20 January Wednesday

മേയറല്ല, കോൺഗ്രസിന്‌ ഇത്‌ കീറാമുട്ടി

സ്വന്തം ലേഖകൻUpdated: Wednesday Nov 6, 2019

കൊച്ചി
ജില്ലയിൽ കോൺഗ്രസിലെ ശക്തമായ ഗ്രൂപ്പ്‌ ഏതെന്നു ചോദിച്ചാൽ മേയർ സൗമിനി ജെയിനിന്റെ ഗ്രൂപ്പ്‌ എന്ന ഉത്തരം പറയേണ്ട അവസ്ഥയിലേക്ക്‌ എത്തി കാര്യങ്ങൾ. എ, ഐ ഗ്രൂപ്പുകൾക്ക്‌ തുല്യശക്തിയുള്ള ജില്ലയിൽ രണ്ടിനോടും പോരടിച്ചും രണ്ടിന്റെയും പിന്തുണ നേടിയുമാണ്‌ സൗമിനി ജെയിൻ മേയർസ്ഥാനത്ത്‌ തുടരുന്നത്‌.
മുൻ എംപി കെ വി തോമസും പി ടി തോമസ്‌ എംഎൽഎയും മാത്രമാണ്‌ സൗമിനിക്കൊപ്പമുള്ളത്‌. അതും പരസ്യമായല്ല. അതേസമയം, എംപിമാരായ ഹൈബി ഈഡനും യുഡിഎഫ്‌ കൺവീനർ കൂടിയായ ബെന്നി ബഹനാനും മുൻ മന്ത്രിമാരായ കെ ബാബുവും ഡൊമിനിക്‌ പ്രസന്റേഷനും കെപിസിസി വൈസ്‌ പ്രസിഡന്റ്‌ കൂടിയായ വി ഡി സതീശൻ എംഎൽഎയും ഉൾപ്പെടെയുള്ളവർ സൗമിനിയോട്‌ യുദ്ധം പ്രഖ്യാപിച്ച്‌ പരസ്യമായിത്തന്നെ രംഗത്തുണ്ട്‌. എറണാകുളം ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ സൗമിനിയെ മേയർക്കസേരയിൽനിന്ന്‌ പുറത്താക്കുമെന്നായിരുന്നു ഇവരുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ട്‌ ആഴ്‌ച രണ്ടായി. ജില്ലയിലെ എ ഗ്രൂപ്പ്‌ യോഗം ചേർന്ന്‌ തീർപ്പാക്കാമായിരുന്ന വിഷയം തീരുമാനമാകാതെ  കെപിസിസിയിലും രാഷ്‌ട്രീയകാര്യസമിതിയിലും എത്തി.  ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും എ കെ ആന്റണിയും വരെ ഇടപെട്ടു. ഒടുവിൽ അന്തിമ തീരുമാനമെടുക്കാൻ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തിയിട്ട്‌ ആഴ്‌ചയൊന്നു കഴിയുന്നു.

ഇതിനിടെ മേയർ പഴയ എസ്‌എഫ്‌ഐക്കാരിയാണെന്ന്‌ ആക്ഷേപിച്ച്‌ ഹൈബി ഈഡൻ രംഗത്തുവന്നു. ഡിസിസി ആസ്ഥാനത്തെ ഇന്ദിരാഗാന്ധി അനുസ്‌മരണത്തിൽ മണ്ഡലം ഭാരവാഹിയെ നിയോഗിച്ച്‌ മേയറെ അവഹേളിച്ചു. അതിലൊന്നും കുലുങ്ങാതിരുന്ന മേയർ  നഗരത്തിൽ യുഡിഎഫ്‌ ഭരണത്തിന്റെ അന്ത്യം പ്രവചിച്ച്‌ ഒരു സ്വതന്ത്ര കൗൺസിലറെക്കൊണ്ട്‌ പിന്തുണ പിൻവലിപ്പിച്ചാണ്‌ ചൊവ്വാഴ്‌ച തിരിച്ചടിച്ചത്‌. സൗമിനിവിരുദ്ധർ തലസ്ഥാനത്ത്‌ കെപിസിസി നേതൃത്വത്തെ കാണാൻ പോയപ്പോൾത്തന്നെ ഇതു സംഭവിച്ചതും യാദൃച്ഛികമല്ല.

വീഴ്‌ത്തിയ വിജയം
എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥിയുടെ വിജയം തോൽവിയോളം ചെറുതായതിൽ മേയർ സൗമിനി ജെയിനിന്റെ പങ്ക്‌ ചെറുതല്ല. നാലുവർഷത്തെ നഗരഭരണത്തിലുണ്ടായ വമ്പൻ വീഴ്‌ചകൾ അക്കമിട്ടുനിരത്തിയാണ്‌ എൽഡിഎഫ്‌ വോട്ടുതേടിയത്‌. മാലിന്യസംസ്‌കരണത്തിലെ വീഴ്‌ച, റോഡുകളുടെ ശോച്യാവസ്ഥ, സിറ്റി ഗ്യാസ്‌ പദ്ധതി വൈകൽ, ഭവനപദ്ധതിയിലെ അഴിമതി തുടങ്ങി ഭരണപരാജയങ്ങൾ ഒന്നൊന്നായി നിരന്നപ്പോൾ യുഡിഎഫിന്റെ ഉറച്ച മണ്ഡലത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി വെള്ളംകുടിച്ചു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ വി ഡി സതീശൻ രണ്ടുവട്ടം വാർത്താസമ്മേളനം വിളിച്ച്‌ കോർപറേഷനെതിരെ ഉയർന്ന ആരോപണങ്ങൾക്ക്‌ മറുപടി പറഞ്ഞു. ഒടുവിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി ടി ജെ വിനോദ്‌ വിജയിച്ചതിനു പിന്നാലെ സൗമിനി ജെയിനെതിരെ ആദ്യവെടി പൊട്ടിച്ച്‌ രംഗത്തുവന്നത്‌ ഹൈബി ഈഡൻ എംപിയാണ്‌. പിന്നാലെ ബെന്നി ബഹനാനും വി ഡി സതീശനും കെ ബാബുവും കുറ്റപത്രം തുറന്നു. വീഴ്‌ചകളിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന മേയറുടെ മറുപടിയിൽ പക്ഷേ, അവർക്ക്‌ ഉത്തരംമുട്ടി.

 

മേയർക്കെന്താ കൊമ്പുണ്ടോ
ഭരണവീഴ്‌ച വിട്ടേക്ക്‌, നേരത്തെയുണ്ടായിരുന്ന ധാരണപ്രകാരം മേയർക്ക്‌ മാറിക്കൂടെ എന്നായി എതിർപക്ഷം. രണ്ടരവർഷത്തിനുശേഷം മേയർസ്ഥാനം ഒഴിയാമെന്ന്‌ വാക്കാൽ ധാരണയുണ്ടായിരുന്നതായി എതിർപക്ഷം പറയുന്നുണ്ടെങ്കിലും അക്കാര്യം സൗമിനി ഇതുവരെ പരസ്യമായി സമ്മതിച്ചിട്ടില്ല. നഗരത്തിലെ ഒരു പ്രധാന ഹോട്ടലിൽ യോഗം ചേർന്നാണ്‌ ധാരണയുണ്ടാക്കിയതെന്ന്‌ ഐ ഗ്രൂപ്പിലെ പ്രമുഖ നേതാവ്‌ പറഞ്ഞു. രണ്ടരവർഷത്തിനുശേഷം സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടപ്പോൾ മകളുടെ വിവാഹം കഴിയുംവരെ ക്ഷമിക്കാൻ അവർ അഭ്യർഥിച്ചു. അതിനുപിന്നാലെ മഹാപ്രളയവും ശബരിമല സ്‌ത്രീപ്രവേശ വിഷയവും ലോക്‌സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പുകളുമൊക്കെ വന്നതും മേയർമാറ്റ പ്രശ്‌നം അപ്രധാനമാക്കി. എന്നാൽ, എറണാകുളം ഉപതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഗ്രൂപ്പ്‌ ഭേദമില്ലാത്ത വീണ്ടുവിചാരത്തിനു കാരണമായി. അതുവരെ എ ഗ്രൂപ്പിന്റെ മാത്രം ആഭ്യന്തരകാര്യമായിരുന്ന മേയർമാറ്റം യുഡിഎഫിന്റെയാകെ അജൻഡയായി.

പഴയൊരു പണക്കിലുക്കം
കോൺഗ്രസ്‌ രാഷ്‌ട്രീയത്തിൽ കാര്യമായ പരിചയമൊന്നുമില്ലാതിരുന്ന സൗമിനി വലിയ എതിർപ്പുകളെ നേരിട്ടാണ്‌ മേയർസ്ഥാനം എത്തിപ്പിടിച്ചത്‌. വനിതാ സംവരണമുണ്ടായിരുന്ന മേയർസ്ഥാനത്തേക്ക്‌ സൗമിനിയുടെ പേര്‌ പരിഗണിച്ചിരുന്നു. എന്നാൽ, യുഡിഎഫ്‌ ഭൂരിപക്ഷം നേടിയതിനു പിന്നാലെ മറ്റു മൂന്ന്‌ പേരുകൾകൂടി ഉയർന്നുവന്നു. അതിലൊന്ന്‌ കോൺഗ്രസുകാർക്കുപോലും മുൻപരിചയമില്ലാതിരുന്ന ഒരാളുടെതായിരുന്നു. എ ഗ്രൂപ്പിലെ ഒരു വിഭാഗം ഉയർത്തിക്കാണിച്ച മേയർ സ്ഥാനാർഥിക്കെതിരെ പേമെന്റ്‌ സീറ്റ്‌ എന്ന ആക്ഷേപമുയർന്നു. മേയർസ്ഥാനം വാഗ്‌ദാനം ചെയ്‌താണ്‌ അവരെ മത്സരിപ്പിച്ചതെന്നും അതിന്‌ വലിയ തുക നേതാക്കൾ കൈപ്പറ്റിയെന്നുമുള്ള ആരോപണം ശരിവയ്‌ക്കുന്ന കാര്യങ്ങളാണ്‌ പിന്നീടുണ്ടായത്‌. മേയർസ്ഥാനത്തേക്ക്‌ കെപിസിസി നിർവാഹകസമിതി നൽകിയ നിർദേശങ്ങൾപോലും അവർക്കായി ലംഘിക്കാൻ ശ്രമമുണ്ടായി. ഒടുവിൽ വി എം സുധീരൻ നേരിട്ട്‌ ഇടപെട്ടാണ്‌ സൗമിനിയെ മേയറാക്കിയത്‌. എന്നാൽ, ഇതേ നേതാക്കൾ ഇടപെട്ട്‌ രണ്ടരവർഷത്തിനുശേഷം സൗമിനി മാറണമെന്ന ധാരണയുണ്ടാക്കി. അതിന്റെ പേരിൽ ഇപ്പോഴുണ്ടാകുന്ന കോലാഹലങ്ങൾ പഴയ പണക്കിഴി ഇടപാടിന്റെ ബാക്കിയാണെന്നും ആരോപണമുയരുന്നു.

 

മേയർ അതുക്കും മേലേ
കൗൺസിലിൽ യുഡിഎഫിനുള്ള നേരിയ ഭൂരിപക്ഷവും അതിന്റെ വരുംവരായ്‌കകളും  ഇടയ്‌ക്കിടെ നേതൃത്വത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ്‌ സൗമിനിയുടേത്‌. ഭരണത്തിൽ വരുമ്പോൾ 35 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിന്‌ എം പ്രേമചന്ദ്രന്റെ മരണത്തോടെയുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ പോയി. ശേഷിക്കുന്ന 34ൽ ഒന്ന്‌ ടി ജെ വിനോദ്‌ എംഎൽഎയായതോടെ കുറഞ്ഞു. പിന്നെയുള്ള 33നൊപ്പം രണ്ടു ലീഗ്‌ സീറ്റും ഒരു കോൺ. എം സീറ്റും ഒരു സ്വതന്ത്രയുടെ പിന്തുണയും കൂട്ടിയാൽ 37.  സ്വതന്ത്ര അംഗം ഗീതാ പ്രഭാകരൻ  ചൊവ്വാഴ്‌ച പിന്തുണ പിൻവലിച്ചതോടെ യുഡിഎഫ്‌ ആകെ 36 മാത്രം. എൽഡിഎഫിന്‌ 33 സീറ്റുണ്ടായിരുന്നത്‌ വൈറ്റില ജനത ഉപതെരഞ്ഞെടുപ്പു വിജയത്തോടെ 34 ആയി. യുഡിഎഫുമായുള്ള വ്യത്യാസം രണ്ടു സീറ്റിന്റേത്‌. എട്ട്‌ സ്ഥിരംസമിതികളിൽ ഒന്നു മാത്രമുണ്ടായിരുന്ന എൽഡിഎഫിന്‌ നിലവിൽ മൂന്നു സമിതികളിൽ മേൽക്കൈയുണ്ട്‌. പിന്തുണ പിൻവലിച്ച കൗൺസിലർ എൽഡിഎഫിനൊപ്പം നിന്നാൽ കൗൺസിലിൽ യുഡിഎഫിന്‌ ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷമാണുണ്ടാകുക. ബിജെപി യുഡിഎഫിനൊപ്പവുമില്ലാത്ത അവസ്ഥയിൽ പ്രതിപക്ഷത്ത് യുഡിഎഫിനേക്കാൾ ഒരംഗം കൂടുതലാണ്‌. മാനാശേരി ഡിവിഷനിലെ ജോസ്‌ മേരി സൗമിനിക്ക്‌ പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്‌ യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നു.

ആപ്പിലായ കെപിസിസി
13ന്‌ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ മേയർമാറ്റം വേണ്ടെന്നാണ്‌ കെപിസിസിയുടെ തീരുമാനം. നിലവിലെ കക്ഷിനിലയനുസരിച്ച്‌ ഡെപ്യൂട്ടി മേയർ സ്ഥാനം കൈവിടാനുള്ള സാധ്യതയേറെ.

മേയറെയും സ്ഥിരംസമിതി അധ്യക്ഷരെയും നീക്കിയുള്ള അഴിച്ചുപണി സ്ഥിതി കൂടുതൽ ഗുരുതരമാക്കും. ലീഗിന്റെ സ്ഥിരംസമിതി അധ്യക്ഷനെ മാറ്റുന്നതിനെ അവർ എതിർത്തിട്ടുണ്ട്‌. സൗമിനിയെ അനുകൂലിക്കുന്ന ക്ഷേമ സ്ഥിരംസമിതി അധ്യക്ഷൻ എ ബി സാബുവും പിണങ്ങിയേക്കും. യുഡിഎഫിലെ ചേരിതിരിവ്‌ പ്രകടമായിരിക്കെ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ സുഗമമായി പൂർത്തിയാക്കി മറ്റു കാര്യങ്ങളിലേക്ക്‌ പോകാമെന്നാണ്‌ കെപിസിസി കണക്കുകൂട്ടുന്നത്‌.

എന്നാൽ, മേയർമാറ്റം 13നുമുമ്പ്‌ വേണമെന്നാണ്‌ സൗമിനിവിരുദ്ധർ കെപിസിസിക്ക്‌ നൽകിയ അന്ത്യശാസനം. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്‌ കുഴപ്പമില്ലാതെ കഴിഞ്ഞാൽ സൗമിനിക്ക്‌ ഒരുവർഷംകൂടി മേയറായി തുടരാൻ വേറെ പ്രതിബന്ധങ്ങളില്ലെന്നാണ്‌ അവരുടെ വാദം. സൗമിനി ഒഴിയാൻ വിസമ്മതിച്ചാൽ മാറ്റാൻ വേറെ വഴികളില്ല. പ്രതിപക്ഷ അവിശ്വാസത്തെ പിന്തുണയ്‌ക്കാമെന്നു വച്ചാൽ അതിനും സാധ്യതയില്ല. രണ്ടുമാസം മുമ്പാണ്‌ ഒടുവിൽ അവിശ്വാസം വന്നത്‌. ഇനി നാലുമാസം കാത്തിരിക്കണം. ആറുമാസം മാത്രം കാലാവധി ബാക്കിനിൽക്കെ പ്രതിപക്ഷം അതിനു തയ്യാറാകില്ലെന്നും  സൗമിനിവിരുദ്ധപക്ഷം കരുതുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top