16 January Saturday

തമ്മിലടിയിൽ നഷ്ടമാകുന്നത്‌ 300 കോടിയുടെ പദ്ധതി

സ്വന്തം ലേഖകൻUpdated: Monday Dec 2, 2019

കൊച്ചി > നഗരസഭാ ഭരണസമിതിയിലെ രൂക്ഷമായ അധികാരവടംവലിയും തമ്മിലടിയുംമൂലം വൻകിട പദ്ധതികൾ പ്രതിസന്ധിയിൽ. നഗരത്തിന്റെ മുഖഛായ മാറ്റേണ്ട കൊച്ചി സ്‌മാർട്ട്‌ മിഷൻ പദ്ധതികൾ മൂന്നുമാസമായി  കൗൺസിലിന്റെ അജൻഡയിൽപോലുമില്ല. ഡിസംബറിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി 2020 മാർച്ചിന്‌ തുടങ്ങാനായില്ലെങ്കിൽ സ്‌മാർട്ട്‌മിഷനിൽ പ്രധാന പദ്ധതികൾക്ക്‌ അനുവദിച്ച 300 കോടിയോളം രൂപ നഷ്ടമാകും. 2020ൽ അവസാനിക്കുന്ന സ്‌മാർട്ട്‌ മിഷൻ പദ്ധതി ഒരുവർഷംകൂടി നീട്ടിനൽകിയേക്കും. നിശ്‌ചിതസമയത്ത്‌ നിർവഹണം ആരംഭിച്ചാലേ ഇതിന്‌ അർഹതയുണ്ടാകൂ. ഈ സാഹചര്യത്തിലും  മേയർമാറ്റവും സ്ഥിരംസമിതിയിലെ അഴിച്ചുപണിയുമൊക്കെയായി തമ്മിലടിക്കുകയാണ്‌ ഭരണനേതൃത്വം.

ഭവനനിർമാണം, പ്രധാന കനാലുകളുടെ നവീകരണം, എറണാകുളം മാർക്കറ്റ്‌ നവീകരണം, ചേരികൾക്ക്‌ അടിസ്ഥാന സൗകര്യവികസനം എന്നിവ ഉൾപ്പെട്ട പദ്ധതികളാണ്‌ നഷ്ടമാകുന്നത്‌. ഫോർട്ടുകൊച്ചി തുരുത്തി കോളനിയിൽ ഭൂ–-ഭവന രഹിതർക്കായി നിർമാണമാരംഭിച്ച ഫ്ലാറ്റ്‌ സമുച്ചയം ഉപേക്ഷിച്ചമട്ടാണ്‌. രാജീവ്‌ ആവാസ്‌ യോജനയിൽ ഉൾപ്പെടുത്തിയ ഫ്ലാറ്റ്‌ നിർമാണം തുടങ്ങിയെങ്കിലും ഒന്നാംഘട്ടം പോലും പൂർത്തിയാക്കിയില്ല. വീഴ്‌ചവരുത്തിയ കരാറുകാരനെതിരെ നടപടിയെടുത്തില്ലെന്നുമാത്രമല്ല, കൗൺസിൽ പോലുമറിയാതെ നിക്ഷേപതുക തിരിച്ചുകൊടുത്തു. മേയർ സൗമിനി ജെയിനും ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദും മാത്രമറിഞ്ഞുള്ള ഇടപാടായിരുന്നു ഇത്‌. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പരാതിയിൽ വിജിലൻസ്‌ പ്രാഥമികാന്വേഷണം നടക്കുകയാണ്‌. ഇതിന്റെ ആദ്യഘട്ടം പൂർത്തിയാക്കാൻ 21 കോടി രൂപ  സ്‌മാർട്ട്‌മിഷൻ പദ്ധതിയിൽനിന്ന്‌ നൽകാമെന്ന്‌ ധാരണയുണ്ടായെങ്കിലും ആവശ്യമായ കത്ത്‌ സംസ്ഥാന സർക്കാരിന്‌ നൽകാൻപോലും നഗരസഭയ്‌ക്കായില്ല.

നഗരത്തിൽ  ചേരിപ്രദേശങ്ങളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനുമുള്ള പദ്ധതിയും അവതാളത്തിലാണ്‌. ചേരികളുടെ സർവേ യഥാസമയം പൂർത്തിയാക്കിയില്ല. സർവേ വൈകിപൂർത്തിയാക്കിയെങ്കിലും തുടർനീക്കങ്ങളില്ല. 17 ചേരി പ്രദേശങ്ങളിൽ എവിടെയാണ്‌ പദ്ധതി നടപ്പാക്കേണ്ടതെന്ന്‌ അറിയിക്കുന്നതും കാത്തിരിക്കുകയാണ്‌ സ്‌മാർട്ടമിഷൻ അധികൃതർ.  നൂറു കോടിയോളം രൂപ  ചെലവുവരുന്ന മാർക്കറ്റ്‌ നവീകരണ പദ്ധതി നഷ്ടപ്പെടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. പദ്ധതിക്ക്‌ പ്രാഥമിക നീക്കങ്ങൾപോലും ഉണ്ടായിട്ടില്ല.  

മുല്ലശേരി കനാൽ, മാർക്കറ്റ്‌ കനാൽ, കൽവത്തി കനാൽ എന്നിവയുടെ ശുചീകരണവും നവീകരണവും ലക്ഷ്യമിടുന്ന 40 കോടിയോളം രൂപയുടെ പദ്ധതിയാണ്‌ മറ്റൊന്ന്‌. നഗരത്തിലെ വെള്ളക്കെട്ടിനും കൊതുകുശല്യത്തിനുമൊക്കെ പരിഹാരമാകുന്ന പദ്ധതി നടപ്പാക്കാനും ഇതര സംസ്ഥാന ഏജൻസികളുടെ സഹകരണം തേടണം. കൈയേറ്റങ്ങൾ ഒഴിപ്പിച്ചും പുനരധിവാസം നടത്തിയും നടപ്പാക്കേണ്ട പദ്ധതിക്കായി ഒന്നും ചെയ്യനായിട്ടില്ല.  166 കോടിയോളം ചെലവുവരുന്ന, കുന്നുംപുറത്തെ സീവറേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ പദ്ധതിക്ക്‌ സ്ഥലം കണ്ടെത്തി സർവേ നടപടി തുടങ്ങാനായെങ്കിലും പ്രാദേശിക എതിർപ്പുയർന്നതോടെ നിലച്ചു. ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിന്റെ നവീകരണം, മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ നിർമാണം എന്നിവയും തുടങ്ങിയിടത്തുതന്നെ.

നാല്‌ സ്ഥിരംസമിതി അധ്യക്ഷരോട്‌ രാജിവയ്‌ക്കാൻ ഡിസിസി ആവശ്യപ്പെട്ടിട്ട്‌ ഇതുവരെ രണ്ടുപേർ മാത്രമാണ്‌ രാജി നൽകിയത്‌. മറ്റു രണ്ടുപേർകൂടി രാജി നൽകുന്ന മുറയ്‌ക്ക്‌ പുതിയ അധ്യക്ഷരെ തീരുമാനിക്കണം. തുടർന്ന്‌ സൗമിനി ജെയിനെ മേയർസ്ഥാനത്തുനിന്ന്‌ മാറ്റണം. ഇതെല്ലാം കഴിയുമ്പോൾ പല പദ്ധതികൾക്കും അനുവദിച്ചിട്ടുള്ള സമയപരിധി കഴിയും.

എൽഡിഎഫ്‌ മാർച്ച്‌ ഇന്ന്‌

കോർപറേഷൻ ദുർഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ തിങ്കളാഴ്‌ച എൽഡിഎഫ്‌ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തും. രാവിലെ പത്തിന്‌ നഗരത്തിലെ മൂന്ന്‌ കേന്ദ്രങ്ങളിൽനിന്ന്‌ ആരംഭിക്കും. ആയിരങ്ങൾ അണിനിരക്കുന്ന മാർച്ച്‌ നഗരസഭാ ആസ്ഥാനത്ത്‌ സമ്മേളിക്കും.  കൊച്ചി, പള്ളുരുത്തി മേഖലകളിൽനിന്നുള്ള പ്രവർത്തകർ ഫോർഷോർ റോഡിലും വൈറ്റില മേഖലയിലെ പ്രവർത്തകർ ജോസ് ജങ്‌ഷനിലും എറണാകുളം മേഖലയിലെ പ്രവർത്തകർ മേനക ജങ്‌ഷനിലും കേന്ദ്രീകരിച്ച്‌ മാർച്ചിൽ അണിനിരക്കും.

കോൺഗ്രസിലെ ഉൾപ്പോരിനെത്തുടർന്ന്‌ സ്‌തംഭിച്ച നഗരഭരണത്തിനെതിരെ ഹൈക്കോടതിയിൽനിന്നുപോലും നിരന്തരം വിമർശനമുയരുകയാണ്‌.  ഹൈബി ഈഡൻ എംപിയും മേയറും തമ്മിലുണ്ടായ വാക്പോരും കോൺഗ്രസിലെ ചേരിപ്പോരും ഭരണത്തെ നിശ്ചലമാക്കി. വെള്ളക്കെട്ട്, റോഡുകളുടെ ശോച്യാവസ്ഥ എന്നിവ നഗരജീവിതം ദുസ്സഹമാക്കുന്നു. നഗരത്തിന്‌ ഏറെ കുതിപ്പ്‌ നൽകുമായിരുന്ന കേന്ദ്ര പദ്ധതികളായ സ്മാർട്ട്സിറ്റിയും അമൃതും ഇഴഞ്ഞുനീങ്ങുന്നു. ലൈഫ്‌ പദ്ധതി എങ്ങുമെത്തിയിട്ടില്ല. 198 കുടുംബങ്ങളുടെ സ്വപ്നപദ്ധതിയായ ‘റേ’, കരാറുകാരനുമായിചേർന്ന് മേയർ അട്ടിമറിച്ചു. ഇതെല്ലാം നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും അധികാരത്തർക്കത്തിലും അഴിമതിയിലും മുഴുകി നഗരവാസികളോടുള്ള ഉത്തരവാദിത്തം മറക്കുകയാണ്‌ യുഡിഎഫ്‌. ഇതിനെല്ലാമെതിരെ ശക്തമായ പ്രതിഷേധമുയർത്താനാണ്‌  മാർച്ച്‌ നടത്തുന്നതെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top