19 November Tuesday

രാജിഭീഷണിയുമായി കൗൺസിലർമാർ; മേയർ മാറ്റത്തിൽ അടിതെറ്റി ഗ്രൂപ്പുകൾ

സ്വന്തം ലേഖകൻUpdated: Wednesday Oct 30, 2019

കൊച്ചി> നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥത മുൻനിർത്തി മേയർ സൗമിനി ജെയിനിനെ രാജിവയ്പിക്കാനുള്ള കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിന്‌ വീണ്ടും തിരിച്ചടി. മേയർ ഒഴിഞ്ഞാൽ അംഗത്വം രാജിവയ്‌ക്കുമെന്ന്‌ രണ്ട്‌ വനിതാ കൗൺസിലർമാർ മുന്നറിയിപ്പു നൽകി. കോൺഗ്രസ്‌ വിമതയായി ജയിച്ച പള്ളുരുത്തി നമ്പ്യാപുരം കൗൺസിലർ ഗീത പ്രഭാകരൻ, ഫോർട്ടുകൊച്ചി മാനാശേരിയിൽനിന്നുള്ള ജോസ്‌മേരി രാജു എന്നിവരാണ്‌ പാർടി നേതൃത്വത്തിനെതിരെ രംഗത്തുവന്നത്‌. 

ഐ ഗ്രൂപ്പും എ ഗ്രൂപ്പിലെ ഒരുവിഭാഗവും സംയുക്തമായി രംഗത്തുവന്നിട്ടും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയിൽ തുടരുന്ന സൗമിനി ജെയിനിന്റെ പുതിയനീക്കം പാർടി നേതൃത്വത്തെ ഞെട്ടിച്ചു. മേയർക്കൊപ്പം നിൽക്കുന്ന എ ഗ്രൂപ്പിലെ ഒരുവിഭാഗമാണ്‌ കൗൺസിലർമാരുടെ രാജിഭീഷണിക്ക്‌ പിന്നിൽ. ചർച്ചകൾക്കായി ബുധനാഴ്‌ച തിരുവനന്തപുരത്തെത്താൻ സൗമിനി ജെയിനിനോട്‌ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്‌.
അതിനിടെ തനിക്കെതിരെ പരസ്യനിലപാടെടുത്ത ഹൈബി ഈഡൻ എംപി പങ്കെടുത്ത ചടങ്ങ്‌ മേയർ ബഹിഷ്‌കരിച്ചു. എറണാകുളം ഗവ. ഗേൾസ്‌

സ്‌കൂളിൽ ജില്ലാ ശാസ്‌ത്രമേളയുടെ ഉദ്‌ഘാടനച്ചടങ്ങിൽ നിന്നാണ്‌  വിട്ടുനിന്നത്‌.  ചടങ്ങിൽ അധ്യക്ഷയാകേണ്ടിയിരുന്നത്‌ മേയറായിരുന്നു.  എംഎൽഎ ആയി തെരഞ്ഞെടുത്ത ടി ജെ വിനോദ്‌ രാജിവച്ചതോടെ 74 അംഗ കൗൺസിലിൽ യുഡിഎഫിന്‌ 37 അംഗങ്ങളുടെ പിന്തുണയാണുള്ളത്‌. എൽഡിഎഫിന്‌ 34ഉം ബിജെപിക്ക്‌ രണ്ടും അംഗങ്ങളുണ്ട്‌. വിമതയായി ജയിച്ച ഗീത പ്രഭാകരന്റെകൂടി പിന്തുണയോടെയാണ്‌ യുഡിഎഫ്‌ ഭൂരിപക്ഷം നിലനിർത്തുന്നത്‌. കൗൺസിലർമാർ ഭീഷണിയുമായി വന്നതോടെ മേയറുടെ രാജിക്കായി ഉറച്ചുനിന്ന പാർടി നേതൃത്വം പ്രതിരോധത്തിലായി. കൂടുതൽ കൗൺസിലർമാർ മേയർക്ക്‌ പിന്തുണയുമായെത്തുമെന്നും സൂചനയുണ്ട്‌.



 നഗരത്തിലുണ്ടായ വെള്ളക്കെട്ടിന്റെ പേരിൽ മേയറെ പ്രതിസ്ഥാനത്തുനിർത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ രാജിഭീഷണി മുഴക്കിയ കൗൺസിലർമാർ തുറന്നടിച്ചു. വോട്ടെണ്ണലിനു പിന്നാലെ ഹൈബി ഈഡൻ എംപിയാണ്‌ മേയർക്കെതിരെ പരസ്യനിലപാടുമായി ആദ്യം വന്നത്‌. പിന്നാലെ കോർപറേഷൻ ഭരണത്തിൽ സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്ന്‌ എ ഗ്രൂപ്പിൽനിന്ന്‌ കെ ബാബുവും പറഞ്ഞു. അതേസമയം, എ ഗ്രൂപ്പിൽനിന്നുള്ള പി ടി തോമസ്‌ എംഎൽഎ മേയറെ മാറ്റുന്നതിനെ അനുകൂലിച്ചില്ല.   ഭരണനേട്ടത്തിന്റെ പങ്ക്‌ പറ്റുന്നവർ വീഴ്‌ചകളിലും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിലപാടിലാണ്‌ മേയർ.


മേയറെ മാറ്റിയാൽ കൂടുതൽപേർ രാജിവച്ചേക്കും


കൊച്ചി

മേയർ സൗമിനി ജെയിന്‌ പിന്തുണയുമായി കൂടുതൽ കോൺഗ്രസ്‌ കൗൺസിലർമാർ രാജിക്കൊരുങ്ങുന്നു. കോർപറേഷൻ തലപ്പത്തെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട്‌ മേയർ സൗമിനി ജെയിനെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ബുധനാഴ്‌ച തിരുവനന്തപുരത്തേക്ക്‌ വിളിപ്പിച്ചിട്ടുണ്ട്‌. സൗമിനി ജെയിനെ നിർബന്ധപൂർവം രാജിവയ്‌പിച്ചാൽ കൗൺസിലർസ്ഥാനം രാജിവയ്‌ക്കാനാണ്‌ ഇവരുടെ തീരുമാനം.

 അഞ്ചിലധികം കൗൺസിലർമാർ രാജിസന്നദ്ധതയും പിന്തുണയും മേയറെ അറിയിച്ചു. കോർപറേഷൻ ഭരണത്തിൽ പാർടിക്ക്‌ മുഴുവൻ ഉത്തരവാദിത്തമുണ്ടെന്നിരിക്കെ മേയറുടെമേൽ കുറ്റമാരോപിച്ച്‌ അപമാനിക്കാൻ നേതൃത്വം ശ്രമിക്കുന്നുവെന്നാണ്‌ ഇവരുടെ ആക്ഷേപം. എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ്‌ ഇവർ രാജിക്കൊരുങ്ങുന്നത്‌.

ഭരണനേട്ടത്തിൽ എല്ലാവർക്കും പങ്കുള്ളതുപോലെ, വീഴ്‌ചകളിലും എല്ലാവർക്കും പങ്കുണ്ടെന്നാണ്‌ മേയറുടെ നിലപാട്‌. അതേസമയം, സ്ഥിരംസമിതി അധ്യക്ഷപദവികളിലുൾപ്പെടെ അഴിച്ചുപണിയെന്ന കോൺഗ്രസിന്റെ ഏകപക്ഷീയ നിലപാടിൽ ഘടകകക്ഷികൾ അമർഷത്തിലാണ്‌.
 


പ്രധാന വാർത്തകൾ
 Top