14 October Monday

അയ്യൻകാളിയുടെ 161-ാം ജയന്തി ആഘോഷിച്ചു; സാമൂഹ്യ ഐക്യത്തിന് അടിത്തറ പാകിയത് 
അയ്യൻകാളി അടക്കമുള്ളവർ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Aug 29, 2024

തിരുവനന്തപുരം> പുതിയ കാലത്ത്‌ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ നാടിന്റെ സാമൂഹ്യ ഐക്യം ശിഥിലമാക്കാൻ വലിയ ശ്രമമാണ്‌ നടക്കുന്നതെന്നും അവയെ ചെറുത്ത്‌ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ്‌ അയ്യൻകാളിക്ക്‌ നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരാഞ്ജലിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ കലാപങ്ങളിലേക്കുവരെ നാടിനെ തള്ളിവിടാൻ സ്ഥാപിത താൽപ്പര്യക്കാർ ശ്രമിക്കുന്നു. അതിനെ ചെറുക്കാൻ പ്രചോദനം നൽകുന്നതാണ്‌ അയ്യൻകാളി അടക്കമുള്ളവർ നടത്തിയ ചരിത്രപരമായ ഇടപെടലുകളെന്നും കേരള ദളിത്‌ ഫെഡറേഷൻ സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 161–-ാം ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലുണ്ടായ ദുരന്തത്തിനുശേഷവും കേരളം നടത്തിയ ഏകോപിതമായ നീക്കം ലോകവും രാജ്യവും ശ്രദ്ധിച്ചതാണ്‌. അതിനിടയാക്കിയത്‌ നാട്ടിൽ നിലനിൽക്കുന്ന സാമൂഹ്യ ഐക്യത്തിന്റെ അടിത്തറയാണ്‌. ഒരു ഭേദചിന്തയുമില്ലാതെ ജനങ്ങളാകെ ഒന്നായി അണിനിരക്കാൻ കഴിയുന്നു എന്നതാണ്‌ നമ്മുടെ നാടിന്റെ പ്രത്യേകത. ഇങ്ങനെ മാറ്റിയെടുക്കാൻ അയ്യൻകാളി അടക്കമുള്ള നവോത്ഥാന നായകർ സ്തുത്യർഹമായ പങ്കാണ്‌ വഹിച്ചത്‌.  
ജന്മിത്വവും അധികാരവും തമ്മിലുള്ള കൂട്ടുകെട്ട്‌ അവസാനിച്ചെങ്കിലും പുതിയ കാലത്ത്‌ അത്‌ കോർപറേറ്റ്‌ ചങ്ങാത്തമായി ഉയരുന്നുണ്ട്‌. അതിന്റെ ഇരകളാകുന്നത്‌ തൊഴിലാളികളും മണ്ണിൽ അധ്വാനിക്കുന്നവരും അടക്കം ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യരാണ്‌. അത്തരം നൃശംസതകൾക്കെതിരെ ചെറുത്തുനിൽക്കാനുള്ള പ്രചോദനംകൂടിയാണ്‌ അയ്യൻകാളി സ്‌മരണയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ അയ്യൻകാളിയുടെ കൊച്ചുമകൻ ടി കെ അനിയനെ മുഖ്യമന്ത്രി ആദരിച്ചു. കെഡിഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, ആന്റണി രാജു എംഎൽഎ, വി എൻ ശശിധരൻ, ഐവർകാല ദിലീപ്‌, പി ആർ സുരേഷ്‌, ഡോ. കായംകുളം യൂനിസ്‌, രാമചന്ദ്രൻ മുല്ലശ്ശേരി, കെ രവികുമാർ, മധുമോൾ പഴയിടം, രാജൻ വെമ്പിളി, കെ ഗോകുൽദാസ്‌, വെങ്ങാനൂർ സുരേഷ്‌, രാജൻ മഞ്ചേരി, വിജയൻ സി കുട്ടമത്ത്‌, ആർ രാജേഷ്‌, ഡോ. വിനീത വിജയൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top