21 July Sunday

കേരളവര്‍മ കോളേജ് ബോര്‍ഡ് വിവാദം; ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

തൃശൂർ> കേരളവർമ കോളേജിൽ നവാഗതരെ വരവേൽക്കുന്നതിന്റെ ഭാഗമായി എസ്എഫ്ഐയുടെപേരിൽ ഒരു മതവിഭാഗത്തെ വൃണപ്പെടുത്തുന്ന തരത്തിൽ സ്ഥാപിച്ച ബോർഡുമായി എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്കോ പ്രവർത്തകർക്കോ ഒരു ബന്ധവുമില്ലെന്ന് തൃശൂർ ഏരിയ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു. ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ സ്ഥാപിച്ച ബോർഡിനെ അധികരിച്ച് നവമാധ്യമങ്ങളിലും മറ്റുമായി വ്യാപക വിദ്വേഷപ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസ്തുത ബോർഡ് സ്ഥാപിച്ചതുമായി എസ്എഫ്ഐ കേരളവർമ കോളേജ് യൂണിറ്റ് കമ്മിറ്റിക്ക് ഒരു ബന്ധവുമില്ല.

ചുവന്ന പ്രതലത്തിൽ എസ്എഫ്ഐയുടെ പേരും ചിത്രവും കുറിപ്പും സഹിതം തയ്യാറാക്കിയ പ്രസ്തുതബോർഡ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടയുടനെതന്നെ എടുത്തുമാറ്റുകയും ചെയ്തു. വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ബോർഡ് വിവാദം എസ്എഫ്ഐയെ ആക്രമിക്കുന്നതിന് ബോധപൂർവം ഉപയോഗിച്ചതായാണെന്ന് വ്യക്തം. ഒരു മതത്തെയോ, വ്യക്തിയേയോ തെറ്റായ ദിശയിൽ ചിത്രീകരിക്കുന്നത‌് എസ‌്എഫ‌്ഐയുടെ നയമല്ല. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ ഉയരുന്ന മുഴുവൻ കള്ളപ്രചാരണങ്ങളെയും തള്ളിക്കളയണമെന്നും, ഇത്തരം സംഭവങ്ങളെ കുറിച്ച‌് ജാഗ്രതവേണമെന്നും  എസ്എഫ്ഐ തൃശൂർ ഏരിയ കമ്മിറ്റി അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top