14 June Monday

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ്: മാര്‍ട്ടിന്‍ ജോസഫ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


കൊച്ചി
ഫ്ലാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രധാനപ്രതി മാർട്ടിൻ ജോസഫ്‌ പൊലീസ്‌ പിടിയിൽ. തൃശൂർ മുണ്ടൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽനിന്നാണ്  പിടികൂടിയത്. ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ ഒളിവിൽ താമസിച്ച മാർട്ടിനെ വ്യാഴാഴ്‌ച രാത്രി 9.20നാണ്‌ അറസ്‌റ്റ്‌ ചെയ്തത്‌. 

മാർട്ടിനെ വെള്ളിയാഴ്‌ച പുലർച്ചെയോടെ കൊച്ചിയിൽ എത്തിക്കും. ഇയാളുടെ കൂട്ടാളികളായ തൃശൂർ പാവറട്ടി വെൺമനാട്‌ പറക്കാട്ട്‌ ധനീഷ്‌ (29), പുത്തൂർ കൈപ്പറമ്പ്‌ കണ്ടിരുത്തി ശ്രീരാഗ്‌ (27), വേലൂർ മുണ്ടൂർ പരിയാടൻ ജോൺ ജോയി (28) എന്നിവരെ രാവിലെ തൃശൂരിൽനിന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരിൽ നിന്നാണ്‌ മാർട്ടിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌.  

മാർട്ടിൻ തൃശൂരിലെത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. മാർട്ടിൻ കഴിഞ്ഞദിവസം മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായി.

എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശിനിയെ ഫ്ലാറ്റിൽവച്ച്‌ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ്‌ കേസ്‌.  മാർട്ടിൻ പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു യുവതികൂടി പരാതി നൽകിയിട്ടുണ്ടെന്ന് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

മാർട്ടിന്റേത്‌ സിനിമാക്കഥയെ വെല്ലുന്ന ജീവിതം
സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ്‌ ഫ്ലാറ്റ്‌ പീഡനക്കേസിലെ പ്രതി മാർട്ടിൻ നയിച്ചിരുന്നത്‌. കണ്ണൂർ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ്‌ ഫെബ്രുവരി 15 മുതൽ 22 ദിവസം തടങ്കലിൽ ശാരീരികമായും മാനസികമായും മാർട്ടിൻ പീഡിപ്പിച്ചത്.

എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലായത്. ഇവർ ഒരുമിച്ചുതാമസിക്കുകയുമായിരുന്നു. ഇതിനിടെ യുവതിയെ മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പകർത്തി. ഫ്ലാറ്റിന് പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുയും ചെയ്‌തു.  ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയിൽ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എറണാകുളത്ത് ആഡംബരസൗകര്യങ്ങളോടെയാണ് മാർട്ടിൻ ജീവിച്ചിരുന്നത്. മറൈൻഡ്രൈവിൽ മാസം അരലക്ഷം രൂപ വാടകയുള്ള ഫ്ലാറ്റിലായിരുന്നു താമസം. തൃശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളിൽ വീട്ടിൽ വരുന്നതൊഴിച്ചാൽ നാട്ടുകാർക്കും മാർട്ടിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളറിയില്ല. എറണാകുളത്ത് ബിസിനസാണെന്നുമാത്രമാണ്‌ വീട്ടുകാരോട് പറഞ്ഞിരുന്നത്. നേരത്തേ ചില കഞ്ചാവുകേസുകളിൽ മാർട്ടിൻ ഉൾപ്പെട്ടിരുന്നതായാണ് വിവരം. മണി ചെയിൻ, ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയാണ് പണം സമ്പാദിച്ചിരുന്നത്. പൊലീസ്‌ അന്വേഷണം ആരംഭിച്ചതോടെ മാർട്ടിൻ ഒളിവിൽ പോയി. ഫോൺ ഉപയോഗിക്കാതിരുന്ന മാർട്ടിനെ സുഹൃത്തുക്കളുടെ ഫോൺ പിന്തുടർന്നും ഡ്രോൺ ഉപയോഗിച്ച്‌ തെരച്ചിൽ നടത്തിയുമാണ്‌ പൊലീസ്‌ പിടികൂടിയത്‌.

ഡ്രോണിന്റെ കണ്ണിൽ മാർട്ടിൻ കുടുങ്ങി
കൊച്ചിയിൽ ഫ്‌ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിലെ പ്രതി തൃശൂർ പുറ്റേക്കര സ്വദേശി മാർട്ടിൻ പിടിയിലായത് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ.  പൊലീസിന്റെ കഠിനപരിശ്രമത്തിനൊടുവിലാണ് ഡ്രോൺ പറത്തിയത്.

മുണ്ടൂർ കിരാലൂർ ഭാഗത്തെ ഒരു ചതുപ്പുപ്രദേശത്ത് ഒളിവിൽ കഴിഞ്ഞ വനത്തിനുള്ളിൽ നിന്നും രാത്രി എട്ടരയോടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വീടിന് അടുത്തുതന്നെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് ഒളിവിൽ കഴിഞ്ഞത്. ഇയാളെ ഒളിവിൽ കഴിയുന്നതിന് സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, സുഹൃത്ത് ശ്രീരാഗ്, ബന്ധു കൂടിയായ ജോൺ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഒടുവിൽ പിടിയിലായത്. കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾ തൃശൂരിലെത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എട്ടിന് രാവിലെ നാലിനാണ് ഇയാൾ കാക്കനാട്ടെ ഫ്‌ളാറ്റിൽനിന്ന് തൃശൂരിലേക്ക് വന്നത്. കാക്കനാടുള്ള ജുവെൽസ് അപ്പാർട്ട്‌മെന്റിൽ നിന്നും മാർട്ടിൻ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീടിന് സമീപ  പ്രദേശങ്ങളിൽത്തന്നെ ഇയാൾ ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിൽ മേഖല പൊലീസ് നിരീക്ഷണത്തിലാക്കുകയും ഇയാളുടെ വീട്ടിൽ പൊലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top