22 October Tuesday

ഖാദര്‍ കമ്മിറ്റി: തുടർനടപടി 2 മാസത്തേക്ക്‌ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി
പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ‌്കരണത്തിനുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൻെറ ഭാഗമായി സർക്കാർ ഇറക്കിയ  ഉത്തരവിന്റെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, എൻഎസ്എസ് എന്നീ സംഘടനകൾ നൽകിയ ഹർജികൾ പരി​ഗണിച്ചാണ് രണ്ടു മാസത്തെ സ്റ്റേ.

റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ നിലവിലുള്ള കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം സർക്കാർ പരിഗണിച്ചില്ലെന്നും പുതിയ സംവിധാനം നടപ്പാക്കാൻ കേരള വിദ്യാഭ്യാസചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടില്ലെന്നും നിരീക്ഷിച്ചാണ് ഇടക്കാല ഉത്തരവ്.
പൊതുസമൂഹത്തിന്റെയും വിദ്യാർഥിസമൂഹത്തിന്റെയും ഉത്തമതാൽപ്പര്യം മുൻനിർത്തി, വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അജി ഫിലിപ്പ് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി. 

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ലയനമല്ല, ഇവയുടെ വ്യത്യസ്ത സ്വഭാവം നിലനിർത്തി ഭരണപരമായ സൗകര്യത്തിനുവേണ്ടിയുള്ള ഏകീകരണമാണ് നടപ്പാക്കുന്നതെന്നും വിശദീകരണത്തിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top