27 September Monday

VIDEO - കിറ്റക്‌സിനെതിരെ കണ്ടെത്തിയ പ്രശ്‌നങ്ങൾ "മൺകൂജയിൽ വെള്ളവും കോളാമ്പികളും ഇല്ലാത്തത്‌'; മന്ത്രി പി രാജീവിനെതിരെ വ്യാജപ്രചരണവുമായി ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കൊച്ചി > മന്ത്രി പി രാജീവിന്റെ പേരിൽ വ്യാജ പ്രചരണവുമായി സമൂഹമാധ്യമങ്ങളിലെ ബിജെപി അനുകൂല ഐഡികൾ. കിറ്റക്‌സ്‌ വിഷയവുമായി ബന്ധപ്പെട്ടാണ്‌ വ്യാജപ്രചരണം നടത്തുന്നത്‌. മൺകൂജയിൽ കുടിവെള്ളവും തുപ്പൽ കോളാമ്പികളും തൊഴിലാളികൾക്കു നൽകിയില്ല എന്നതാണ്  കിറ്റക്‌‌സിനെതിരെ കേരളസർക്കാർ കണ്ടെത്തിയ പ്രശ്‌നങ്ങളെന്ന് മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞുവെന്നതരത്തിലാണ്‌ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ പ്രചരിക്കുന്നത്‌. സംഘ്‌പരിവാർ, ബിജെപി അനുകൂലികളാണ്‌ വ്യാജം എന്നറിഞ്ഞുകൊണ്ടുതന്നെ ഇത്‌ പ്രചരിപ്പിക്കുന്നത്‌.

ബിജെപിക്കുവേണ്ടി വ്യാജപ്രചരണം നടത്തുന്ന പോസ്‌റ്റിൽ പറയുന്നതിങ്ങനെ:

എന്താണ് KITEX ഫാക്ടറിയിൽ കണ്ടെത്തിയ പ്രശ്നമെന്നറിയാമോ???.

അവിടെ വെള്ളം കുടിക്കാൻ അത്യാധുനിക സംവിധാനങ്ങളായ വാട്ടർ കൂളറുകളും ഫിൽറ്ററുകളും ഒക്കെ ഉണ്ടെങ്കിലും ചട്ടമനുസരിച്ചു മൺകൂജയിൽ വേണമത്രെ വെള്ളം കൊടുക്കാൻ... അതില്ലത്രേ.

പോരാത്തതിന് അത്യാധുനികമായിട്ടുള്ള ടോയ്ലറ്റ് സൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും അവിടെങ്ങും ഒരു തുപ്പൽ കോളാമ്പി പോലും ഇല്ലത്രെ !!!!
അങ്ങനെ ഉള്ള ഒരു സ്ഥാപനം പൂട്ടിക്കണ്ടേ... നിങ്ങൾ പറ... NO 1.

----------

എന്നാൽ ഇതിന്റെ ഒറിജിനൽ വീഡിയോയിൽ കിറ്റക്‌സ്‌ വിഷയത്തെക്കുറിച്ച്‌ മന്ത്രി യാതൊരു പരാമർശവും നടത്തിയിട്ടില്ല എന്ന്‌ വ്യക്തമാകും. വ്യവസായസൗഹൃദ നയത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടികൾ നിയമസഭയിൽ വിശദീകരിക്കുന്ന വീഡിയോ ആണ്‌ കിറ്റക്‌സിനെതിരെ എന്നപേരിൽ പ്രചരിപ്പിക്കുന്നത്‌. ജൂലൈ 22 ന്‌ മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ അപ്‌ലോഡ്‌ ചെയ്‌ത വീഡിയോയിൽ ഇത്‌ വ്യക്തമാകും. വീഡിയോ ചുവടെ:

മന്ത്രി പറയുന്നത്‌: "ഈ നിയമങ്ങൾ പലതും കൊളോണിയൽ കാലഘട്ടത്തിൽ നിന്നുള്ളതാണ്.  അതുപോലെതന്നെ നിയമങ്ങളിലും ചട്ടങ്ങളിലും കാലാഹരണപെട്ട പല വകുപ്പുകളും ഉണ്ട്.  ഇപ്പോൾ അത്യാധുനികമായ വാട്ടർ കൂളറുകളും  അതുപോലെതന്നെ മറ്റ് അക്വാ ഫിൽറ്റർ സംവിധാനങ്ങളും ഉണ്ടെങ്കിലും ചട്ടമനുസരിച്ചു ഒരു വ്യവസായ ശാലയിൽ മൺകൂജയിൽ തന്നെ വെള്ളം കൊടുക്കണം. അത്യാധുനികമായ ടോയ്ലറ്റുകൾ ഉണ്ടെങ്കിലും തുപ്പൽ കോളാമ്പികൾ ഉണ്ടായിരിക്കണം.  ഇതില്ലെങ്കിൽ രണ്ട് വർഷത്തോളം ജയിൽ ശിക്ഷ കിട്ടാവുന്ന ചട്ടങ്ങളാണ്,  ഇവിടെ മാത്രമല്ല,  മിക്കവാറും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഫാക്ടറീസ് ആക്റ്റിന്റ ഭാഗമായ നിലനിൽക്കുന്നു.

ഇത്തരം കാര്യങ്ങൾ പരിശോധിക്കുന്നതിനും കാലഹരണപ്പെട്ട നിയമങ്ങൾ, അഥവാ ചട്ടങ്ങൾ സമ്പന്ദിച്ചു കോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിനും എല്ലാ വിഭാഗം ആൾക്കാരുടെയും അഭിപ്രായങ്ങൾകൂടി കേട്ട് അത്തരം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ ഒരു മൂന്നംഗ  കമ്മിറ്റിയെ നിയമിക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.  എല്ലാ മേഘലയിൽ  നിന്നുമുള്ള അഭിപ്രയങ്ങൾ അതിൽ സ്വീകരിക്കുന്നതാണ്. അതുവഴി നമുക്ക്‌ കാലികമാക്കിയിട്ടുള്ള ഒരു നിയമസംവിധാനം ഉണ്ടാക്കാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു.'

മന്ത്രി പി രാജീവിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

പകലിനെ രാത്രിയാക്കി അവതരിപ്പിക്കാൻ  വിരുതുള്ളവരുണ്ടെന്ന് കേട്ടിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോ പ്രചരിപ്പിക്കുന്നത്  ചില സുഹൃത്തുക്കൾ ശ്രദ്ധയിൽ പ്പെടുത്തുകയുണ്ടായി. ഈ കാലത്തും തുപ്പൽ കോളാമ്പിയും മൺ കൂജയും ഫാക്ടറികളിൽ ഉണ്ടാകണമെന്ന് പറയുന്ന വ്യവസായ മന്ത്രിയെയാണ് വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ എന്താണ് വസ്തുത?.

ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കാൻ കഴിയുന്ന കാലഹരണപ്പെട്ട വകുപ്പുകൾ ഇപ്പോഴും നിയമങ്ങളിലും ചട്ടങ്ങളിലുമുണ്ടെന്നും അവ മാറ്റുന്നതിനുള്ള നടപടി ഈ സർക്കാർ സ്വീകരിക്കുന്നുവെന്നുമാണ് ബഹുമാന്യരായ എം.എൽ.എ മാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി നിയമസഭയിൽ പറഞ്ഞത്. ഈ പ്രസംഗത്തിലെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി കടകവിരുദ്ധമായ സന്ദേശം നൽകുന്ന വിധം പ്രചാരവേല നടത്തുന്നവരുടെ താൽപര്യം വ്യക്തം.

മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ, ഇത്തരം ചട്ടങ്ങൾ ദുർവ്യാഖ്യാനിച്ച അനുഭവം ചിലർ വിശദീകരിക്കുകയുണ്ടായി. കേന്ദ്ര സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ശ്രീ നന്ദകുമാർ ഐഎഎസ്  ഇതുസംബന്ധിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ തുപ്പൽ കോളാമ്പി പരാമർശിച്ചു. തുപ്പാനുള്ള സൗകര്യം എന്നതാണ് ചട്ടത്തിലെ വ്യവസ്ഥയുടെ അർത്ഥമെങ്കിലും പദാനുപദം മാത്രം നോക്കുന്നതിൽ വിരുതുള്ളവരെ കുറിച്ച് അനുഭവസ്ഥരും പറഞ്ഞു.

ടെക്നോ പാർക്ക് സി ഇ ഒ ആയിരുന്ന ശ്രീ വിജയരാഘവൻ മൺകൂജയുടെ പ്രശ്നം ടെലിവിഷൻ ചർച്ചയിൽ ഉന്നയിച്ചു. ഇരുവരുമായി നേരിൽ സംസാരിച്ചു. ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കാലഹരണപ്പെട്ടതും അപ്രസക്തവുമായതും തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതുമായ ചട്ടങ്ങളും നിയമങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ന്യുവൽസ് വൈസ് ചാൻസലർ ഡോക്ടർ കെ സി സണ്ണി ചെയർമാനും ശ്രി നന്ദകുമാർ ഐ എ എസ് പ്രത്യേക ക്ഷണിതാവും നിയമ പരിഷ്കരണ കമ്മീഷൻ വൈസ് ചെയർമാൻ ശശിധരൻ നായർ അംഗവുമായ കമ്മിറ്റി പ്രവർത്തനവും ആരംഭിച്ചു. ഇങ്ങനെ ക്രിയാത്മകമായി സർക്കാർ പ്രവർത്തിക്കുമ്പോൾ ഇത്തരം പ്രചാരവേലയുമായി രംഗത്തിറങ്ങുന്നവർ ചെയ്യുന്നവരുടെ താൽപര്യം നാട് തിരിച്ചറിയും. ചോദ്യവും ഉത്തരവും ഈ വീഡിയോയിലുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top