14 October Monday

രാജ്യം പഠിക്കും കേരളത്തിന്റെ ‘ജല ബജറ്റ്‌’

സ്വന്തം ലേഖികUpdated: Sunday Aug 25, 2024


കോഴിക്കോട്‌
ഒരുപ്രദേശത്തെ ജലലഭ്യതയും വിവിധ മേഖലകളിൽ ആവശ്യമായ ജലത്തിന്റെ അളവും തുലനംചെയ്ത്‌ ജലവിതരണം ക്രമീകരിക്കാൻ കേരളം ആവിഷ്കരിച്ച ജല ബജറ്റ്‌ ദേശീയതലത്തിലേക്ക്‌. ഹരിത കേരള മിഷൻ തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പദ്ധതി മറ്റു സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നു. പദ്ധതി നടത്തിപ്പിന്‌ സാങ്കേതിക സഹായം നൽകുന്ന ജലവിഭവ വികസനകേന്ദ്രം (സിഡബ്ല്യുആർഡിഎം) പ്രതിനിധികളുമായി നിതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരും ഉപദേശകരും ചർച്ച നടത്തി. ലഭ്യമായ ജലം ശാസ്ത്രീയമായും കാര്യക്ഷമമായും ഉപയോഗിക്കാനും വിതരണം നടത്താനും ജല ബജറ്റുകൾ സഹായകമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങളും നെറ്റ് സീറോ കാർബൺ തുലനവ്യവസ്ഥയും ഉൾപ്പെടെയുള്ള ലക്ഷ്യംനേടാൻ ഇത്തരം ശാസ്ത്രീയ പ്രവർത്തനങ്ങൾ സഹായകമാവുമെന്ന് നിതി ആയോഗ് ഉപദേശകർ അറിയിച്ചു.

ഡോ. യുഗൽ ജോഷി (ഡയറക്ടർ, ജലം -ഭൗമവിഭവങ്ങൾ, കുടിവെള്ളം ശുചിത്വം, നിതി ആയോഗ്), എ മുരളീധരൻ (ഉപദേശകൻ, ജലം -ഭൗമവിഭവങ്ങൾ, പരിസ്ഥിതി -കാലാവസ്ഥാ വിഭാഗം, നിതി ആയോഗ്), സിഡബ്ല്യുആർഡിഎം എക്‌സിക്യുട്ടീവ്‌ ഡയറക്ടർ ഡോ. മനോജ് പി സാമുവൽ, സി എം സുശാന്ത്, ബി വിവേക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജല ബജറ്റ്‌ എങ്ങനെ, എന്തിന്‌

തദ്ദേശസ്ഥാപന പരിധിക്കുള്ളിൽ വിവിധ കാലയളവുകളിൽ മഴ, ഉപരിതല ജലം, ഭൂജലം, ഒഴുകിവരുന്നതും ഒഴുകിപ്പോകുന്നതുമായ ജലം എന്നിവ കണക്കിലെടുത്താണ് ജല ലഭ്യത കണക്കാക്കുക. കുടിവെള്ളം, ജലസേചനം, വ്യവസായം, ടൂറിസം, ഫിഷറീസ് മറ്റു പാരിസ്ഥിതിക ആവശ്യങ്ങൾ എന്നിവയ്‌ക്കുവേണ്ട ജലത്തിന്റെ അളവും കണക്കാക്കും. ഒരുമാസത്തെ പത്തുദിവസം വരുന്ന മൂന്നു ഭാഗങ്ങളായി കണക്കാക്കി വർഷത്തിലാകെ 36 ഘട്ടങ്ങളായി തിരിച്ചാണ് ജല ബജറ്റ് തയ്യാറാക്കുന്നത്. 
    കൃത്യമായും ശാസ്ത്രീയമായും ജല ലഭ്യത മനസിലാക്കി കൃഷിക്കും കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും സീസൺ അടിസ്ഥാനത്തിൽ ജലവിതരണം ക്രമീകരിക്കാനും ഇടപെടൽ നടത്താനും ഇതുവഴി സാധിക്കും. സൂക്ഷ്മതലത്തിലുള്ള കാർബൺ മാപ്പിങ് പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top