20 March Wednesday

കൊച്ചി മെട്രോയ‌്ക്ക‌് ഒരു വയസ്സ‌് ; നഷ്ടം പകുതിയോളം കുറഞ്ഞു, വരുമാനം കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


കൊച്ചി മെട്രോ സർവീസ‌് ആരംഭിച്ച‌് ഒരുവർഷം പിന്നിടുമ്പോൾ നഷ്ടം പകുതിയോളം കുറഞ്ഞു. പ്രതിമാസം ആറുകോടി രൂപയോളമായിരുന്ന നഷ്ടം ഇപ്പോൾ 3.60 കോടിയായി.

യാത്രക്കാരുടെ എണ്ണം വർധിച്ചതും പരസ്യവരുമാനം കൂടിയതുമാണ‌് നഷ്ടം കുറയ‌്ക്കാൻ സഹായിച്ചതെന്ന‌് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ‌് എംഡി എ പി എം മുഹമ്മദ‌് ഹനീഷ‌് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തുടക്കത്തിൽ 20,000 മുതൽ 25,000 വരെ യാത്രക്കാരായിരുന്നു പ്രതിദിന ശരാശരി. നിലവിൽ 35,000 മുതൽ 40,000 വരെയായി ഉയർന്നു. അവധിദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം 55,000 വരെയാണ‌്.

പാലാരിവട്ടംമുതൽ ഇൻഫോപാർക്ക‌്, സ‌്മാർട്ട‌് സിറ്റിവരെയുള്ള രണ്ടാംഘട്ട നിർമാണംകൂടി പൂർത്തിയാകുന്നതോടെ 85,000 യാത്രക്കാർ പ്രതിദിനം അധികമായി എത്തും. അതോടെ സാമ്പത്തികനഷ്ടം പൂർണമായി പരിഹരിക്കാം.

രണ്ടാംഘട്ടത്തിനുള്ള വിശദമായ പദ്ധതിറിപ്പോർട്ട‌് സംസ്ഥാന സർക്കാരിന‌് സമർപ്പിച്ചു. ഇത‌് കേന്ദ്രത്തിലേക്കയച്ച‌് അനുമതി ലഭിച്ചാലുടൻ ഫ്രഞ്ച‌് ഏജൻസിയുടെ സാമ്പത്തികസഹായത്തോടെ നിർമാണം ആരംഭിക്കും. ടിക്കറ്റ‌് ഇതര വരുമാനമായി ഇപ്പോൾ പ്രതിദിനം 12 ലക്ഷം രൂപ ലഭിക്കുന്നുണ്ട‌്.

ആലുവമുതൽ നെടുമ്പാശേരിവരെയുള്ള മൂന്നാംഘട്ടത്തിന്റെ ടെൻഡർ നടപടി പൂർത്തിയാകുന്നു‌.
ജലമെട്രോയുടെ പ്രവർത്തനവും മുന്നേറുകയാണ‌്.  2019 മേയ‌ിൽ ആദ്യബോട്ട‌്   നീറ്റിലിറങ്ങും. പേട്ടയിൽനിന്ന‌് എസ‌് എൻ ജങ‌്ഷനിലേക്കുള്ള സ്ഥലമെടുപ്പ‌് പൂർത്തിയായി. എസ‌് എൻ ജങ‌്ഷൻമുതൽ തൃപ്പൂണിത്തുറ റെയിൽവേ സ‌്റ്റേഷൻവരെ നീട്ടുന്ന ജോലികളും നടക്കുന്നു. 2019 ജൂണിൽ മെട്രോ തൈക്കൂടംവരെ സർവീസ‌് നടത്തും. തുടർന്ന‌് നാലുമാസത്തിനകം പേട്ടയിലേക്കെത്തും.

മെട്രോ സ‌്റ്റേഷനുകളിൽ ശാഖകൾ തുറക്കുന്നതിന‌് അഞ്ചു ബാങ്കുകൾ കെഎംആർഎലുമായി ധാരണപത്രം ഒപ്പിട്ടു. ശാഖകൾ ഉടൻ ആരംഭിക്കും. കാക്കനാട‌് മെട്രോ ടൗൺഷിപ‌് നിർമാണത്തിന‌് 17 ഏക്കർ ഭൂമി ലഭ്യമാക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകും. തുടർന്ന‌് മാസ‌്റ്റർപ്ലാൻ അനുസരിച്ച‌് നടപടി  പൂർത്തീകരിക്കും. മെട്രോ ഫീഡർ സർവീസിന്റെ ഭാഗമായി 850 ബസുകളിൽ ജിപിഎസ‌് ഘടിപ്പിച്ചു.

ഫീഡർസംവിധാനത്തിന്റെ ഭാഗമായുള്ള മൊബൈൽ ആപ‌് വികസിപ്പിച്ചിട്ടുണ്ട‌്. ഷെയർ ഓട്ടോ സംവിധാനവും വ്യാപകമാക്കും. ആപ‌് ഉപയോഗിച്ച‌് ഓട്ടോ വിളിക്കാൻ കഴിയുന്ന സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന‌് എ പി എം മുഹമ്മദ‌് ഹനീഷ‌് പറഞ്ഞു.

19ന‌് സൗജന്യയാത്ര
മെട്രോയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 19ന‌് ജനങ്ങൾക്ക‌്  കെഎംആർഎൽ സൗജന്യയാത്ര പ്രഖ്യാപിച്ചു. 2017 ജൂൺ  19 മുതൽ വാണിജ്യാടിസ്ഥാനത്തിൽ കൊച്ചി മെട്രോ ഓടിത്തുടങ്ങിയതിന്റെ ആഘോഷമായാണ‌്  ‘ഫ്ര‌ീ റൈഡ‌് ഡേ’  എന്ന പേരിൽ സൗജന്യയാത്ര ഒരുക്കുന്നത്.  പുലർച്ചെ ആറിന‌് സർവീസ് ആരംഭിക്കുന്നതുമുതൽ രാത്രി 10ന‌് അവസാനിക്കുന്നതുവരെ ആർക്കും മെട്രോയിൽ എത്രതവണ വേണമെങ്കിലും സൗജന്യമായി യാത്രചെയ്യാം. ഇതുവരെ മെട്രോയിൽ കയറിയിട്ടില്ലാത്തവർക്ക‌് അവസരമൊരുക്കാൻ കൂടിയാണിത‌്. 

മെട്രോ യാത്രക്കാർ ദീർഘനാളായി കാത്തിരുന്ന  പ്രതിമാസ പാസ‌്, പ്രതിദിന പാസ‌് എന്നിവ ജൂലൈ 15നു മുമ്പ‌് നടപ്പാക്കും. ഇതിനുനൽകുന്ന കിഴിവ‌് എത്രയെന്ന‌് തീരുമാനിച്ചിട്ടില്ല.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ‌് പ്രതിദിന പാസ‌്. കൂടാതെ, 15 മുതൽ 30 വരെ കൊച്ചി വൺ കാർഡ‌് എടുക്കുന്നവർ ഇഷ്യു ഫീസ‌് ആയ 237 രൂപ നൽകേണ്ടതില്ല. കൂടാതെ 15 മുതൽ 18 വരെ മെട്രോയിൽ യാത്രചെയ്യുന്നവർക്ക‌് ഭാഗ്യനറുക്കെടുപ്പിൽ പങ്കെടുക്കാനും അവസരമുണ്ട‌്.


 

പ്രധാന വാർത്തകൾ
 Top