27 February Thursday

കിൻഫ്രയിലൂടെ 7197 പേർക്ക്‌ തൊഴില്‍, 471 കോടി നിക്ഷേപം ; പരോക്ഷമായി തൊഴിൽ ലഭിച്ചത്‌ നാലായിരത്തോളം പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020


സ്വന്തം ലേഖകൻ
വ്യവസായ വകുപ്പിനുകീഴിലെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ (കിൻഫ്ര) വഴി തുടങ്ങിയ സംരംഭങ്ങളിലൂടെ മൂന്നരവർഷത്തിനിടെ തൊഴിൽ ലഭിച്ചത്‌ 7197 പേർക്ക്. പരോക്ഷമായി നാലായിരത്തോളം പേർക്കും തൊഴിൽ നൽകി.   471 കോടി രൂപയുടെ നിക്ഷേപം കിൻഫ്രയിലൂടെ സംസ്ഥാനത്തുണ്ടായി. 264 സംരംഭങ്ങൾക്കായി 288.39 ഏക്കർ ഭൂമിയാണ്‌ ലഭ്യമാക്കിയത്‌.  കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌  274 സംരംഭങ്ങൾക്കായി  188.72 ഏക്കർ ഭൂമിമാത്രമാണ് അനുവദിച്ചത്.  4498 പേർക്കാണ്‌ ആ അഞ്ചുവർഷം തൊഴിൽ ലഭിച്ചത്‌.

ഭൂമി ഏറ്റെടുക്കലും അടിസ്ഥാനസൗകര്യ വികസനവുമാണ് കിൻഫ്രയുടെ പ്രധാന ദൗത്യം. എൽഡിഎഫ്‌ സർക്കാർ വ്യവസായങ്ങൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതും നിക്ഷേപകർക്കായി വിപുലമായ പ്രോത്സാഹന നടപടികൾ സ്വീകരിച്ചതുമാണ് നേട്ടത്തിനു പിന്നിൽ.  വ്യവസായ പാർക്കുകളിലെ ഭൂമിയുടെ പാട്ടക്കരാർ കാലാവധി 2 വർഷം എന്നത് അഞ്ചുവർഷമായി ഉയർത്തി. ഇതിലൂടെ വ്യവസായ പാർക്കുകളിലെ ഭൂമിയിൽ സംരംഭം തുടങ്ങിയവർക്ക് പാട്ടത്തുക അടയ്ക്കാൻ കൂടുതൽ സമയം കിട്ടി. ഒപ്പം 12 ശതമാനമായിരുന്ന പലിശ 9 ശതമാനമായി കുറച്ചു.

വ്യവസായഭൂമി അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ 2017 ൽ ജില്ലകളിൽ  ഡിസ്ട്രിക്ട്‌ ഇൻഡസ്ട്രിയൽ ലാൻഡ്‌ അലോട്ട്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ചെയർമാനായ കമ്മിറ്റി ആവശ്യക്കാർക്ക് ഭൂമി ലഭ്യമാക്കി. ഇതിലൂടെ നിക്ഷേപകർക്ക് കിൻഫ്രയുടെ അധീനതയിലുള്ള പാർക്കുകളിൽ ലഭ്യമായ  ഭൂമി കണ്ടെത്തി ഉപയോഗിക്കാൻ കഴിഞ്ഞു.  നടപടിക്രമങ്ങളും സുതാര്യമാക്കി.

കൊച്ചി-–-കോയമ്പത്തൂർ വ്യവസായ ഇടനാഴിയുടെ സംസ്ഥാന നോഡൽ ഏജൻസിയാണ് കിൻഫ്ര.  വ്യവസായ ഇടനാഴിക്കായി പാലക്കാട് ജില്ലയിൽ 1990 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതും അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നതും കിൻഫ്രയാണ്. കിൻഫ്രയുടെ കൈവശമുള്ള വ്യവസായഭൂമിയെക്കുറിച്ചുള്ള വിശദാംശങ്ങൾ  www.kinfra.org  വെബ്‌സൈറ്റിലുണ്ട്‌. വിവിധ വ്യവസായങ്ങൾക്ക് അനുയോജ്യമായ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയെക്കുറിച്ചും അറിയാം.


പ്രധാന വാർത്തകൾ
 Top