28 March Tuesday

മെയ്‌ഡ്‌ ഇൻ കിടങ്ങൂർ അപ്പാരൽ പാർക്ക്‌; രജതശോഭയിൽ കുടുംബശ്രീ

പി ആർ രാജീവ്Updated: Saturday Jan 28, 2023

കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന അപ്പാരൽ പാർക്ക്

പാലാ > അതിജീവന കിറ്റിൽനിന്ന്‌ വസ്‌ത്ര നിർമാണ യൂണിറ്റിലേക്ക്‌ വളർന്ന കുടുംബശ്രീ തയ്യൽ നിർമാണ കേന്ദ്രം  സ്ത്രീശാക്തീകരണരംഗത്ത്‌ വളർച്ചയുടെ പടവുകൾ താണ്ടി വിപുലീകരണ പാതയിൽ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കിടങ്ങൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ കുമ്മണ്ണൂരിൽ പ്രവർത്തിക്കുന്ന അപ്പാരൽ പാർക്കിലെ  പ്രവർത്തകർ കുടുംബശ്രീ 25ാം വാർഷികാഘോഷ വേളയിൽ ഏറെ ആഹ്ലാദത്തിലാണ്. ഇരുപതോളം വനിതകൾക്ക്‌ തൊഴിലും സ്ഥിരവരുമാനവും ഉറപ്പാക്കിയ സ്ഥാപനം  ജില്ലയിലെ നാൽപ്പതോളം കുടുംബശ്രീ യൂണിറ്റുകളെ ഏകോപിപ്പിച്ച്‌ വസ്‌ത്ര നിർമാണ രംഗത്ത്‌ തരംഗമാകുന്നു.
 
രണ്ടുവർഷം മുമ്പ് കോവിഡ് കാലത്ത് അതിജീവനത്തിന്റെ കിറ്റുകൾ തയ്യാറാക്കിയാണ്‌ യൂണിറ്റിന്റെ തുടക്കം.   ബ്രാൻഡഡ്‌ നൈറ്റികളും മറ്റ്‌ വസ്‌ത്രങ്ങളും നിർമിക്കുന്നതിനാണ്‌ പുതിയ തയ്യാറെടുപ്പ്‌. നൈറ്റികൾ   വിവിധ വസ്‌ത്രശാലകളിലും  ലഭ്യമാക്കി. കൂടാതെ ബട്ടൺ ഹോൾ, ബട്ടർ സ്റ്റിച്ചിങ് മുതലായവയും ചെയ്യുന്നു. ചുരിദാർ ടോപ്പ്, കിഡ്സ് വെയറുകൾ എന്നിവയും താമസിയാതെ ആരംഭിക്കും. തയ്യൽ യൂണിറ്റുകൾ നടത്തിവന്ന കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി സൊസൈറ്റി രൂപീകരിച്ച്‌ 2018 മെയിൽ ആണ്‌ അപ്പാരൽ പാർക്ക്‌ തുടങ്ങിയത്‌. മെഡിക്കൽ കോളേജിലേക്കുള്ള  റെക്‌സിൻ ബഡ്‌ കവർ, ഷീറ്റുകൾ, മാസ്‌കുകൾ, ക്ലോത്ത് ബാഗുകൾ, ആശുപത്രി ഗൗണുകൾ എന്നിവയുടെ നിർമാണവും ആരംഭിച്ചു.
 
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ സർക്കാർ സ്ഥാപനങ്ങളിലും  വിദ്യാലയങ്ങളിലുമടക്കം ഒരു ലക്ഷത്തിൽപരം ദേശീയ പതാകകൾ അപ്പാരൽ പാർക്കിൽ തയ്യാറാക്കി. സംരംഭം വിജയത്തിലെത്തിക്കാനായതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് കിടങ്ങൂർ പഞ്ചായത്ത് മുൻ സിഡിഎസ് ചെയർപേഴ്സണും  അപ്പാരൽ പാർക്ക്‌ ചുമതലക്കാരിയുമായ ശ്രീജ സന്തോഷ് പറഞ്ഞു. സുനി അശോകനാണ്‌ സൊസൈറ്റി സെക്രട്ടറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top