07 August Friday

2003 കോടിയുടെ 55 പദ്ധതിക്ക്‌‌ കിഫ്‌ബി അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020


സ്വന്തം ലേഖകൻ
പുതിയ 55 വികസനപദ്ധതിക്കുകൂടി കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ്‌ (കിഫ്‌ബി) അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ബോർഡ്‌ യോഗത്തിലാണ്‌ 2002.72 കോടി രൂപയുടെ അടങ്കലിനുകൂടി അനുമതിയായത്‌. 441.43 കോടി രൂപയിൽ 12 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണവും ഏറ്റെടുക്കുമെന്ന്‌ ബോർഡ്‌ വൈസ്‌ ചെയർമാൻ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

17 കോടി രൂപ അടങ്കലിൽ 12 റോഡ്‌, 207.31 കോടി രൂപ ചെലവിട്ട്‌ അഞ്ച്‌ പാലം, 37.41 കോടിയിൽ രണ്ടു ആശുപത്രിയുടെ വികസനം, തീരദേശ വികസന പാക്കേജിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാർക്കറ്റുകളുടെ നവീകരണത്തിന്‌ - 13.97 കോടി രൂപ, 77.21 കോടിയുടെ കുടിവെള്ള പദ്ധതികൾ, കനാൽ വികസനത്തിന്‌ - 255.18 കോടി, ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്കായി 78.28 കോടി എന്നിവയ്‌ക്കാണ്‌ അംഗീകാരം. തീരദേശ ഹൈവേയിൽ -അഴീക്കോട് – മുനമ്പം പാലം നിർമാണത്തിനും അനുമതിയായി.

ദേശീയപാത വികസനത്തിനും (5374 കോടി രൂപ), വ്യവസായ പാർക്കുകൾക്കുമായി (13,988.63 കോടി രൂപ), 19,362.63 കോടി രൂപയുടെ സ്ഥലം ഏറ്റെടുക്കൽ പദ്ധതി നേരത്തേ അംഗീകരിച്ചിരുന്നു. 56,393.83 കോടി രൂപയുടെ 730 പദ്ധതിയാണ്‌ കിഫ്‌ബി ഇതുവരെ അംഗീകരിച്ചത്‌. ഇവയിൽ 18,240 കോടി രൂപയുടെ 396 പ്രവൃത്തി ടെൻഡറിലേക്ക്‌ കടന്നു. 15,936 കോടി രൂപ അടങ്കലിൽ 331 പ്രവൃത്തിയുടെ നിർവഹണം ആരംഭിച്ചു. പൂർത്തീകരിച്ചവയ്‌ക്ക്‌ 5500 കോടി രൂപ നൽകി. കിഫ്‌ബി ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസർ ഡോ. കെ എം എബ്രഹാം, ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്ടർ വിക്രംജിത്‌ സിങ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top