കോൺഗ്രസ് പുനഃസംഘടന ; അതൃപ്തി പരസ്യമാക്കി നേതാക്കൾ , സുധാകരനെ മാറ്റേണ്ടെന്ന് ചാണ്ടി ഉമ്മൻ
തിരുവനന്തപുരം
കോൺഗ്രസ് നേതൃത്വം പൂർണമായും വി ഡി സതീശൻ കീഴ്‌പ്പെടുത്തുമെന്ന സംശയം ബലപ്പെട്ടതോടെ അസംതൃപ്തി പരസ്യമാക്കി നേതാക്കൾ. ചൊവ്വാഴ്‌ച ചാണ്ടി ഉമ്മൻ തുടങ്ങിവച്ച നിറയൊഴിക്കൽ മറ്റു നേതാക്കളും ഏറ്റുപിടിച്ചു. ‘സുധാകരനെ മറ്റേണ്ടതില്ല, തങ്ങൾക്ക് താൽപര്യമില്ലാത്തവരെ വി ഡി സതീശനും ഷാഫി പറമ്പിലും ചേർന്ന് ഒതുക്കുന്നു ’ എന്ന കൃത്യമായ സൂചനയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണത്തിലൂടെ പുറത്തുവന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തനിക്ക് മാത്രം ചുമതല നൽകാതിരുന്നത് ഒതുക്കൽ ലക്ഷ്യമിട്ടാണെന്നാണ് ചാണ്ടി ഉമ്മൻ തുറന്നടിച്ചത്. ഈ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് മുതിർന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും ചെന്നിത്തലയും രംഗത്തെത്തി. ചാണ്ടി ഉമ്മനെ ആക്ഷേപിക്കുംവിധത്തിലുള്ള പ്രതികരമാണ് രാഹുൽ മാങ്കൂട്ടത്തിലിൽനിന്നുണ്ടായത്. ‘പാലക്കാട്ടെ തന്റെ ഭൂരിപക്ഷമായ 18,000 ൽ ചാണ്ടി ഉമ്മന്റെ സംഭാവനയും ഉണ്ട് ’ എന്നാണ് രാഹുൽ പ്രതികരിച്ചത്. ചാണ്ടി ഉമ്മനെ പാലക്കാട്ടേക്ക് അടുപ്പിക്കാതിരുന്നത് കാലുവാരും എന്നുറപ്പുള്ളതുകൊണ്ടാണെന്ന് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുലിനൊപ്പമുള്ളവർ പ്രചരിപ്പിച്ചിരുന്നു.
കെ സുധാകരനെ പ്രായാധിക്യം, ഓർമക്കുറവ്, ആരോഗ്യപ്രശ്നം തുടങ്ങിയവ അലട്ടുന്നുവെന്ന ശക്തമായ പ്രചാരണം നടത്തി കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെറിപ്പിക്കാനുള്ള നീക്കത്തെ തുടർന്നാണ് പൊട്ടലും ചീറ്റലും തുടങ്ങിയത്. സുധാകരനെ നീക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്ന നിലപാടുകാരാണ് പരസ്യപ്രതികരണവുമായി രംഗത്തുവന്നത്.
സുധാകരനെ മാറ്റരുത്:
ചാണ്ടി ഉമ്മൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതല നൽകാതെ ഒതുക്കിയതിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മറ്റെല്ലാവർക്കും ചുമതല നൽകിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘‘അന്ന് പറയേണ്ടെന്ന് കരുതി മിണ്ടാതിരുന്നതാണ്. കെ സുധാകരനെ കെപിസിസി പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറ്റുന്നത് ചർച്ച ചെയ്യേണ്ടതുപോലുമില്ല. പ്രത്യേക സമുദായത്തിൽപ്പെട്ടയാൾ നേതൃസ്ഥാനത്തേക്ക് വരണമെന്ന് പറയില്ല. ഉമ്മൻചാണ്ടിക്കും കെ കരുണാകരനുമൊപ്പംനിന്നവരെ തഴഞ്ഞുവെന്ന് പരാതിയുണ്ട്. താഴേത്തട്ടിൽവരെ പാർടിക്കാരെ രണ്ടായി പരിഗണിക്കുന്ന രീതിക്ക് മാറ്റം ഉണ്ടാകണം’’–- ചാണ്ടി ഉമ്മൻ പറഞ്ഞു.
പരാതികൾ കേൾക്കണം:
കെ മുരളീധരൻ
കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നത് വസ്തുതയാണെന്നും അടിയന്തരമായി യോഗം വിളിച്ച് എല്ലാവരുടെയും പരാതികൾ കേൾക്കാൻ നേതൃത്വം തയ്യാറാവണമെന്നും കെ മുരളീധരൻ. സംഘടനയിൽ മൊത്തം പുകയുന്ന അസംതൃപ്തി പരിഹരിക്കണം. രാഷ്‌ട്രീയകാര്യ സമിതിയോ എക്സിക്യുട്ടീവോ ഉടൻ ചേരണം. യോഗം വിളിച്ചാലല്ലേ പരാതിയുള്ളവർക്ക് പറയാനാകൂ. യുവാവായ ചാണ്ടി ഉമ്മനുപോലും പരാതിയാണ്. കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ട ചർച്ചയിലേക്ക് പോലും കടക്കേണ്ടതില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പുകൾ വിജയിച്ചുകൊണ്ടിരിക്കുന്നത്–- മുരളീധരൻ പറഞ്ഞു.
പറഞ്ഞത് മനസ്സിൽതറച്ച
കാര്യത്തെക്കുറിച്ചാകും:
തിരുവഞ്ചൂർ
മനസിൽ തറച്ച കാര്യത്തെക്കുറിച്ചാകും ചാണ്ടി ഉമ്മൻ പറഞ്ഞതെന്ന് കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മൻ നടത്തിയ പരാമർശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുത്. സംഘടനയിൽ ഇപ്പോഴും പൂർണ ഐക്യമായിട്ടുണ്ടെന്ന് പറയാനാകില്ല. പുനഃസംഘടനയെപ്പറ്റി എല്ലാവരും പറയുന്നുണ്ടെങ്കിലും ഗൗരവമുള്ള ചർച്ചകളിലേക്ക് വന്നിട്ടില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
അന്വേഷിക്കണം: ചെന്നിത്തല
ചാണ്ടി ഉമ്മന്റെ പരാതി പരിശോധിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തിന് എന്തുകൊണ്ട് ചുമതല നൽകിയില്ല എന്നന്വേഷിക്കണം. മുംബൈയിലുണ്ടായിരുന്ന എംഎൽഎമാരെപോലും തിരിച്ചുവിളിച്ച് ചാർജ് കൊടുത്തതാണ്. ഇത് എങ്ങനെ സംഭവിച്ചെന്ന് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു.
0 comments