Deshabhimani

സംസ്ഥാന സർക്കാർ ഡിസൈന്‍ പോളിസി വിനോദസഞ്ചാരമേഖലയ്ക്ക് ഗുണംചെയ്യും: മന്ത്രി മുഹമ്മദ്‌ റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 08:58 AM | 0 min read

കൊല്ലം> ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള പദ്ധതി വ്യാപകമാക്കിയാൽ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഗുണംചെയ്യുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രൂപകൽപ്പനാ നയത്തിന്റെ (ഡിസൈൻ പോളിസി) ഭാഗമായി കൊല്ലം എസ്എൻ കോളേജിനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിന്റെ അടിഭാഗം സൗന്ദര്യവൽക്കരിക്കുന്ന പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ ക്രിയാത്മകമായി വിനിയോ​ഗിച്ചാൽ ജനങ്ങൾക്ക് ഒത്തുകൂടാനും വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള ഇടങ്ങളായി മാറും. ക്രമേണ ഇത് ടൂറിസം സ്പോട്ടുകളാകും. വിനോദസഞ്ചാരികളെ ആകർഷിക്കാനാകുന്ന തരത്തിലേക്ക് ഇത്തരം ഇടങ്ങളെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.

2025ൽ കൊല്ലത്തിന് പുതുവർഷ സമ്മാനമായി പദ്ധതി പൂർത്തിയാക്കും. പാലങ്ങളുടെ അടിവശം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ മാലിന്യം നിക്ഷേപിക്കുന്നതിനും ലഹരി ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമുള്ള ഇടമായി മാറുന്നുണ്ട്. ഇതിനും പരിഹാരമാകും. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പദ്ധതിയുടെ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മേൽപ്പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദ മാതൃകാ പൊതുഇടങ്ങളാക്കി മാറ്റുന്ന രൂപകൽപ്പനാ നയത്തിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള ആദ്യ പദ്ധതിക്കാണ് കൊല്ലത്ത് തുടക്കമായത്.
എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർമാരായ എ കെ സവാദ്, സജീവ് സോമൻ, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, കലക്ടർ എൻ ദേവിദാസ്, ടൂറിസം അഡീഷണൽ ഡയറക്ടർ പി വിഷ്ണുരാജ്, ഡിടിപിസി സെക്രട്ടറി ജ്യോതിഷ് കേശവ്, കെടിഐഎൽ ഡയറക്ടർ മനോജ് കുമാർ കിണി തുടങ്ങിയവരും പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home