25 March Monday

വികസനക്കുതിപ്പ‌ിൽ കേരളം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018


തിരുവനന്തപുരം
എൽഡിഎഫ‌് സർക്കാരിന്റെ രണ്ടുവർഷക്കാലയളവിൽ സംസ്ഥാനം സാക്ഷ്യംവഹിച്ചത‌് സംശുദ്ധിയാർന്ന ജനമനസ്സറിഞ്ഞുള്ള വികസനപ്രവർത്തനങ്ങൾക്ക‌്. പുതിയ കാലത്തിനൊത്ത വികസനപദ്ധതികളാണ‌് സർക്കാർ ആവിഷ‌്കരിച്ചതും നടപ്പാക്കുന്നതും. നവകേരള സൃഷ്ടിക്കായി  ലൈഫ‌്, ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ നാല‌് മിഷനുകൾ ആരംഭിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന‌് കിഫ‌്ബി രൂപീകരിച്ചു. അഞ്ച‌് വർഷത്തിനകം 50,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യസൃഷ്ടിയാണ‌് ലക്ഷ്യം‌. 20,000 കോടിയുടെ പദ്ധതികൾക്ക‌് ഇതിനകം ധനാനുമതിയായി. 10,000 കോടി രൂപയുടെ മലയോര തീരദേശ ഹൈവേ 2020ൽ തുറക്കും. വിഴിഞ്ഞം തുറമുഖം ഇതേവർഷംതന്നെ യാഥാർഥ്യമാക്കും. കണ്ണൂർ വിമാനത്താവളം സെപ‌്തംബറിൽ തുറക്കും.

അഴിമതിക്കെതിരെ കർശന നിലപാട‌് സർക്കാർ സ്വീകരിച്ചു. വിജിലൻസ‌് കാര്യക്ഷമമാക്കി. കേസ‌് അന്വേഷണം ശാസ‌്ത്രീയമാക്കാനും മൂന്നാംമുറ ഒഴിവാക്കാനും ഇടപെടൽ നടത്തി. പൊലീസ‌് സേന ആധുനികവൽക്കരണ പദ്ധതി പരിഷ‌്കരിക്കുന്നതിന‌് തുടക്കമിട്ടു. പൊലീസ‌് പ്രവർത്തനങ്ങളുടെ ഏകോപനത്തിന‌് പൊലീസ‌് ആസ്ഥാനത്ത‌് ചീഫ‌് കൺട്രോൾ റൂം തുറന്നു. ഭരണമികവ‌് വർധിപ്പിക്കാൻ കേരള അഡ‌്മിനിസ‌്ട്രേറ്റീവ‌് സർവീസ‌് ആവിഷ‌്കരിച്ചു.  പദ്ധതി നിർവഹണത്തിൽ സർവകാല റെക്കോർഡ‌് കൈവരിച്ചു. 6194 കോടി രൂപയിൽ 5581 കോടി രൂപയും ചെലവഴിച്ചു.

55,000 പട്ടയം വിതരണം ചെയ‌്ത‌ു. അഞ്ച‌് പുതിയ റവന്യു ഡിവിഷനുകൾക്ക‌് അനുമതിയായി.  കർഷക ആത്മഹത്യ ഇല്ലാതാക്കി. നെൽക്കൃഷിയുടെ വിസ‌്തൃതിയിൽ 34,000 ഏക്കറിന്റെ വർധനയുണ്ടായി.

പൊതുമേഖല 132 കോടിയുടെ നഷ്ടത്തിൽനിന്ന‌് 104 കോടിയുടെ ലാഭത്തിലേക്ക‌് ഉയർന്ന‌ു. പുതിയ ഐടി നയം രൂപീകരിച്ചു. പിഎച്ച‌്സി മുതൽ മെഡിക്കൽ കോളേജ‌് വരെയുള്ള ആതുരശുശ്രൂഷാ കേന്ദ്രങ്ങളെ ആധുനികവൽക്കരിക്കുകയും രോഗീസൗഹൃദമാക്കുകയും ചെയ്യുന്ന പദ്ധതിയായ ആർദ്രം മിഷൻ രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45,000 ക്ലാസ‌് മുറികൾ ഹൈടെക‌് ആക്കുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചു. മംഗളൂരു  ‐ കൊച്ചി ഗെയിൽ പ്രകൃതിവാതക പൈപ്പ‌് ലൈൻ നിർമാണം ഈവർഷം പൂർത്തിയാക്കും. ലഹരിയിൽനിന്ന‌് മോചനത്തിന‌് വിമുക്തി പദ്ധതി ആവിഷ‌്കരിച്ചു. അതിഥി തൊഴിലാളികൾക്ക‌് ആവാസ‌് എന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ‌് പദ്ധതി നടപ്പാക്കി. സ‌്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ‌് രൂപീകരിച്ചു.

പട്ടികജാതിക്കാർക്കായി 6200 വീട‌് നിർമിച്ചു. 19,072 വീടിന്റെ നിർമാണം ഉടൻ പൂർത്തിയാകും. പട്ടികവർഗക്കാർക്കായി 22,481 വീട‌് നിർമിച്ചു. 2159 ആദിവാസികളുടെ ഒരുലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലയ‌്ക്ക‌് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ‌് ഏർപ്പെടുത്തി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ നിർധനരായ പെൺകുട്ടികൾക്കായി വാത്സല്യനിധി, ഗോത്രവാത്സല്യ നിധി ഇൻഷുറൻസ‌് പദ്ധതികൾ ആവിഷ‌്കരിച്ചു.

പുരസ‌്കാര നിറവിലും കേരളം നമ്പർ 1
തിരുവനന്തപുരം
എൽഡിഎഫ‌് സർക്കാരിന്റെ  രണ്ടാം വാർഷികാഘോഷവേളയിൽ കേരളത്തിന‌് അഭിമാനിക്കാൻ നേട്ടങ്ങളേറെ. ദേശീയ ‐ അന്തർദേശീയ തലത്തിൽ വിവിധ രംഗങ്ങളിൽ സംസ്ഥാനത്തിന‌് ഒന്നാംസ്ഥാനം നേടിക്കൊടുത്താണ‌് മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന സർക്കാർ മൂന്നാം വർഷത്തിലേക്ക‌് കടക്കുന്നത‌്.

പബ്ലിക‌് അഫയേഴ‌്സ‌് സെന്ററിന്റെ ഭരണമികവ‌് സൂചികയിൽ ഒന്നാംസ്ഥാനം കേരളത്തിനാണ‌്. ഏറ്റവും ഉയർന്ന മിനിമംവേതനമുള്ള സംസ്ഥാനമെന്ന ഖ്യാതിയും മലയാളനാടിന‌് സ്വന്തം. മാനവ വികസന സൂചികയിൽ കേരളത്തിന്റേത‌് ഉന്നതസ്ഥാനമെന്ന‌് ചൂണ്ടിക്കാട്ടിയത‌് ഐക്യരാഷ്ട്രസഭയാണ‌്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന‌് കണ്ടെത്തിയത‌് സെന്റർ ഫോർ മീഡിയ സ്റ്റഡീസ‌ും.  ഉയർന്ന ആരോഗ്യസൂചിക, സമ്പൂർണ വൈദ്യുതീകരണം എന്നിങ്ങനെ കൈവരിച്ച നേട്ടങ്ങളുടെ പട്ടിക നീളുന്നു. മികച്ച ക്രമസമാധാന പാലത്തിന‌ുള്ള ഇന്ത്യ ടുഡെ അവാർഡ‌്, ഏറ്റവും കൂടുതൽ മേഖലകളിൽ മികവ‌് പുലർത്തിയതിനുള്ള ഇന്ത്യ ടുഡെ സ‌്റ്റേറ്റ‌് ഓഫ‌് ദ സ‌്റ്റേറ്റ‌് അവാർഡും ഇക്കാലയളവിൽ കേരളത്തെ തേടി എത്തി. വൈദ്യുതിവകുപ്പിന്റെ മികച്ച പ്രവർത്തനത്തിന‌് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ പുരസ‌്കാരം ഉൾപ്പെടെ കേരളം  നേടി.

സർക്കാർ വാർഷികം ജനകീയോത്സവമാകും
തിരുവനന്തപുരം
എൽഡിഎഫ‌് സർക്കാർ രണ്ടാംവാർഷികം ജനകീയോത്സവമാകും. ഉപതെരഞ്ഞെടുപ്പ‌് നടക്കുന്ന ചെങ്ങന്നൂർ ഉൾപ്പെടുന്ന ആലപ്പുഴ  ഒഴികെയുള്ള മറ്റ‌് ജില്ലകളിൽ വൈവിധ്യമാർന്ന ജനോപകാരപ്രദമായ പരിപാടികളാണ‌് ആസൂത്രണം ചെയ‌്തിരിക്കുന്നത‌്.

ലൈഫ്മിഷനിൽ പൂർത്തിയായ കെട്ടിടങ്ങളുടെ താക്കോൽദാനം, പട്ടികവർഗ വിഭാഗത്തിന് വീട് നിർമാണത്തിന് തറക്കല്ലിടൽ, ഫിഷറീസ് വകുപ്പ‌് പദ്ധതിയിൽ വീടും സ്ഥലവും ലഭിക്കാൻ അർഹതയുള്ളവർക്ക് താക്കോൽ ദാനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഒരാഴ‌്ച നീണ്ടുനിൽക്കുന്ന പ്രദർശനവും സാംസ‌്കാരിക പരിപാടികളും ജില്ലാതല ആഘോഷങ്ങൾക്ക‌് മിഴിവേകും. പ്രദർശനമേളകളിൽ 100 മുതൽ 150 വരെ സ്റ്റാളുകൾ സജ്ജീകരിക്കും.

പൊലീസ‌് വകുപ്പിന്റെ ചരിത്രം, വനിതകൾക്ക‌് സ്വയംപ്രതിരോധ മാർഗങ്ങൾ, മെഡിക്കൽ ക്യാമ്പ‌്, ജീവിതശൈലീരോഗനിർണയം, ബോധവൽക്കരണം, ഐടി മിഷന്റെ ആധാർകാർഡ‌് സേവന സ്റ്റാൾ, റേഷൻ ഇ പോസ‌്മെഷീൻ പരിചയപ്പെടുത്തൽ, മണ്ണ‌് പരിശോധന, എക‌്സൈസ‌് വകുപ്പിന്റെ ലഹരി ബോധവൽക്കരണം, പട്ടികജാതി വകുപ്പിന്റെ തൊഴിലധിഷ‌്ഠിത ഉൽപ്പന്നങ്ങളുടെ പ്രദർശനം, നിയമവകുപ്പിന്റെ സൗജന്യ നിയമസഹായ സ്റ്റാൾ, ഫയർ ആൻഡ‌് റെസ‌്ക്യുവിന്റെ പ്രദർശനം, സാംസ‌്കാരിക ടൂറിസം വിവരങ്ങൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകളുണ്ടാകും. കുടുംബശ്രീ ഉൽപന്ന സ്റ്റാളുകൾക്ക‌് പുറമേ തനി നാടൻ രുചിക്കൂട്ടുകൾ നിറയുന്ന ഭക്ഷണശാലയും ഉണ്ടാകും.

പട്ടികവർഗ വകുപ്പിന്റെ മില്ലെറ്റ‌് പദ്ധതിയിലെ ചെറുധാന്യങ്ങളുടെ സ്റ്റാൾ, സഹകരണ ബാങ്കിന്റെ ലോൺ മേള, സാമൂഹ്യജലസേചന മാതൃക എന്നിവ പാലക്കാട്ടും അതിഥി തൊഴിലാളികൾക്ക‌് ഐഡികാർഡ‌് വിതരണം, കുറഞ്ഞ വരുമാനക്കാർക്ക‌് റേഷൻകാർഡിന്റെ അടിസ്ഥാനത്തിൽ ചികിത്സക്കായുള്ള സർട്ടിഫിക്കറ്റിന്റെ തൽസമയ വിതരണം തിരുവനന്തപുരത്തും കോട്ടയത്ത‌് മൃഗസംരക്ഷണവകുപ്പിന്റെ പക്ഷി ‐കക മൃഗപ്രദർശനവും നടക്കും.

പ്രധാന വാർത്തകൾ
 Top