19 October Saturday

VIDEO - കിഫ്ബി ഓഡിറ്റ് ചെയ്യപ്പെടുന്നില്ലേ?; സിഇഒ ഡോ. കെ എം എബ്രഹാം വിശദീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

കിഫ്‌ബിയെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി സിഇഒ ഡോ. കെ എം എബ്രഹാം. കിഫ്ബിയുടെ ഓഡിറ്റിംഗ് സംവിധാനത്തെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് വിശദീകരണം. സി ആൻഡ്‌ എജിയുടെ അധികാരവും ഉത്തരവാദിത്വവും മറ്റും നിർണ്ണയിക്കുന്ന ഡി.പി.സി. നിയമം 1971 ലെ 14(1) വകുപ്പ് പ്രകാരം സർക്കാരിൻ്റെ സഞ്ചിതനിധിയിൽ നിന്നും ഗ്രാൻ്റോ വായ്പയോ ലഭിക്കുന്ന ഏതൊരു അതോറിറ്റിയും സ്ഥാപനവും സി ആൻഡ്‌ എജിയ്ക്ക് ഓഡിറ്റ് ചെയ്യേമെന്ന് നേരത്തെ മന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരുന്നു.

മറ്റുപല സ്ഥാപനങ്ങളിലും ഇല്ലാത്ത വിപുലമായ കണക്ക് പരിശോധന സംവിധാനങ്ങൾ കിഫ്ബിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സി ആൻഡ്‌ എജിക്ക് കിഫ്ബിയുടെ വരവു-ചെലവു കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് പൂർണ്ണ അധികാരമുണ്ട്. ഇതുപ്രകാരമുള്ള ഓഡിറ്റ് നടക്കുകയും ചെയ്യുന്നു. രണ്ടാമത്തേത്, കിഫ്ബി നിയമം അനുശാസിക്കുന്ന സ്റ്റാറ്റ്യൂട്ടറി ഓഡിറ്റാണ്. സംസ്ഥാന സർക്കാരിൻ്റെ സ്ഥാപനങ്ങളിൽ ക്വാർട്ടർലി ഓഡിറ്റ് നടക്കുന്ന ഏകസ്ഥാപനമാണ് കിഫ്ബി. ഈ റിപ്പോർട്ട് ഇന്റേണൽ ഓഡിറ്റിനും വിധേയമാക്കുന്നുണ്ട്. ഇതാണ് മൂന്നാമത്തെ സംവിധാനം. ഇതിനെല്ലാം പുറമേ കഴിഞ്ഞ കിഫ്ബി ബോർഡ് മറ്റൊരു തീരുമാനംകൂടി കൈക്കൊണ്ടിട്ടുണ്ട്. ഒരു ഇന്റർനാഷണൽ പീർ റിവ്യു ഓഡിറ്ററിനെ നിയോഗിക്കാൻ നിശ്ചയിച്ചു. കിഫ്ബി അന്തർദേശീയ വിപണിയിൽ നിന്നും വായ്പ വാങ്ങുകയും തിരിച്ചടയ്ക്കുകയുമൊക്കെ ചെയ്യുന്ന സ്ഥാപനമാണ്. ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിൽക്കൂടിയാണ് ഈ തീരുമാനം.

കിഫ്ബിയിൽ നിയമ പ്രകാരമുള്ള ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മീഷൻ കേരളത്തിൽ യൂണീക്കായ ഒരു ഓഡിറ്റ് സംവിധാനമാണ്. സെബി റെഗുലേഷൻസിന്റെയും മറ്റും പശ്ചാത്തലത്തിലാണ് എഫ്‌ടിഎസി സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള കമ്മീഷന്റെ അധ്യക്ഷൻ മുൻ കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറലായ ശ്രീ. വിനോദ് റായിയാണ്. കിഫ്ബി എഫ്‌ടിഎസിന് ഓരോ പാദത്തിലും റിപ്പോർട്ട് നൽകും. ആറു മാസത്തിലൊരിക്കൽ എഫ്‌ടിഎസി കിഫ്ബി റിപ്പോർട്ടുകൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. അതിൻ്റെ അടിസ്ഥാനത്തിൽ നൽകുന്ന ഫിഡലിറ്റി സർട്ടിഫിക്കറ്റ് നിയമസഭയിൽ വയ്ക്കുകയും സി ആൻഡ്‌ എജിക്ക് നൽകുകയും ചെയ്യും. ഫിഡലിറ്റി സർട്ടിഫിക്കറ്റും ഓഡിറ്റഡ് സ്റ്റേറ്റ്മെൻ്റും നിയമസഭയിലെ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാണ്.

കിഫ്ബി കേരളത്തിൻ്റെ പശ്ചാത്തലസൗകര്യ സൃഷ്ടിയിൽ വലിയ സംഭാവനകൾ നൽകുന്ന ഒരു നൂതന സംരംഭമാണ്. ഇതിൻ്റെ എല്ലാവശങ്ങളും സംബന്ധിച്ച് കേരള നിയമസഭ സുദീർഘമായി എത്രയോ തവണ ചർച്ച ചെയ്തതാണ്. കിഫ്ബി പുലർത്തുന്ന സുതാര്യതയും തെളിമയും ആവർത്തിച്ച് വ്യക്തമാക്കപ്പെട്ടതുമാണ്.


പ്രധാന വാർത്തകൾ
 Top