13 May Thursday

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

സ്വന്തം ലേഖകൻUpdated: Monday Apr 12, 2021

കോഴിക്കോട്‌ > മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ കണ്ണൂരിലെ  വീട്ടിൽനിന്ന് വിജിലൻസ്  അരക്കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. നിരവധി അനധികൃത ഇടപാടുകളുടെ രേഖകളും ലഭിച്ചു.  ഷാജിയുടെ കോഴിക്കോടും കണ്ണൂരിലുമുള്ള വീടുകളിൽ തിങ്കളാഴ്‌ച രാവിലെ തുടങ്ങിയ പരിശോധനയിലാണ്‌ ഇവ കണ്ടെത്തിയത്‌‌. 

ഷാജിയുടെ അനധികൃത സ്വത്ത് സംബന്ധിച്ച്‌  അഡ്വ. എം ആർ ഹരീഷ്‌ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി. വരവിൽ കവിഞ്ഞ്‌ സ്വത്തുണ്ടെന്ന്‌ കോടതിക്ക്‌ റിപ്പോർട്ടും ‌നൽകി. ഇതിൽ വിജിലൻസിന്‌ സ്വന്തം നിലയിൽ കേസെടുക്കാമെന്ന്‌ ‌ ‌ വിജിലൻസ്‌ കോടതി വിധിച്ചു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ പ്രത്യേകാനുമതി വേണ്ടെന്നും വ്യക്തമാക്കി. തുടർന്നാണ്‌ വിജിലൻസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയത്‌.  ഷാജിയെക്കുറിച്ചുള്ള പരാതികൾ നേരത്തെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും  അന്വേഷിച്ചിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്‌ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ  ഷാജി കൈപ്പറ്റിയെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.

ഷാജിയുടെ കണ്ണൂർ അഴീക്കോട്ടെയും കോഴിക്കോട്‌ മാലൂർക്കുന്നിലെയും വീടുകൾ ഭാര്യ ആശയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തതാണ്‌. ആഢംബര വീട് നിർമാണവുമായി ബന്ധപ്പെട്ട് വരുമാന സ്രോതസ്സ്‌ കാണിക്കാൻ  ഷാജിക്ക് കഴിഞ്ഞില്ല. തദ്ദേശ  സ്ഥാപനങ്ങളെ ഉൾപ്പെടെ കബളിപ്പിച്ചാണ്  ഷാജി വീട് നിർമിച്ചത്. അഴിമതി വാർത്തയായതിന്‌  പിന്നാലെ വീട് നിർമാണം ക്രമപ്പെടുത്താൻ  ഷാജി അപേക്ഷ നൽകി. എന്നാൽ ഈ അപേക്ഷയിലും  കൃത്രിമം ഉണ്ടായിരുന്നുവെന്ന്‌  പിന്നീട് തെളിഞ്ഞു. പരിശോധന രാത്രി 11ഓടെ അവസാനിച്ചു. വിജിലൻസ്‌ എസ്‌പി പി ശശിധരന്റെ നേതൃത്വത്തിലാണ്‌ കോഴിക്കോട്ടെ പരിശോധന‌.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പണമല്ലിതെന്ന്‌ ഷാജി വിശദീകരിച്ചു. ബന്ധുവിന്റെ ഭൂമി ഇടപാടിനായി കൊണ്ടുവെച്ച പണമാണതെന്നും ഷാജി ഉദ്യോഗസ്ഥരെ അറിയിച്ചു. രേഖകൾ ഹാജരാക്കാൻ ഒരു ദിവസത്തെ സമയവും തേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top