12 December Thursday

കേരള ട്രാവല്‍ മാര്‍ട്ട്–- 2020 സെപ്‌തംബറിൽ ; നൂതന ഉൽപ്പന്നങ്ങൾ അവതരിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


തിരുവനന്തപുരം
കേരള ട്രാവൽ മാർട്ടിന്റെ പതിനൊന്നാം പതിപ്പ്‌ അടുത്ത സെപ്തംബർ  24 മുതൽ 27 വരെ കൊച്ചിയിൽ നടക്കുമെന്ന്‌ ടൂറിസം ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഹസിക വിനോദസഞ്ചാരം, മൈസ് ടൂറിസം, ചാമ്പ്യൻസ് ബോട്ട് ലീഗ് എന്നിവയ്ക്ക് പുത്തൻ വിപണി കണ്ടെത്തുന്നതിന്‌ മാർട്ട്‌ സഹായകമാകും. ആഗോളതലത്തിൽ മികച്ച ബയേഴ്സിനെ കണ്ടെത്തുന്നതിനും ‘കേരള ട്രാവൽ മാർട്ട് 2020' പ്രാമുഖ്യം നൽകും.

കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ സാഗര, സമുദ്രിക കൺവൻഷൻ സെന്ററിൽ നാല് ദിവസം പ്രദർശനവും കൂടിക്കാഴ്ചകളും ഒരുക്കും. രണ്ടുദിവസം അന്താരാഷ്ട്ര ബയേഴ്സ്, മൈസ് (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കൺവൻഷൻസ് ആൻഡ് എക്സിബിഷൻസ്), കോർപറേറ്റ് മേഖലകളിലുള്ളവർക്ക് പ്രത്യേകം കൂടിക്കാഴ്ചകൾക്കായി നീക്കിവയ്‌ക്കും. രണ്ടുദിവസം ആഭ്യന്തര ബയർമാർക്കും മറ്റ് അനുബന്ധ സേവനദാതാക്കൾക്കുമുള്ള മീറ്റിങ്ങുകൾക്കായും മാറ്റിവയ്‌ക്കും. അവസാന ദിവസം ഉച്ചയ്ക്കുശേഷം പൊതുജനങ്ങൾക്ക് മാർട്ട് കാണാൻ അവസരം നൽകും.

2018ലെ കാലാവസ്ഥാ പ്രതിസന്ധിക്കുശേഷം നടത്തിയ കേരള ട്രാവൽ മാർട്ട് ടൂറിസം വ്യവസായത്തിന് പുതിയ ഉത്തേജനം നൽകി. ഇതിന്റെ ചുവടുപിടിച്ച് അന്താരാഷ്ട്ര- ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ട്‌ പുതിയ ടൂറിസം ഉൽപ്പന്നങ്ങൾ ട്രാവൽ മാർട്ടിൽ അവതരിപ്പിക്കും.സാഹസിക വിനോദസഞ്ചാരം എന്ന ഉൽപ്പന്നം കെടിഎം 2020 മുന്നോട്ടുവയ്ക്കും. ട്രക്കിങ്‌, പർവതാരോഹണം, റിവർ റാഫ്റ്റിങ്, പാരാ ഗ്ലൈഡിങ്‌, ഓഫ് റോഡിങ്‌ തുടങ്ങിയ നവീന ഉൽപ്പന്നങ്ങളാണ് സംസ്ഥാനത്ത് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്.

അന്താരാഷ്ട്രമേളകൾക്ക് വേദിയാകാനുള്ള എല്ലാ അടിസ്ഥാന സൗകര്യവും കേരളത്തിലുണ്ട്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തി മൈസ് ടൂറിസത്തിന് പുത്തൻ വിപണി കണ്ടെത്താൻ കെടിഎം 2020 ഊന്നൽ നൽകും. ഇന്ത്യ കൺവൻഷൻ പ്രൊമോഷൻ ബ്യൂറോ (ഐസിപിബി) കേരള ചാപ്റ്റർ ഇതിന് നേതൃത്വം നൽകും. മഴവെള്ള സംഭരണം, ഹരിതമേഖലകൾ വർധിപ്പിക്കൽ, പ്ലാസ്റ്റിക്കിന്റെ പരിമിത ഉപയോഗം തുടങ്ങി ഒമ്പതിന സർക്കാർ നിർദേശങ്ങൾ ട്രാവൽമാർട്ട് നടപ്പാക്കുന്നു.

കെടിഎം സൊസൈറ്റി പ്രസിഡന്റ്‌ ബേബി മാത്യു, വൈസ്‌ പ്രസിഡന്റ്‌ എസ് സ്വാമിനാഥൻ, സെക്രട്ടറി ജോസ് പ്രദീപ്, ട്രഷറർ സ്കറിയ ജോസ്, എബ്രഹാം ജോർജ്, ഇ എം നജീബ്, റിയാസ് അഹമ്മദ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top