കൊച്ചി
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള കൊച്ചി നഗരസഭയുടെ ആസ്ഥാനമന്ദിരത്തിന്റെ നിർമാണം തുടങ്ങിയിട്ട് വർഷം 15 കഴിയുന്നു. ഇതിനിടെ കൊച്ചിയിൽ മെട്രോ വന്നു. എൽഎൻജി ടെർമിനലും വല്ലാർപാടം റെയിൽപ്പാതയുമൊക്കെ വന്നു. എന്നിട്ടും ഗോശ്രീ പാലത്തിനു സമീപം ഒന്നര ഏക്കറിൽ കോർപറേഷൻ ആസ്ഥാനമന്ദിരം മാത്രം പണിതിട്ടും പണിതിട്ടും തീരാതെ ബാക്കി.
2005ലെ എൽഡിഎഫ് കൗൺസിലാണ് പുതിയ മന്ദിരനിർമാണത്തിന് തീരുമാനിച്ചത്. 18.83 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. 26.80 മീറ്റർ ഉയരത്തിൽ ബേസ്മെന്റിനും ഗ്രൗണ്ട് ഫ്ലോറിനും പുറമെ ആറ് നിലകളാണ് പ്ലാനിലുണ്ടായിരുന്നത്. ആകെ 1,70,000 ചതുരശ്രയടി വിസ്തൃതി. 2006ൽ കരാർ നൽകി നിർമാണമാരംഭിച്ചു. ഇതിനിടെ കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ ചില നീക്കങ്ങൾ അൽപ്പകാലം നിർമാണം വൈകിച്ചു. നിർമാണം റീടെൻഡർ ചെയ്യാനുള്ള നീക്കം കോടതി വ്യവഹാരത്തിലെത്തിച്ചു. ഇക്കാലത്തിനിടെ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, ഒന്നാംനില, രണ്ടാംനില എന്നിവയുടെ സ്ട്രക്ച്ചർ നിർമാണം പൂർത്തിയായിരുന്നു. ഇതിനിടെ 2010ൽ പുതിയ യുഡിഎഫ് കൗൺസിൽ അധികാരത്തിൽവന്നു. 2012ൽ റീ ടെൻഡറിന് നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയേക്കാൾ 22.2 ശതമാനം അധികനിരക്കിൽ നിർമാണത്തിന് പുതിയ കരാർ നൽകി. അതായത് 2005ൽ നിശ്ചയിച്ചതിനേക്കാൾ 145 ശതമാനം ഉയർന്ന നിരക്കിൽ. പുതിയ കരാർ തുക 18,70,37,013 രൂപ.
ടോണി ചമ്മണി മേയറായ ആദ്യ യുഡിഎഫ് കൗൺസിലിന്റെ അവസാനകാലത്ത് കൊട്ടിഘോഷിച്ച് ആസ്ഥാനമന്ദിരത്തിന്റെ നിർമാണപുനരാരംഭം ഉദ്ഘാടനം ചെയ്തു. 2016 ജൂലൈ 16ന്. മന്ത്രി കെ ബാബുവായിരുന്നു ഉദ്ഘാടകൻ. എട്ടുവർഷമായി മുടങ്ങിക്കിടക്കുന്ന നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. ആസ്ഥാനമന്ദിര നിർമാണത്തെ കോർപറേഷന്റെ ഫാസ്റ്റ്ട്രാക്ക് പദ്ധതിയായ മിഷൻ കൊച്ചിയിലും ഉൾപ്പെടുത്തിയിരുന്നു. എന്തായാലും നിർമാണം പുനരാരംഭിച്ചതിലും വേഗത്തിൽ നിലച്ചു.
സൗമിനി ജെയിൻ മേയറായിരിക്കെ പണി പൂർത്തിയാക്കാനുള്ള ഒരു നടപടിയുമുണ്ടായില്ല; അൽപ്പം നിർമാണംകൂടി പൂർത്തിയാക്കിയതൊഴിച്ചാൽ. പണി പൂർത്തിയാകാതിരുന്നതിന്റെ പഴി മുഴുവൻ കൗൺസിലിന്റെ അവസാനവർഷത്തിൽ വന്ന കോവിഡിനായിരുന്നു. കായലോരഭൂമിയിൽ കാടുംപടലും കയറിയ നിലയിലാണ് പൂർത്തിയായത്രയും നിർമാണം. യുഡിഎഫിന്റെ പുതിയ പ്രകടനപത്രികയിലും ആസ്ഥാനമന്ദിര നിർമാണം അതിവേഗം തീർക്കുമെന്ന പ്രഖ്യാപനമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..