21 September Saturday

കെവിന്‍ കേസ്: ശിക്ഷ വിധിക്കുന്നത് ഈ മാസം 27ലേയ്ക്ക് മാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കോട്ടയം> കെവിന്‍ ദുരഭിമാന കൊലക്കേസില്‍ ശിക്ഷ വിധിക്കുന്നത്  ഈ മാസം 27 ലേയ്ക്ക് മാറ്റി.  കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ചൊവ്വാഴ്ച ശിക്ഷ വിധിക്കുക . കെവിന്റെ ഭാര്യയായ  നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്‍(ചിന്നു), മൂന്നാംപ്രതി ഇഷാന്‍ ഇസ്മയില്‍, നാലാംപ്രതി  റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്‍, ഏഴാംപ്രതി ഷിഫിന്‍ സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11--ാംപ്രതി ഷാനു ഷാജഹാന്‍, 12--ാംപ്രതി ടിറ്റു ജെറോം എന്നിവരാണ് കുറ്റക്കാര്‍.



2018 മേയ് 28നാണ്  നട്ടാശേരി പ്ലാത്തറ വീട്ടില്‍ കെവിനെ(24) ചാലിയേക്കര തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദളിത് ക്രിസ്ത്യനായ കെവിന്‍ മറ്റൊരു സമുദായത്തില്‍പ്പെട്ട തെന്മല സ്വദേശിനി നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.

 
കെവിന്‍ വധക്കേസ് നാള്‍വഴി


2018 മെയ് 24 നാണ് കോട്ടയം നട്ടാശേരി സ്വദേശി കെവിനും കൊല്ലം തെന്മല സ്വദേശിനി നീനുവും വിവാഹത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. അന്നുതന്നെ വിവാഹവിവരം ബന്ധുക്കളെ അറിയിക്കുന്നത്.
 
മെയ് 26ന് നീനുവിന്റെ ബന്ധുക്കള്‍ പൊലീസ് സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
 
27 ന് കെവിനെയും ബന്ധു അനീഷിനേയും കാണാനില്ലെന്ന വാര്‍ത്ത പുറത്തുവന്നു.
 
28ന് കൊല്ലം തെന്മല ചാലിയക്കര പുഴയില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെടുത്തു. പ്രതികളെ പിടികൂടുന്നതിന് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ 4 സ്‌ക്വാഡുകള്‍.
 
29ന് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരന്‍ ഷാനു എന്നിവര്‍ കണ്ണൂര്‍ ജില്ലയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. 14 പ്രതികളില്‍ 6 പേര്‍ കസ്റ്റഡിയിലായി.
 
പ്രതികളെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ മെയ് 31ന് അറസ്റ്റില്‍.
 
ജൂണ്‍ 3ന് പുനലൂരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി.
 
ആഗസ്ത് 21 ന് ദുരഭിമാന കൊല എന്ന പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
 
2019 ഫെബ്രുവരി 16ന് മുന്‍ എസ്‌ഐ എംഎസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.
 
ഏപ്രില്‍ 24 ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി.ജൂലൈ 30 ന് 90 ദിവസം നീണ്ട വിചാരണ പൂര്‍ത്തിയായി.
 
ഓഗസ്റ്റ് 14ന് വിധി പറയാനായി ചേര്‍ന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തില്‍ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു.ഓഗസ്റ്റ് 22ന് പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു.






 


പ്രധാന വാർത്തകൾ
 Top