17 January Sunday

ചിരിപ്പിച്ചുകൊല്ലും ഈ പ്രകടനപത്രിക

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


കൊച്ചി
കൊച്ചിക്കാരെ ചിരിപ്പിച്ച്‌ കൊല്ലും എന്നാണ്‌ നഗരസഭയിലെ യുഡിഎഫ്‌ പ്രകടനപത്രിക പുറത്തിറക്കിയതിന്‌ പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന എണ്ണമറ്റ ട്രോളുകളിൽ ഒന്ന്‌. കഴിഞ്ഞ 10 വർഷം ശ്രമിച്ചിട്ടും ഇ ഗവേണൻസ്‌ പോലും നടപ്പാക്കാനാകാത്ത യുഡിഎഫ്‌, ഭരണത്തിൽ വന്നാൽ കൊച്ചിയെ സമ്പൂർണ വൈഫൈ നഗരവും ഇ സിറ്റിയും ആക്കുമെന്നാണ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം. നഗരസഭയ്‌ക്ക്‌ കീഴിലെ മുഴുവൻ ആശുപത്രികളെയും മെഡിക്കൽ കോളേജ്‌ നിലവാരത്തിലാക്കാനുള്ള സ്‌മാർട്ട്‌ ഹോസ്‌പിറ്റൽസ്‌, സ്‌കൂളുകൾക്കുള്ള സ്‌മാർട്ട്‌ സ്‌കൂൾസ്‌ പദ്ധതി എന്നിവ പ്രകടനപത്രികയിലുണ്ട്‌. സാമൂഹ്യ മാധ്യമങ്ങൾ ട്രോളി കൊല്ലുന്ന വാഗ്‌ദാനങ്ങൾ വേറെയും നിരവധി. ചിലതുമാത്രം ചുവടെ.

അഴിമതിയിൽ മൗനം
അഴിമതിക്കെതിരെ ഒരു വോട്ട്‌ എന്നതാണ്‌ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മുദ്രാവാക്യം. കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ പുറത്തിറക്കിയ പ്രകടനപത്രികയിൽ അതേക്കുറിച്ച്‌ മിണ്ടുന്നില്ല.  മേയർസ്ഥാനത്തേക്ക്‌ ഉയർത്തിക്കാണിക്കുന്ന എൻ വേണുഗോപാൽ വിജിലൻസ്‌, പൊലീസ്‌ കേസുകളിൽ പ്രതിയാണെന്നത്‌ ചർച്ചയായിക്കഴിഞ്ഞു. അധികാരമൊഴിഞ്ഞ യുഡിഎഫ്‌ കൗൺസിലിനെതിരെയും ഗുരുതര അഴിമതി ആക്ഷേപങ്ങളാണുള്ളത്‌. തുരുത്തി കോളനിവാസികൾക്കുള്ള റേ ഭവന പദ്ധതിയിൽ കരാറുകാരന്‌ പണം നൽകിയതുമുതൽ നികുതി പിരിവിൽവരെ.

ക്ലീൻസിറ്റി
കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ ആധുനിക ശാസ്ത്രീയ മാർഗങ്ങളിലൂടെ കൊച്ചിയെ മാലിന്യവിമുക്തമായ നഗരമാക്കി മാറ്റാനുള്ള കർമപദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കും–- ഇതാണ്‌ വാഗ്‌ദാനം. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനെ നിർജീവമാക്കിയതാണ്‌ കഴിഞ്ഞ 10 വർഷത്തെ  ഭരണത്തിലെ പ്രധാന നേട്ടം. മൂന്നുതവണ പ്ലാസ്‌റ്റിക്‌ മാലിന്യത്തിൽ വൻ തീപിടിത്തം. മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന, മുഖ്യമന്ത്രി ശിലയിട്ട പ്ലാന്റിന്‌ ഭൂമി നൽകാതെ പദ്ധതി ഇല്ലാതാക്കി.

ഇൻസിനറേഷൻ, ഗ്യാസിഫിക്കേഷൻ, പൈറോളിസിസ്, തെർമൽ ഡിപോളിമറൈസേഷൻ  സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ പ്ലാന്റ്  2021 ജൂണിൽ കമീഷൻ ചെയ്യുമെന്നാണ്‌ പ്രകടനപത്രിക പറയുന്നത്‌.

ആധുനിക റോഡുകൾ
പള്ളുരുത്തി 40 അടി റോഡ്, തമ്മനം–--പുല്ലേപ്പടി റോഡ്‌ അടക്കമുള്ള എല്ലാ റോഡുകളുടേയും സ്ഥലമെടുപ്പ് പൂർത്തിയാക്കി ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും എന്നാണ്‌ മറ്റൊരു വാഗ്‌ദാനം. കഴിഞ്ഞ 10 വർഷവും പൂർത്തീകരിക്കാനാകാതിരുന്ന രണ്ട്‌ റോഡുകളാണിത്‌. കൊച്ചിയിലെ റോഡ്‌ നന്നാക്കാൻ അമേരിക്കയിൽനിന്ന്‌ ആളെ കൊണ്ടുവരണോ എന്ന്‌ ചോദിച്ചത്‌ ഹൈക്കോടതിയാണ്‌. മെട്രോ പദ്ധതിയുടെ ഭാഗമായി കെഎംആർഎലാണ്‌ നഗരത്തിലെ പല റോഡുകളും നവീകരിച്ചത്‌.

ആധുനിക സ്ലോട്ടർ ഹൗസുകൾ
നഗരത്തിലെ രണ്ട് പ്രധാന അറവുശാലകൾ ആധുനികരീതിയിൽ  പുനർനിർമിക്കും. എഫ്ലുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കൊയാഗുലേഷൻ യൂണിറ്റ് എന്നിവയും ഉണ്ടാകും– ഇതാണ്‌- മറ്റൊരു വാഗ്‌ദാനം. മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാത്തതിന്റെ പേരിൽ കഴിഞ്ഞ ജൂലൈ 27 നാണ്‌ കലൂർ അറവുശാല അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്‌. പലതവണ കോടതി ആവശ്യപ്പെട്ടിട്ടും കോടതി നിർദേശം പാലിച്ചില്ല. തുടർന്നായിരുന്നു പൂട്ടൽ.  കടുത്ത നടപടികളിലേക്ക്‌ പോകുന്നില്ലെന്നും ഒരു അവസാന അവസരംകുടി തരാമെന്നുമാണ്‌ ഒടുവിൽ കഴിഞ്ഞ ആഗസ്‌ത്‌ 14ന്‌ കോടതി പറഞ്ഞത്‌.

വെള്ളക്കെട്ടിന് പരിഹാരം
വെള്ളക്കെട്ട്‌ പരിഹരിക്കാൻ സമഗ്ര സ്റ്റോംവാട്ടർ മാനേജ്‌മെന്റ് സംവിധാനം. എല്ലാ കനാലുകളും ആധുനിക രീതിയിൽ പുതുക്കിപ്പണിത് നീരൊഴുക്ക് സുഗമമാക്കിക്കൊണ്ടായിരിക്കും ഈ പദ്ധതി നടപ്പാക്കുക എന്നും പ്രകടനപത്രിക.
മുല്ലശേരി കനാൽ നവീകരണം നഗരസഭ ചെയ്യേണ്ട; ബ്രേക്‌ത്രൂവിന്‌ കൈമാറാനുമാണ്‌ ഒടുവിൽ ഹൈക്കോടതി പറഞ്ഞത്‌. പേരണ്ടൂർ കനാൽ നവീകരണത്തിൽ അടിമുടി പിഴവുണ്ടായെന്നും കണ്ടെത്തി. എറണാകുളം ഉപതെരഞ്ഞെടുപ്പ്‌ ദിവസവും ഇക്കഴിഞ്ഞ ജൂലൈയിലും നഗരത്തിലുണ്ടായ വെള്ളക്കെട്ടും നഗരസഭയുടെ നിഷ്‌ക്രിയതയും നഗരവാസികൾ മറക്കാനിടയില്ല. 

പുതിയ ഭരണകേന്ദ്രം
കൊച്ചി കോർപറേഷന്റെ പുതിയ ആസ്ഥാനമന്ദിര നിർമാണം ഒരുവർഷത്തിനുള്ളിൽ പൂർത്തീകരിക്കും–- 10 വർഷവും അണുവിട അനങ്ങാത്ത പദ്ധതി. 2007ൽ എൽഡിഎഫ്‌ കൗൺസിലാണ്‌ നിർമാണത്തിന്‌ ശിലയിട്ടത്‌. എന്നാൽ, തുടർന്നുവന്ന ആദ്യ യുഡിഎഫ്‌ കൗൺസിൽ അനങ്ങിയില്ല. ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ 2015ൽ പുനർനിർമാണ ഉദ്‌ഘാടനവും നടത്തി. അഞ്ചുവർഷത്തിനുശേഷവും തുടങ്ങിയിടത്തു തന്നെ.

കോവിഡ് പ്രതിരോധം
കോവിഡ്‌ പ്രതിരോധ സംവിധാനങ്ങൾ നടപ്പിലാക്കും. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങൾ ആരംഭിക്കും–-വാഗ്ദാനങ്ങളിൽ മറ്റൊന്ന്‌. കോവിഡ്‌ കാലത്ത്‌ കോർപറേഷൻ ഓഫീസിൽ സാനിറ്റൈസർ വച്ചതുപോലും പ്രതിപക്ഷപ്രതിഷേധത്തിനുശേഷമാണ്‌. ലോക്ക്‌ഡൗൺ സമയത്ത്‌ സമൂഹ അടുക്കളയ്‌ക്ക്‌ സഹായം നൽകാത്ത സംസ്ഥാനത്തെ ഏക നഗരസഭയും കൊച്ചിയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top