04 November Monday

കൊച്ചി മെട്രോ നിർമാണം; ഗതാഗതക്കുരുക്ക് അടക്കം തടസങ്ങൾ നീക്കാൻ ഏഴു വകുപ്പുകളുടെ സംയുക്ത കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

കൊച്ചി > കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണവുമായി ബന്ധപ്പെട്ട വിവിധ തടസങ്ങളും പ്രശ്നങ്ങളും അടിയന്തിരമായി പരിഹരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും  ഏഴ് വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി. ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. മൂന്ന്  ദിവസം കൂടുമ്പോൾ കമ്മിറ്റി യോഗം ചേർന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.

പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, പൊലീസ്, തൃക്കാക്കര നഗരസഭാ സെക്രട്ടറി, ആർടിഒ, കൊച്ചി മെട്രോ എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റിയുടെ ആദ്യ യോഗം ആ​ഗസ്ത് 22 വ്യാഴാഴ്ച ചേരും. അതത് മേഖലയിലുള്ള കൗൺസിലർമാരുമായും ആശയവിനിമയം നടത്തണം. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെഎസ്ഇബി തൃപ്പൂണിത്തുറ എക്സിക്യൂട്ടീവ് എൻജിനീയർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ്, ജോയിന്റ് ആർടിഒ എന്നിവരാണ് അതത് വകുപ്പുകളെ പ്രതിനിധീകരിച്ച് യോഗത്തിൽ ഹാജരാകേണ്ടത്. കൊച്ചി മെട്രോയുടെ അധ്യക്ഷതയിലായിരിക്കും യോഗം.

മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് പാലാരിവട്ടം-കാക്കനാട് റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് മുൻഗണന നൽകും. റോഡിന് വീതികൂട്ടൽ പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന റോഡിന്റെ വീതി കൂട്ടൽ ഉടൻ പൂർത്തിയാക്കാൻ മന്ത്രി നി൪ദേശം നൽകി. ചെമ്പുമുക്ക്-കുന്നുംപുറം റോഡ്, സീ പോർട്ട്-എയർ പോർട്ട് റോഡിലെ ഡിഎൽഎഫിനു മുന്നിലെ റോഡ്, പാർക്ക് ഹോട്ടലിനു മുന്നിലെ തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണി എന്നിവ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കും. സീ പോർട്ട്-എയർപോർട്ട് റോഡിലെ രണ്ടര കിലോമീറ്റർ ഒക്ടോബർ 15 ന് പൂർത്തിയാക്കും. ഡിഎൽഫ് ഫ്ളാറ്റിനു മുന്നിലുള്ള റോഡ് ടാർ ചെയ്ത് രണ്ടാഴ്ചയ്ക്കകം തുറന്നു കൊടുക്കും. പ്രിയം മാർട്ടിനു മുന്നിലുള്ള തടസവും രണ്ടാഴ്ചയ്ക്കകം നീക്കും. എല്ലാ കൈയേറ്റങ്ങളും അനധികൃത പാർക്കിംഗും ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കും. ഇതിനായി ആ൪ടിഒ, നഗരസഭ, റവന്യൂ വകുപ്പ് എന്നിവർ സംയുക്ത പരിശോധന നടത്താനും മന്ത്രി നിർദേശിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇടറോഡുകളും സർവീസ് റോഡുകളും ഉപയോഗിക്കുന്നത് സംബന്ധിച്ച് പരിശോധിക്കും. ഇടറോഡുകളിൽ നിന്ന് നേരിട്ട് പ്രധാന റോഡിലേക്ക് കയറുന്നത് ഒഴിവാക്കി യുടേൺ നടപ്പാക്കുന്നതിനാണ് പൊലീസിന്റെ ശ്രമം. ഇടറോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് തൃക്കാക്കര നഗരസഭയും മുൻകൈയെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.

കൊച്ചി മെട്രോ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി പ്രതിനിധികളുടെ പ്രശ്നങ്ങളും യോഗം അവലോകനം ചെയ്തു. പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മുന്നോട്ട് പോകാൻ മന്ത്രി നിർദേശിച്ചു. ഫയർ എൻജിൻ വാഹനങ്ങൾ ഉൾപ്പടെ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് സൗകര്യമുണ്ടാകണം. ഒരു വശത്ത് കുറച്ച് നിർമ്മാണ പ്രവ൪ത്തനവും സ്ഥല സൗകര്യം കുടുതലുള്ള വശത്ത് അധിക നിർമ്മാണപ്രവ൪ത്തനവും നടത്തുന്ന രീതി അവലംബിക്കാനും മന്ത്രി നിർദേശം നൽകി. കൂടുതൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎൽ, കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, തൃക്കാക്കര നഗരസഭയിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top