28 November Saturday

ഇ- ​ഗവേണന്‍സോ...? കൊച്ചി കോർപ്പറേഷനിൽ അങ്ങനൊന്നില്ല

എ എസ്‌ ജിബിനUpdated: Thursday Nov 19, 2020


കൊച്ചി> ‘‘കോവിഡ് കാലത്തുപോലും സർട്ടിഫിക്കറ്റിനായി കൊച്ചി കോർപറേഷൻ കയറിയിറങ്ങേണ്ട ഗതികേടാണ്. ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്ന കാര്യങ്ങളാണിതെല്ലാം. പറഞ്ഞിട്ടെന്താ കാര്യം. ഇവിടെമാത്രം ഇ–-ഗവേണൻസ് സംവിധാനം ഇല്ല. കൊല്ലം കുറെയായി. ഇതൊക്കെ ഇനി എന്ന് ശരിയാകാനാണ്.’’ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി കൊച്ചി കോർപറേഷനിലെത്തിയ തേവര സ്വദേശി സുജിത്തിന്റെ വാക്കുകളാണിവ. സുജിത്തിനെപ്പോലെ നിരവധിപേരാണ് ജനന, മരണ, -വിവാഹ സർട്ടിഫിക്കറ്റുകൾക്കും കരം അടയ്‌ക്കാനുമായി കോർപറേഷൻ  കയറിയിറങ്ങുന്നത്. കൊച്ചി കോർപറേഷന്റെ വ്യവസ്ഥയില്ലാത്ത ഇ–-ഗവേണൻസ്  സംവിധാനം ഉപയോ​ഗിച്ച് പേരും വയസ്സും വിലാസവും തെറ്റായി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ കിട്ടിയവരുമുണ്ട്.

ജില്ലയിലെ ഗ്രാമീണ, ആദിവാസി മേഖലയിലെ പഞ്ചായത്തുകൾപോലും ഓൺലൈൻ വഴി ജനന, -മരണ, വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് യുഡിഎഫ് ഭരിച്ച കൊച്ചി കോർപറേഷന്റെ ദുരവസ്ഥ. മെട്രോ നഗരത്തിൽ ജീവിച്ചിട്ടും സർട്ടിഫിക്കറ്റുകൾക്കായും കരമടയ്‌ക്കാനും കോർപറേഷൻ ഓഫീസിൽ ക്യൂ നിൽക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും സർട്ടിഫിക്കറ്റിനും അപേക്ഷ നൽകാനും കരമടയ്‌ക്കാനും  ജനം കൊച്ചി കോർപറേഷനുമുന്നിൽ കാത്തുനിന്നു.

കൊച്ചി നഗരസഭ ഒഴികെ മറ്റെല്ലായിടങ്ങളിലും ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) ആണ് ഓൺലൈൻ സേവനം ലഭ്യമാക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് കൊച്ചി, തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾക്ക് ഇ- ഗവേണൻസ് സംവിധാനം ഒരുക്കേണ്ട ചുമതല സ്വകാര്യ കമ്പനിക്ക് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, എൽഡിഎഫ് ഭരിച്ചിരുന്ന തിരുവനന്തപുരം, തൃശൂർ കോർപറേഷനുകൾ ഇതിൽനിന്ന് പിന്മാറുകയും ഐകെഎം തെരഞ്ഞെടുക്കുകയും ചെയ്തു.

യുഡിഎഫ് ഭരിച്ചിരുന്ന കൊച്ചി കോർപറേഷനാകട്ടെ, 2011ൽ വോട്ടിനിട്ട് ഐകെഎമ്മിനെ ഒഴിവാക്കി. ടിസിഎസിനെ തെരഞ്ഞെടുത്തു. 54 ആഴ്ചകൊണ്ട് ഓൺലൈൻ സംവിധാനം പ്രാവർത്തികമാക്കാമെന്ന വ്യവസ്ഥയിൽ ജനറം പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടുകോടി പത്തുലക്ഷം രൂപയ്ക്ക് കരാർ ഉണ്ടാക്കി. 

യുഡിഎഫ് ഭരണത്തിന്റെ പിടിപ്പുകേടുകൊണ്ട്  ഇ​ ​​ഗവേണൻസ് സംവിധാനം നടപ്പാക്കാതെ 2020 ജൂണോടെ ടിസിഎസ് പദ്ധതിയിൽനിന്ന് പിന്മാറി. ഇതിനിടെ അഞ്ചുകോടി ചെലവാകുകയും ചെയ്തു. 22 ഓൺലൈൻ സേവനങ്ങളുടെ മൊഡ്യൂളുകൾ പൂർത്തിയാക്കാൻ നിയോഗിച്ചിരുന്ന ടിസിഎസ് പരിമിതമായ സേവനങ്ങൾ ഓഫ്‍ലൈനായി നൽകുന്നതിനുള്ള സോഫ്‌റ്റ്‌വെയർ നിർമിക്കുകമാത്രമാണ് ചെയ്തത്. യുഡിഎഫ് ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ പ്രത്യക്ഷ ഉദാഹരണമായി നിലകൊള്ളുകയാണ് കൊച്ചി കോർപറേഷന്റെ താറുമാറായ ഇ ​ഗവേണൻസ് സംവിധാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top