26 September Saturday

കൊച്ചിയിൽ വെള്ളക്കെട്ടോ... എവിടെ!; മിണ്ടാട്ടമില്ലാതെ യുഡിഎഫ്‌ നേതൃത്വം

സ്വന്തം ലേഖകൻUpdated: Friday Jul 31, 2020

കൊച്ചി > കാര്യപ്രാപ്‌തിയില്ലാത്ത നഗരസഭയെ പിരിച്ചുവിടണമെന്ന്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പരാമർശിച്ചത്‌ കഴിഞ്ഞ ഒക്ടോബറിൽ നഗരം വെള്ളത്തിൽ മുങ്ങിയപ്പോഴാണ്. ഒമ്പതുമാസങ്ങൾക്കിപ്പുറം വീണ്ടും ജസ്‌റ്റിസ്‌ ചോദിക്കുന്നു, മുല്ലശേരി കനാൽ നവീകരണവും മറ്റു പദ്ധതികളും ജില്ലാ ഭരണനേതൃത്വത്തെ ഏൽപ്പിക്കുന്ന കാര്യം സർക്കാരിന്‌ പരിഗണിച്ചുകൂടേ എന്ന്‌. തേവര–-പേരണ്ടൂർ കനാൽ വീണ്ടും നഗരത്തെ വെള്ളത്തിൽ മുക്കിയപ്പോഴാണ്‌ വീണ്ടും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പരാമർശം. കനാൽ നവീകരണത്തിനുള്ള അമൃത്‌ പദ്ധതിയുടെ 18 കോടി എവിടെയെന്ന്‌ അന്ന്‌ കോടതി ചോദിക്കുകയും പരിശോധിക്കാൻ അമികസ്‌ ക്യൂറിയെ നിയമിക്കുകയും ചെയ്‌തു. ഓപ്പറേഷൻ ബ്രേക്ക്‌‌ത്രൂവിൽ തേവര–-പേരണ്ടൂർ കനാൽ അതുകൊണ്ടുതന്നെ ഉൾപ്പെട്ടില്ല. കനാൽ നവീകരണം പാളിയതാണ്‌ വീണ്ടും വെള്ളക്കെട്ടുണ്ടാക്കിയത്‌.

കൊച്ചി നഗരസഭയുടെ കാര്യക്ഷമതയില്ലാത്ത ഭരണമാണ്‌ നഗരത്തെ ഈ വിധത്തിലാക്കിയതെന്ന്‌ ജനം പറയുമ്പോൾ മറുപടിയില്ലാതാകുകയാണ്‌ യുഡിഎഫ്‌ നേതൃത്വത്തിന്‌‌. അഞ്ചുവർഷമായി മേയർ കോൺഗ്രസിലെ സൗമിനി ജയിൻ. അതിനുമുമ്പ്‌ അഞ്ചുവർഷം കോൺഗ്രസിലെ ടോണി ചമ്മിണി. എൽഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌  മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി നടപ്പാക്കിയ കനാൽ, കാന നവീകരണം ഇവരെല്ലാം അട്ടിമറിച്ചതാണ്‌ നഗരത്തെ ദുരിതത്തിലേക്കു നയിച്ചത്‌. ഒടുവിൽ സർക്കാർ നേരിട്ട്‌ ഓപ്പറേഷൻ ബ്രേക്ക്‌‌ത്രൂ നടപ്പാക്കി.

ദീർഘകാലം കൗൺസിലറും കഴിഞ്ഞ നാലരവർഷം ഡെപ്യൂട്ടി മേയറുമായിരുന്ന ഡിസിസി പ്രസിഡന്റാണ്‌  ഇപ്പോൾ എംഎൽഎയായ ടി ജെ വിനോദ്‌. ഡെപ്യൂട്ടി മേയർ നിയമസഭയിലേക്കു ജയിച്ചെങ്കിലും ഭൂരിപക്ഷം തീരെ ഇല്ലാതായതിനു കാരണം നഗരസഭയുടെ കഴിവുകേടും വെള്ളക്കെട്ടുമാണെന്ന്‌‌ ‌കോൺഗ്രസിൽ അന്ന്‌ പരാതി ഉയർന്നു. കഴിഞ്ഞ ഒക്ടോബറിൽ വെള്ളക്കെട്ടു‌ദിവസമായിരുന്നു തെരഞ്ഞെടുപ്പും. കോൺഗ്രസിന്റെതന്നെ എംപി ഹൈബി ഈഡൻ തന്നെയാണ്‌ അന്ന് ‌പരാതി പറഞ്ഞത്‌. നഗരസഭാ ഭരണവും നിയമസഭയിലെയും പാർലമെന്റിലെയും ജനപ്രതിനിധികളും യുഡിഎഫ്‌.

എന്നാൽ സർക്കാർ സഹായിച്ചിട്ടും ഇവരാരും വെള്ളക്കെട്ട്‌ പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനിൽക്കെയാണ്‌ നഗരം വീണ്ടും വെള്ളത്തിലായത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top