06 October Sunday

ശ്രദ്ധയാകർഷിച്ച് 'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024

തിരുവനന്തപുരം> കേരളത്തിന്റെ വിനോദസഞ്ചാര വൈവിധ്യങ്ങളും ദൃശ്യചാരുതയും പകർത്തിയ കേരള ടൂറിസത്തിന്റെ 'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ സഞ്ചാരികളുടെ ശ്രദ്ധനേടി.

"മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ.." എന്നു തുടങ്ങുന്ന വീഡിയോയിൽ കായലും കടലും മലയോരങ്ങളുമടങ്ങിയ കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി കടന്നുവരുന്നു. ഏതു കാലാവസ്ഥയ്ക്കുമിണങ്ങിയ ടൂറിസം ഡെസ്റ്റിനേഷൻ എന്ന കേരളത്തിന്റെ സവിശേഷത വിളിച്ചോതി സഞ്ചാരികളെ ആകർഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും ആഘോഷങ്ങളും നാടൻ ഭക്ഷണവുമെല്ലം വീഡിയോയുടെ ഭാഗമാണ്.

കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് വീഡിയോ പുറത്തിറക്കിയത്. തുടർന്ന് കേരള ടൂറിസത്തിന്റെ യൂ ട്യൂബ് പേജ് ഉൾപ്പെടെയുള്ളവയിൽ അപ്‌ലോഡ് ചെയ്ത വീഡിയോ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ടുള്ളതാണ്.

കായൽഭംഗിയിലൂടെ ശാന്തമായി ഒഴുകുന്ന ഹൗസ് ബോട്ട്, ഓളത്തിമിർപ്പേറ്റി മുന്നോട്ടുപായുന്ന ചുണ്ടൻവള്ളങ്ങൾ, ഗ്രാമപ്രകൃതിയിലൂടെ ചുവടുവച്ചു നീങ്ങുന്ന നാടൻകലാ രൂപങ്ങളിലെ മിഴിവ്, കാവുകളിലെ തെയ്യക്കോലങ്ങൾ, തൃശ്ശൂർ പൂരത്തിലെ കുടമാറ്റം, പുലികളി, കളരിപ്പയറ്റ് തുടങ്ങി കേരളനാടിന്റെ സവിശേഷതകളെല്ലം തെളിമയോടെ വീഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നു.

അതിസുന്ദരമായ കടൽത്തീരങ്ങൾ, കുട്ടനാടിന്റെ കായൽസൗന്ദര്യം, ഹൈറേഞ്ചിൻറെ മോഹിപ്പിക്കുന്ന ഭംഗി, അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം, ജഡായുപ്പാറയുടെ ആകാശക്കാഴ്ച പകരുന്ന വിസ്മയം, നയനാനുഭൂതി പകരുന്ന ഉദയാസ്തമയങ്ങൾ, വയലേലകളുടെ ഗ്രാമീണത തുടങ്ങി മലയാളനാടിൻറെ കൈയൊപ്പു പതിഞ്ഞ കാഴ്ചകളോരോന്നും 'എന്റെ കേരളം എന്നും സുന്ദര'ത്തിൽ കടന്നുവരുന്നു. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്ന കേരളനാടിൻറെ ഒത്തൊരുമയും വീഡിയോ ഓർമ്മിപ്പിക്കുന്നുണ്ട്.

കേരളത്തിന്റെ കാഴ്ചവൈവിധ്യത്തിന് ഓളം തീർക്കാൻ പോന്നതാണ് കേരള ടൂറിസത്തിനായി പ്രയാൺ ബാൻഡ് ഒരുക്കിയ ഗാനം. ചടുലതാളവും വരികളിലെ കേരളീയതയും വീഡിയോ ഗാനത്തെ ആകർഷണീയമാക്കുന്നു. സന്തോഷ് വർമ്മയും എംസി കൂപ്പറും ചേർന്നാണ് വരികൾ എഴുതിയത്. ആര്യ ദയാലും ഗൗരി ലക്ഷ്മിയും എംസി കൂപ്പറും അജിത് സത്യനും ചേർന്ന് ആലപിച്ചിരിക്കുന്നു. ആത്തിഫ് അസീസ് ആണ് സംവിധാനം. ശരത് ചന്ദ്രൻ എഡിറ്റിംഗും ഹരി കളറിംഗും നിർവ്വഹിച്ച വീഡിയോയുടെ മിക്സിംഗ് ലേ ചാൾസ് ആണ്. മൈത്രി അഡ്വർടൈസിംഗ് വർക്സ് ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.

ചെറിയ വീഡിയോ ഉള്ളടക്കത്തിൽ കേരളത്തിന്റെ ടൂറിസം വൈവിധ്യങ്ങളും പ്രധാന ഡെസ്റ്റിനേഷനുകളും തനത് കാഴ്ചകളും ചീത്രീകരിക്കുന്ന വീഡിയോ ആഭ്യന്തര, അന്തർദേശീയ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണ്. നൂതന ടൂറിസം പദ്ധതികളും ഉത്പന്നങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള സമൂഹ മാധ്യമ പ്രചാരണത്തിലൂടെ  സഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആഭ്യന്തര സഞ്ചാരകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ് നേടാൻ കേരളത്തിന് സാധിച്ചിരുന്നു. വിദേശ സഞ്ചാരികളുടെ വരവിലും ക്രമാനുഗതമായ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. പുതിയ ടൂറിസം സീസണിലും ഈ പ്രവണത തുടരാനാണ് കേരള ടൂറിസം ലക്ഷ്യമിടുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top