22 May Wednesday

കേവലം കണ്ണൂരിന്റെ പ്രശ്‌നം മാത്രമല്ല ടീച്ചര്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്; ഭാഷ പോലും അതിനൊരു പ്രശ്‌നമായിരുന്നില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ജനങ്ങളുടെ, നാടിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റിന്റേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കുന്നതിന് ഹിന്ദിയാണുചിതം എന്നുമനസ്സിലാക്കി ധൈര്യപൂര്‍വം ഹിന്ദിയിലുള്‍പ്പടെ സംസാരിക്കുന്നതിന് ടീച്ചര്‍ ശ്രദ്ധിച്ചിരുന്നതായി പാര്‍ലമെന്റ് രേഖകള്‍തന്നെ വ്യക്തമാക്കുന്നു. നാടിന്റെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ടീച്ചര്‍ക്ക് ഭാഷപോലും ഒരു പ്രശ്‌നമേ ആയിരുന്നില്ല; കെ കെ രാഗേഷ് എം പി  എഴുതുന്നു

പി കെ ശ്രീമതി ടീച്ചറുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ വളരെ മികച്ചത് എന്നാവും ഞാന്‍ ഉത്തരം നല്‍കുക. വെറുതെ ഉത്തരം നല്‍കുന്നതല്ലിത്. രാജ്യസഭാംഗങ്ങള്‍ക്ക് ലോക്‌സഭയിലെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും തിരിച്ചും പ്രത്യേകം ഇരിപ്പിടമുണ്ട്.അത്തരത്തില്‍ എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതും കണ്ണൂര്‍ മണ്ഡലത്തിലെ താമസക്കാരന്‍, പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ ബോധ്യപ്പെട്ടതും പാര്‍ലമെന്റ് രേഖകളും ഇക്കാര്യം അടിവരയിടുന്നതാണ്.

ജനങ്ങളുടെ, നാടിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റിന്റേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ശ്രദ്ധയില്‍പ്പെടുത്തി പരിഹാരമുണ്ടാക്കുന്നതിന് ഹിന്ദിയാണുചിതം എന്നുമനസ്സിലാക്കി ധൈര്യപൂര്‍വം ഹിന്ദിയിലുള്‍പ്പടെ സംസാരിക്കുന്നതിന് ടീച്ചര്‍ ശ്രദ്ധിച്ചിരുന്നതായി പാര്‍ലമെന്റ് രേഖകള്‍തന്നെ വ്യക്തമാക്കുന്നു. നാടിന്റെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ടീച്ചര്‍ക്ക് ഭാഷപോലും ഒരു പ്രശ്‌നമേ ആയിരുന്നില്ല.

അതുതന്നെയാണ് പി.കെ ശ്രീമതി ടീച്ചറുടെ വിജയവും. കേവലം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വിഷയങ്ങള്‍ മാത്രമല്ല ടീച്ചര്‍ ലോക്‌സഭാശ്രദ്ധയില്‍ പെടുത്തിയത് എന്നതും കാണാന്‍ സാധിക്കും.

രേഖകള്‍ പരിശോധിച്ചാല്‍, ടീച്ചര്‍ നടത്തിയ ലോക്‌സഭാ ചോദ്യങ്ങളുടെ എണ്ണം 511 ആണ്. ഇത് സംസ്ഥാന-ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. അതായത് നാടിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്റെ മുന്നിലെത്തിക്കാന്‍ ടീച്ചര്‍ക്ക് കൃത്യമായി സാധിച്ചു എന്നതിന്റെ തെളിവാണിത്. മറ്റൊന്ന് ലോക്‌സഭയിലെ ഹാജരാണ്.

 ശ്രീമതി ടീച്ചറുടെ ഹാജര്‍ 77 % ആണ്. ഇതും ഒട്ടും താഴെയല്ല. അതായത് നിര്‍ണായകഘട്ടങ്ങളില്‍ വിമാനം വൈകുകയോ, പാര്‍ലമെന്റില്‍ നിന്നും മുങ്ങി കല്യാണത്തിന് പോവുകയോ ചെയ്തില്ലെന്ന് ചുരുക്കം. ലോക്‌സഭയില്‍ ഡിബേറ്റിന്റെ എണ്ണമെടുത്താലും ഒട്ടും പിറകിലല്ല നിലവിലെ കണ്ണൂര്‍ എം.പി എന്ന് കാണാം. ലോക്‌സഭാ സംവാദങ്ങളില്‍ 167 എണ്ണത്തില്‍ ടീച്ചര്‍ പങ്കെടുത്തിരുന്നു എന്നതും പാര്‍ലിമെന്റ് രേഖ വിളിച്ചുപറയുന്നുണ്ട്.

ഈ പാര്‍ലമെന്റ് രേഖകള്‍, ടീച്ചര്‍ക്ക് മുമ്പ് കണ്ണൂര്‍ എം.പിയായിരുന്ന കെ സുധാകരന്റെ ലോക്‌സഭയിലെ പ്രവര്‍ത്തനവുമായി തട്ടിച്ചുനോക്കി പരിശോധിച്ചാല്‍ ശ്രീമതി ടീച്ചര്‍ വളരെയേറെ മുന്നിലാണെന്ന് കാണാന്‍ കഴിയും. എം പി ആയിരുന്ന അഞ്ച് വര്‍ഷക്കാലയളവില്‍ സുധാകരന്‍ പങ്കെടുത്ത ലോക്‌സഭാ ഡിബേറ്റിന്റെ എണ്ണം തീര്‍ത്തും ശുഷ്‌ക്കം.

 എം പി യായിരുന്ന 5 വര്‍ഷം വെറും 14 ഡിബേറ്റ് മാത്രം. സംസ്ഥാന-ദേശീയ ശരാശരിക്കും താഴെയായിരുന്നു അന്ന് കണ്ണൂര്‍ മണ്ഡലം എംപിയായിരുന്ന  സുധാകരന്റെ പാര്‍ലിമെന്റിലെ പെര്‍ഫോമന്‍സ്. ലോക്‌സഭാ ചോദ്യങ്ങളുടെ കാര്യത്തിലും ടീച്ചര്‍ക്ക് എത്രയോ പിന്നിലാണ് സുധാകരന്റെ സ്ഥാനം. 292 ചോദ്യങ്ങള്‍ മാത്രമാണ് എംപി യായിരുന്ന അഞ്ച് വര്‍ഷക്കാലയളവില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ കുറവാണെന്ന് പാര്‍ലമെന്റ് രേഖകള്‍ത്തന്നെ പറയുന്നു. ഹാജരാവട്ടെ സംസ്ഥാന-ദേശീയ ശരാശരിയേക്കാള്‍ താഴെയുമായിരുന്നു. അതായത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൃത്യമായി പാര്‍ലമെന്റിന് മുന്നിലെത്തിക്കുന്നതില്‍ സുധാകരനേക്കാള്‍  ശ്രീമതി ടീച്ചര്‍ ഏറെയേറെ മുന്നിലായിരുന്നു എന്നുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍തന്നെ വിളിച്ചുപറയുന്നത്.

ഇനി, എം.പി എന്നനിലയില്‍ മണ്ഡലത്തില്‍ നടത്തിയ വികസനം പരിശോധിക്കാം. അഞ്ച് വര്‍ഷം കൊണ്ട് 2103 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവര്‍ത്തനത്തില്‍ തന്നെ വികസനക്കുതിപ്പിന്റെ അഞ്ചാണ്ട് കാണിച്ചുതരാന്‍ ടീച്ചര്‍ക്ക് സാധിച്ചു. |



ജലസ്രോതസുകള്‍ സംരക്ഷിച്ച് പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കണ്ണൂര്‍ മാതൃക തീര്‍ത്തതും പറയാതിരിക്കാന്‍ കഴിയില്ല. തൊഴില്‍ മേഖലയിലെ ചൂഷണം തടയുന്നതിനും തൊഴിലാളികളുടെ കൂലിവര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തി.

റെയില്‍വേ മേഖലയില്‍ എസ്‌കലേറ്റര്‍ ഉള്‍പ്പടെയുള്ള 45.67 കോടിയുടെ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍.ആരോഗ്യ-കായികമേഖലയിലെ വികസനത്തിന് വിവിധ പദ്ധതികള്‍, വായിച്ചുവളരാന്‍ 55.43 ലക്ഷം ഉള്‍പ്പടെ വിവിധ മേഖലകളിലായി വികസനരംഗത്തെ കുതിപ്പിന് തന്നെയാണ് കഴിഞ്ഞ 5 വര്‍ഷക്കാലം കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം സാക്ഷ്യം വഹിച്ചത്.

പാര്‍ലമെന്റ് ബഹളത്തില്‍ പിരിയുമ്പോഴുള്ള നീണ്ട ഇടവേളകളില്‍ മിക്കവാറും എം പിമാര്‍ , പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലിരുന്ന് വെടിപറഞ്ഞിരിക്കുകയാണ് പതിവ്. എന്നാല്‍ ഈ സമയം പോലും മന്ത്രിമാരെക്കണ്ട് ജനങ്ങള്‍ പറഞ്ഞ വിഷയങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ടീച്ചറുടെ വേറിട്ട ശ്രമം ഒട്ടേറെത്തവണ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

 ഇനി ജനപ്രതിനിധി എന്നനിലയിലുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാലും ടീച്ചര്‍ക്ക് ഡിസ്റ്റിങ്ങ്ഷന്‍ തന്നെ നല്‍കും. കണ്ണൂരിലെ പൊതുവികസന പ്രശ്‌നങ്ങളും മറ്റും ഞാനും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും വിഷയങ്ങളില്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍ക്കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

അത്തരം ചില സന്ദര്‍ഭങ്ങളില്‍ ഇതേവിഷയം എനിക്കുമുന്നെ ശ്രീമതി ടീച്ചര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്നത് എന്റെ സ്വന്തം അനുഭവം തന്നെയാണ്. കമ്യുണിസ്റ്റ് നേതാക്കളാണെങ്കില്‍ വെറുതെ വിമര്‍ശിച്ച് ജനങ്ങള്‍ക്കിടയില്‍ അവരെക്കുറിച്ച് അവമതിപ്പുണ്ടാക്കണം എന്നുമാത്രം ചിന്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഗവേഷണം നടത്തുന്ന വലതുപക്ഷക്കാര്‍ ഈ വസ്തുത ഒന്നുപരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

കണ്ണൂരിലെ ജനങ്ങള്‍ക്ക് കഴിഞ്ഞതവണ തെറ്റുപറ്റിയിട്ടില്ല എന്നത് തന്നെയാണ് ഇവിടെ വ്യക്തമാവുന്ന കാര്യം. നാടിന്റെ വികസനം കക്ഷി-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ മാറ്റുകൂട്ടുന്ന വികസനങ്ങള്‍ മാറ്റമില്ലാതെ തുടരാന്‍ പി കെ ശ്രീമതി ടീച്ചറെത്തന്നെ ഇവിടുത്തെ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കും എന്നത് ഉറച്ച് വിശ്വസിക്കുകയും, അതിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.

www.lamp.prsindia.org/…/15loksab…/kumbakudisudhakaran

www.lamp.prsindia.org/mptrack/pksreemathiteacher


 


പ്രധാന വാർത്തകൾ
 Top