക്കാർ 25,000

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

കൊച്ചി > ലോക്ക്‌ഡൗണിനുശേഷം സർവീസ് പുനരാരംഭിച്ച മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. പ്രതിദിന യാത്രക്കാരുടെ എണ്ണം 25,000 പിന്നിട്ടതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. കോവിഡിനെ തുടർന്ന് അഞ്ചുമാസം നിർത്തിവച്ച മെട്രോ സർവീസ് സെപ്തംബർ ഏഴിനാണ് പുനരാരംഭിച്ചത്. അന്ന് 4,048 പേരാണ് മെട്രോയിൽ സഞ്ചരിച്ചത്. നാലുമാസത്തിനുശേഷം ജനുവരിയിൽ യാത്രക്കാരുടെ എണ്ണം 25,000 പിന്നിട്ടു. ഒമ്പതിന് 25,162 പേരാണ് കൊച്ചി മെട്രോയിൽ സഞ്ചരിച്ചത്. സെപ്തംബർ ഏഴുമുതൽ ജനുവരി 13വരെ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 16.90 ലക്ഷത്തിലെത്തി.

പൊതുഗതാഗത മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കൊച്ചി മെട്രോ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും മെട്രോ യാത്രയെ കൂടുതൽ സ്വീകാര്യമാക്കി. ഫീഡർ സർവീസുകളും കാര്യക്ഷമമായി നടപ്പിലാക്കി. യാത്രക്കാർക്ക് സൈക്കിളുമായി മെട്രോയിൽ യാത്ര ചെയ്യാൻ അനുവദിച്ചതും ഗുണകരമായി. ലോക്ക്‌ഡൗണിനുശേഷം രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെയായി സമയം  ക്രമീകരിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം ഉയർന്നതിനാൽ സർവീസ് സമയം രാവിലെ ആറുമുതൽ രാത്രി 10വരെ ആക്കിയിട്ടുണ്ട്. നിലവിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 10 മിനിറ്റാണ്. തിരക്കുള്ളപ്പോൾ ഇടവേള ഏഴ് മിനിറ്റാക്കി കുറച്ചിട്ടുണ്ട്. സുരക്ഷിതയാത്ര നൽകുകയാണ് കെഎംആർഎലിന്റെ ലക്ഷ്യമെന്ന് എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top