25 July Sunday

ആരോഗ്യ സര്‍വകലാശാല വിദ്യാർഥികൾക്ക്‌ ആന്റിജൻ പരിശോധന

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


തിരുവനന്തപുരം
തിങ്കളാഴ്ചമുതൽ ആരംഭിക്കുന്ന ആരോഗ്യസർവകലാശാല പരീക്ഷകൾക്ക്‌ മുന്നോടിയായി വിദ്യാർഥികൾക്ക്‌ ആന്റിജൻ പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവാകുന്നവർക്കുമാത്രം പ്രധാന ഹാളിലിരുന്ന്‌ പരീക്ഷയെഴുതാം. പോസിറ്റീവായ വിദ്യാർഥികളെ പ്രത്യേക ഹാളിലേക്ക്‌ മാറ്റും. മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന സർവകലാശാല യോഗത്തിലാണ് തീരുമാനം. ‌രോഗലക്ഷണമുള്ളവരിൽ ആന്റിജൻ പരിശോധന നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധനയും നടത്തും. 34 ഓളം പരീക്ഷകളുടെ വിവരങ്ങളാണ്‌ പ്രസിദ്ധീകരിച്ചത്‌. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി വീണ ജോർജ്‌ സർവകലാശാലയ്ക്ക് നിർദേശം നൽകി‌. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ റംലാബീവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


പ്രധാന തീരുമാനങ്ങൾ
●ഹോസ്റ്റലിലുള്ള വിദ്യാർഥികൾ കോവിഡ് പരിശോധന 
നേരത്തെ നടത്തണം
●ഹോസ്റ്റലിലെ വിദ്യാർഥികളും വീട്ടിൽ നിന്നുവരുന്നവരും തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല
● പരീക്ഷാ ഹാളിൽ രണ്ട്‌ മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ
● പോസിറ്റീവായ വിദ്യാർഥികളെ  പ്രാക്ടിക്കലിൽ പങ്കെടുക്കാൻ ഉടൻ അനുവദിക്കില്ല
● രോഗം സ്ഥിരീകരിച്ച്‌‌ 17 ദിവസം കഴിഞ്ഞ്‌ പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണം. ഈ വിദ്യാർഥികൾക്ക് പിന്നീട്‌ 
പ്രത്യേകം പ്രാക്ടിക്കൽ പരീക്ഷ നടത്തും
● വിദ്യാഭ്യാസസ്ഥാപനങ്ങൾ കണ്ടെയ്‌ൻമെന്റ് സോണിലാണെങ്കിൽ സർവകലാശാലയെ അറിയിക്കണം
●അത്തരം സ്ഥാപനങ്ങൾക്ക്‌ പരീക്ഷ നടത്താൻ 
സർക്കാരിന്റെ പ്രത്യേക അനുമതി
● കണ്ടെയ്‌ൻമെന്റ് സോണിലുള്ള വിദ്യാർഥികൾക്ക് 
യാത്രാനുമതി
● പൊതുഗതാഗതത്തിന് ബുദ്ധിമുട്ടുള്ളവർക്ക്‌ 
കോളേജിൽനിന്ന്‌ വാഹന സൗകര്യം ഒരുക്കണം

പ്രാക്ടിക്കൽ ക്ലാസുകൾ ജൂലൈ ഒന്നുമുതൽ
കൂടുതൽ പരിശോധനയ്‌ക്കുശേഷം ജൂലൈ ഒന്നോടെ പടിപടിയായി ആരോഗ്യസർവകലാശാല നേരിട്ടുള്ള പ്രാക്ടിക്കൽ, ക്ലിനിക്കൽ ക്ലാസുകൾ തുടങ്ങും. ആദ്യം അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകളായിരിക്കും. അത് വിലയിരുത്തി ക്രമേണ മറ്റ് ക്ലാസുകൾ തുടങ്ങും. തിയറി ക്ലാസുകൾ ഓൺലൈനായി തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top