16 February Saturday

സാംസ‌്കാരികമേഖലയിലും കിഫ‌്ബി നിക്ഷേപം ; ആദ്യഘട്ടത്തിൽ 218 കോടി

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019

സ്വന്തം ലേഖകൻ
സാംസ‌്കാരിക മേഖലയ‌ുടെ ഉന്നമനത്തിനും കിഫ‌്ബി നിക്ഷേപം. ആദ്യഘട്ടത്തിൽ 218.32 കോടിരൂപയുടെ പദ്ധ­തികൾക്ക‌് കിഫ‌്ബി യോഗം അംഗീകാരം നൽകി. മൂന്നുജില്ലയിൽ സാംസ‌്കാരിക നിലയങ്ങളുടെ നിർമാണമാണ‌് ഇതിൽ പ്രധാനപ്പെട്ടത‌്. പാലക്കാട‌് വി ടി ഭട്ടതിരിപ്പാട‌് (56.48 കോടി), കാസർകോട‌് ടി  സുബ്രഹ്മണ്യൻ തിരുമുമ്പ‌് (39.06 കോടി), കൊല്ലത്ത‌് ശ്രീനാരായണ ഗുരു  (44.41 കോടി) എന്നിവരുടെ സ‌്മരണയ‌്ക്കായുള്ള സാംസ‌്‌കാരിക സമുച്ചയങ്ങളുടെ നിർമാണത്തിനാണ‌് അനുമതി.

സംസ്ഥാന ചലചിത്ര വികസന കോർപറേഷന്റെ കീഴിൽ കാസർകോട്‌ അമ്പലത്തറ, പേരാമ്പ്ര, കായംകുളം, തലശേരി, പയ്യന്നൂർ എന്നിവിടങ്ങളിൽ തിയറ്റർ സമുച്ചയങ്ങൾ നിർമിക്കും. തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാംഘട്ട നിർമാണത്തിനായി 157.57 കോടിരൂപയുടെ പദ്ധതിക്കും അനുമതിയായതായി ധനമന്ത്രി തോമസ‌് ഐസക‌് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ 748.16 കോടിയുടെ ഒമ്പത് പുതിയ അടിസ്ഥാന സൗകര്യവികസന പദ്ധതിക്കാണ‌് അംഗീകാരം നൽകിയത‌്. 863.34 കോടിയുടെ ഉപപദ്ധതികൾക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകിയ അംഗീകാരം ബോർഡ് സാധൂകരിച്ചു. ഇതോടെ 512 പദ്ധതിയിലായി 41325.91 കോടിയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. വിവിധ പദ്ധതികൾക്കായി ഇതുവരെ 1076.08 കോടിനൽകി.  ആലപ്പുഴ മൊബിലിറ്റി ഹബ‌് പദ്ധതിയുടെ ഒന്നാംഘട്ടത്തിനായി 129.12 കോടിയുടെ പദ്ധതി അംഗീകരിച്ചു. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിനായി 71.92 കോടിയുടെ പദ്ധതിയുണ്ട‌്. ആലപ്പുഴ ഹെറിറ്റേജ‌് പദ്ധതിയുടെ രണ്ടാംഘട്ടത്തിനായി 15.86 കോടിരൂപയുടെ പദ്ധതി നടപ്പാക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top