18 February Monday

ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

ചെങ്ങന്നൂര്‍ > ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായ കെ കെ രാമചന്ദ്രന്‍നായര്‍ അന്തരിച്ചു. 65 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലിന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്ന് അപ്പോളോയിലേക്ക് മാറ്റിയത്. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ ചെങ്ങന്നൂരിലെ വീട്ടുവളപ്പില്‍.

ഞായറാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിച്ച  മൃതദേഹം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പിന്നീട് സ്വകാര്യാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ 10 വരെ തിരുവനന്തപുരം വിജെടി ഹാളിലും ഉച്ചകഴിഞ്ഞ് സിപിഐ എം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനുവയ്ക്കും. പകല്‍ 12ന് പന്തളത്തു നിന്നു വിലാപയാത്രയായാണ് മൃതദേഹം ചെങ്ങന്നൂരില്‍ കൊണ്ടുവരിക.

ചെങ്ങന്നൂര്‍ ആല ഭാസ്കരവിലാസം കരുണാകരന്‍നായരുടെയും ഭാരതിയമ്മയുടെയും മകനാണ്. ഭാര്യ: കോട്ടാങ്ങല്‍ ഇടത്തറ കുടുംബാംഗം പൊന്നുമണി. മകന്‍: പ്രശാന്ത് (എന്‍ജിനിയര്‍). സഹോദരങ്ങള്‍: ഭാസ്കരന്‍നായര്‍, ഡോ. രാധാകൃഷ്ണന്‍, രത്നമ്മ, ശോഭനകുമാരി, പരേതനായ വിജയമോഹനകുമാര്‍.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയ അദ്ദേഹം ചെങ്ങന്നൂര്‍ കോടതിയില്‍ അഭിഭാഷകനായി. എസ്എഫ്ഐയുടെ ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളില്‍ അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ ചെങ്ങന്നൂര്‍ താലൂക്ക് സെക്രട്ടിയായും സിപിഐ എം താലൂക്ക്- ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിരവധി യൂണിയനുകളുടെ ഭാരവാഹിയായിരുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ കെ കെ രാമചന്ദ്രന്‍നായര്‍ കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥിനെ 7983 വോട്ടിനാണ് തോല്‍പ്പിച്ചത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ചെങ്ങന്നൂരില്‍നിന്ന് മത്സരിച്ചിരുന്നു. നല്ല സംഗീതാസ്വാദകനായിരുന്ന ചെങ്ങന്നൂര്‍കാരുടെ പ്രിയപ്പെട്ട 'കെ കെ ആര്‍' കലാ സാംസ്കാരിക വേദികളില്‍ സജീവമായിരുന്നു.
മരണവിവരമറിഞ്ഞ് മന്ത്രി ടി പി രാമകൃഷ്ണന്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. 

ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം > കെ കെ രാമചന്ദ്രന്‍ നായരുടെ അകാല നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹത്തിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്. അഭിഭാഷകനെന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ച രാമചന്ദ്രന്‍നായര്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ ഏവരുടെയും ആദരവ് പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മികച്ച പാര്‍ലമെന്റേറിയന്‍ : കോടിയേരി
തിരുവനന്തപുരം > മികച്ച പാര്‍ലമെന്റേറിയനും സംഘാടകനുമായിരുന്നു കെ കെ രാമചന്ദ്രന്‍നായരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നിയമസഭാംഗമെന്ന നിലയില്‍ സഭയ്ക്കകത്തും പുറത്തും ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ജനങ്ങളെ കേള്‍ക്കുന്നതിലും അവരോടൊപ്പം നില്‍ക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ സിപിഐ എമ്മിലെത്തിയ രാമചന്ദ്രന്‍നായര്‍ സമരപോരാട്ടങ്ങളിലും സജീവമായിരുന്നു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചു. നല്ലൊരു ജനപ്രതിനിധിയായിരുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിനും പൊതുപ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് -കോടിയേരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

സാധാരണക്കാരുടെ നേതാവ്: വി എസ്
തിരുവനന്തപുരം > ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അനുശോചിച്ചു. എംഎല്‍എ എന്ന നിലയില്‍ മാത്രമല്ല, സിപിഐ എം നേതാവ് എന്ന നിലയില്‍ചെങ്ങന്നൂര്‍ താലൂക്കിലും ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലും തൊഴിലാളി ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹം.

തികച്ചും സാധാരണക്കാരനായി എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആലപ്പുഴ ജില്ലയിലെ പാര്‍ടിക്കും ഇടതുപക്ഷപ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

നഷ്ടമായത് അടുത്ത സുഹൃത്തിനെ: ചെന്നിത്തല
തിരുവനന്തപുരം > കെ കെ രാമചന്ദ്രന്‍നായര്‍ എംഎല്‍എയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. നാട്ടുകാരനും വ്യക്തിപരമായി അടുത്ത സുഹൃത്തുമായിരുന്നു കെ കെ രാമചന്ദ്രന്‍നായര്‍. രാഷ്ട്രീയത്തിന് ഉപരിയായി എല്ലാവരുമായി എന്നും സ്നേഹവും സൌഹൃദവും പുലര്‍ത്തുന്ന ഒരു പൊതു പ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതിഭാശാലിയായ സാമാജികന്‍: സ്പീക്കര്‍
കോഴിക്കോട് > നിയമസഭയില്‍ അച്ചടക്കവും ചിട്ടയുമുള്ള സാമാജികനായിരുന്നു കെ കെ രാമചന്ദ്രന്‍ നായരെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പ്രതിഭാശാലിയായ സാമാജികനെയാണ് നഷ്ടപ്പെട്ടത്-സ്പീക്കര്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top