27 September Monday

കോവിഡ് ഓഡിറ്റഡ് പൊതുവിടം പദ്ധതി മാതൃകയാക്കണം : ടൂറിസം മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

തിരുവനന്തപുരം> കോവിഡ് കാലത്ത് ആര്‍ക്കും സുരക്ഷിതരായി ആശങ്കയില്ലാതെ സന്ദര്‍ശിക്കാവുന്ന പൊതുവിടങ്ങള്‍ എന്നത് ആവശ്യമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡും ടൂറിസവും തമ്മിലുള്ള യുദ്ധത്തില്‍ ടൂറിസം തോറ്റു പിന്മാറാന്‍ തയാറല്ല. കോവിഡിന്റെ വെല്ലുവിളിക്ക് ഇടയിലും മാതൃകയാക്കാവുന്ന നിരവധി പദ്ധതികള്‍ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇന്‍-കാര്‍ ഡൈനിങ്, ബയോബബിള്‍ ടൂറിസം, വാക്‌സിനേഷന്‍ ഡെസ്റ്റിനേഷനുകള്‍ എന്നിങ്ങനെ നിരവധി നൂതന പദ്ധതികള്‍ നടപ്പിലാക്കിക്കഴിഞ്ഞു. ഈ തലത്തിലേക്ക് എത്തുന്ന പുതിയ പദ്ധതിയാണ് കോവളം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റസ് വില്ലേജ് ആവിഷ്‌കരിച്ച കോവിഡ് ഓഡിറ്റഡ് പൊതുവിടം എന്നത്. ഇത് മറ്റിടങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒരു പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രാഫ്റ്റ്‌സ് വില്ലേജിനെ ലോകത്തെ ആദ്യത്തെ കോവിഡ് ഓഡിറ്റഡ് പൊതുവിടമാക്കാനുള്ള പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂറിസം, കലാ മേഖലകള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കോവളം എം.എല്‍.എ. എം. വിന്‍സെന്റ്, ടൂറിസം അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു, ഡോക്റ്റര്‍മാരായ എസ്.എസ്. സന്തോഷ്, ജി. അജിത്, സാംസ്‌ക്കാരികരംഗത്തുനിന്നുള്ള മേതില്‍ ദേവിക, ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാമ്പസാകെ കോവിഡ് ഓഡിറ്റ് നടത്തി കോവിഡ് മുക്തമാണെന്ന് ഉറപ്പാക്കി സുരക്ഷാക്രമീകരണങ്ങളോടെ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ക്രാഫ്റ്റ്‌സ് വില്ലേജിനെ സജ്ജമാക്കാനുള്ളതാണ് പദ്ധതി. സന്ദര്‍ശകര്‍ക്കു ബാധകമാകുന്ന നിബന്ധനകളും ഇതിന്റെ ഭാഗമായി നിശ്ചയിക്കും. ക്രാഫ്റ്റ് വില്ലേജ് ജീവനക്കാര്‍ക്കും നിബന്ധനകള്‍ നടപ്പാക്കും.

വാക്‌സിനേഷന്‍ പൂര്‍ണ്ണതയിലേക്കു നീങ്ങുകയും കോവിഡ് ഒഴിഞ്ഞുപോയേക്കാമെന്ന പ്രതീക്ഷ ഉണരുകയും കോവിഡിനൊപ്പം ജീവിക്കാന്‍ മനുഷ്യര്‍ സന്നദ്ധരാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ടൂറിസം രംഗത്തിനു ബാധകമായതും പൊതുവില്‍ ഉള്ളതുമായ സര്‍ക്കാരിന്റെ അതതു സമയത്തെ കോവിഡ് പ്രോട്ടോക്കോളുകള്‍ക്ക് അനുസരിച്ച് ഓഡിറ്റിങ്ങും സുരക്ഷാക്രമീകരണങ്ങളും നടപ്പാക്കുന്നത്.

നിപ്പയെ ആദ്യം തിരിച്ചറിഞ്ഞതിലൂടെ ശ്രദ്ധേയനായ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ.എ.എസ് അനൂപ് കുമാര്‍, യുദ്ധഭൂമികളില്‍ സേവനത്തിനായി പോകുകയും മഹാരാഷ്ട്രയിലെയും കാസര്‍കോട്ടെയും കോവിഡ് നിയന്ത്രണയത്‌നങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും ചെയ്ത അനുഭവസമ്പത്തുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, ചിത്രകാരനും സാംസ്‌കാരികസംഘാടകനുമായ ഡോ. ജി. അജിത്, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെസ്റ്റിങ് ലാബായ കോഴിക്കോട് മാറ്റര്‍ ലാബിന്റെ അസി. ജനറല്‍ മാനേജര്‍ ഫ്രെഡി സോമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വില്ലേജില്‍ പരിശോധന നടത്തി പദ്ധതി ആവിഷ്‌ക്കരിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top