21 October Monday

7031 കോടിയുടെ പദ്ധതികളുമായി കിഫ്‌ബി

ജി രാജേഷ‌് കുമാർUpdated: Sunday Jul 28, 2019

തിരുവനന്തപുരം> ആയിരം ദിവസത്തിനുള്ളിൽ കിഫ്‌ബി സഹായത്തോടെ നിർമാണം ആരംഭിച്ചത്‌ 7031 കോടി രൂപയുടെ പദ്ധതികൾ. 3569 കോടി രൂപയുടെ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി. വിവിധ വകുപ്പുകൾ സമർപ്പിച്ച 228 പദ്ധതികളുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളാണ്‌ പുരോഗമിക്കുന്നത്‌. 318 പദ്ധതികളുടെ ടെൻഡർ ഇതുവരെ കരാറാക്കി.

കിഫ്‌ബി ഇതുവരെ അംഗീകരിച്ചത്‌ 43,730.88 കോടി രൂപയുടെ 555 പദ്ധതികളാണ്‌. ഇതിൽ അടിസ്ഥാന സൗകര്യ മേഖലയിൽ 29,455.71 കോടി രൂപയുടെ 552 പദ്ധതികൾ ഉൾപ്പെടുന്നു. വ്യവസായ പാർക്കുകൾക്കും സ്ഥലം ഏറ്റെടുക്കലിനുമായി 14,275 കോടിയുടെ മൂന്ന്‌ പദ്ധതികളുമുണ്ട്‌. 148 റോഡുകൾ, 52 പാലങ്ങൾ, 28 റെയിൽവേ ഓവർ ബ്രിഡ്ജുകൾ, ഒമ്പത്‌ ഫ്ലൈ ഓവറുകൾ, മലയോര ഹൈവേയുടെ 17 ഘട്ടങ്ങൾ, തീരദേശ ഹൈവേയുടെ ഒരു ഘട്ടം, ഒരു അടിപ്പാത എന്നിവയ്‌ക്കും തുകയനുവദിച്ചു. ഇതിൽ 4,239.57 കോടി രൂപയുടെ 124

പദ്ധതികൾക്ക്‌ കരാറായി. 3,333.85 കോടി രൂപയുടെ 109 പദ്ധതികളുടെ നിർമാണം തുടങ്ങി. പൊതുവിദ്യാഭ്യാസ മേഖലയിൽ 2,037.91 കോടി രൂപയുടെ 76 പദ്ധതികൾക്കാണ്‌ അംഗീകാരമായത്‌. ഇതിൽ 1,834.42 കോടി രൂപയുടെ പദ്ധതികൾക്ക്‌ കരാർ വച്ചു. സ്‌കൂളുകളുടെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട്‌ കിഫ്‌ബിക്ക്‌ സമർപ്പിച്ച 184 സ്‌കൂളുകൾക്കുള്ള 544.12 കോടി രൂപയുടെ പദ്ധതികളുടെ നിർമാണത്തിനും കരാറായി. സംസ്ഥാനത്തെ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിലുമായി ഒരു സ്‌കൂളുവീതം മികവിന്റെ കേന്ദ്രമായി വികസിപ്പിക്കുന്ന പദ്ധതിയിൽ 141 സ്‌കൂളുകളുടെ പദ്ധതിക്ക് 705 കോടി രൂപയാണ്‌ അടങ്കൽ.

10 ഐടിഐകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയരുന്നു. 46 സബ്‌ രജിസ്‌ട്രാർ ഓഫീസുകൾ നവീകരിക്കുന്നു. 39 സർക്കാർ കോളേജുകൾക്ക്‌ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്‌ 259.49 കോടി രൂപ അടങ്കൽ. 44 ആശുപത്രികൾക്ക്‌ ഡയാലിസ്‌ യൂണിറ്റ്‌ സ്ഥാപിക്കുന്നു. സാംസ്‌കാരിക വകുപ്പിന്റെ 181.14 കോടി രൂപ അടങ്കലിലെ എട്ടു പദ്ധതികളും നിർമാണ തുടക്കത്തിലാണ്‌.
ചെത്തി, പരപ്പനങ്ങാടി മത്സ്യബന്ധന തുറമുഖങ്ങളും തീരസംരക്ഷണ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന ഫിഷറീസ്‌ വകുപ്പിന്റെ 194.24 കോടി രൂപയുടെ പദ്ധതികൾക്കും കേരള ഒപ്‌റ്റിക്‌ ഫൈബർ കേബിൾ നെറ്റ്‌വർക്കും ഐടി പാർക്കുമായി ബന്ധപ്പെട്ട 164.57 കോടിയുടെ പദ്ധതികൾക്കും തുടക്കമായി.

ഊർജ മേഖലയിൽ 657.38 കോടി രൂപയുടെ മുന്ന്‌ പദ്ധതികളും കുടിവെള്ള മേഖലയിലെ 714.21 കോടി രൂപ അടങ്കൽ വരുന്ന 25 പദ്ധതികളും ഉൾപ്പെടെയാണ്‌ ടെൻഡർ പൂർത്തീകരിച്ച്‌ നിർമാണത്തിലേക്ക്‌ കടക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top