23 May Thursday

പേരിന്റെ സാമ്യം പറഞ്ഞ‌് കുപ്രചാരണം: തലസ്ഥാനത്ത‌് വന്നത‌് എറിക‌് ലെമിക‌്സ‌്; ചെന്നിത്തല പറയുന്നത‌് എറിക‌് സിഗൽ

സ്വന്തം ലേഖകൻUpdated: Tuesday Apr 9, 2019

തിരുവനന്തപുരം> കിഫ‌്ബി മസാല ബോണ്ട‌് ഇടപാടുമായി ബന്ധപ്പെട്ട‌് രമേശ‌് ചെന്നിത്തല അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത‌് ബോധപൂർവം. മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവരാന്വേഷണ ദൗത്യസംഘത്തിന‌് നേതൃത്വം നൽകി കേരളത്തിലെത്തിയ, കനേഡിയൻ കമ്പനി സിപിഡിക്യുവിന്റെ ഡയറക്ടറുടെയും എസ‌്എൻസി ലാവ‌്‌ലിൻ കമ്പനി ഡയറക്ടറുടെയും പേരിലെ സാമ്യത ഉപയോഗിച്ചാണ‌് കുപ്രചാരണം നടത്തുന്നത‌്.

സിപിഡിക്യുവിന്റെ ഡയറക്ടർ എറിക‌് ലെമിക‌്സിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ‌് കേരളത്തിലെത്തിയത‌്. ഇത്രയും വലിയ തുകയുടെ നിക്ഷേപം നടത്താൻ  താൽപര്യപ്പെടുന്നവർ വസ‌്തുതാ പഠനം നടത്താതെ തീരുമാനത്തിലെത്തില്ല.
ഇതിന്റെ ഭാഗമായിരുന്നു കേരളാ സന്ദർശനം. ഈ സംഘം മുഖ്യമന്ത്രിയെ കണ്ടിട്ടുമില്ല. എന്നാൽ, എറിക‌് സിഗൽ എന്ന ലാവ‌്‌ലിൻ കമ്പനിയുടെ ഡയറക്ടറുടെ പേരിനുള്ള സാമ്യമാണ‌് ചെന്നിത്തല തെറ്റിദ്ധരണ പരത്താൻ ഉപയോഗിക്കുന്നത‌്.

എറിക‌് സിഗൽ ഡയറക്ടർ ബോർഡ‌് അംഗമാണെന്ന‌് എസ‌്എൻസി ലാവ‌്‌ലിൻ ഔദ്യോഗിക വെബ‌്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട‌്. എന്നാൽ അങ്ങനെയൊരാൾ തലസ്ഥാനത്ത‌് വന്നിട്ടേയില്ല.


പ്രധാന വാർത്തകൾ
 Top