11 December Wednesday

‘കുട്ടികളുടെ 
ഒളിമ്പിക്‌സ്‌’ 
നാളെമുതൽ ; അത്‌ലറ്റിക്സ്‌, ഗെയിംസ്‌ മത്സരങ്ങൾ ഒരു കുടക്കീഴിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024


കൊച്ചി
അത്‌ലറ്റിക്സ്‌, ഗെയിംസ്‌ മത്സരങ്ങൾ ഒരു കുടക്കീഴിൽ ഒളിമ്പിക്സിലേതുപോലെ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക്‌ തിങ്കളാഴ്ച തുടക്കമാകും. എറണാകുളം മഹാരാജാസ്‌ കോളേജ്‌ മൈതാനമാണ്‌ മുഖ്യവേദി. വൈകിട്ട്‌ നാലിന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  ഉദ്‌ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ്‌ അംബാസഡറായ ഹോക്കിതാരം പി ആർ ശ്രീജേഷ്‌ ദീപം കൊളുത്തും. സാംസ്‌കാരിക സമ്മേളനം നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യും.

മത്സരങ്ങൾ ചൊവ്വാഴ്‌ച മുതലാണ്‌. 11ന്‌ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.കാൽലക്ഷത്തോളം കുട്ടികൾ 17 വേദികളിലായി വിവിധ ഇനങ്ങളിൽ പങ്കെടുക്കും. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള മത്സരങ്ങളും കായികമേളയ്‌ക്കൊപ്പം നടക്കുന്നുണ്ട്‌. ആദ്യമായി ഗൾഫ്‌നാടുകളിലെ സ്‌കൂളുകളിൽനിന്നുള്ള കുട്ടികളും മത്സരിക്കാനെത്തും.

അത്‌ലറ്റിക്സ്‌ ഏഴുമുതൽ 11വരെയാണ്‌. ടെന്നീസ്‌, ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്‌, ജുഡോ, ഫുട്‌ബോൾ, ത്രോബോൾ, സോഫ്‌റ്റ്‌ബോൾ, ഹാൻഡ്‌ബോൾ, ഖോ ഖോ, ബോക്സിങ്, പവർലിഫ്‌റ്റിങ്, ഫെൻസിങ്, ക്രിക്കറ്റ്‌, നീന്തൽ മത്സരങ്ങൾ ചൊവ്വാഴ്‌ച തുടങ്ങും.


ഗതാഗതക്രമീകരണം ഉറപ്പാക്കും
സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച്‌ ജില്ലാ ഭരണനേതൃത്വവും പൊലീസും ചേർന്ന് ഗതാഗതക്രമീകരണം ഉറപ്പുവരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഗസ്റ്റ് ഹൗസിൽ കായികമേളയുടെ സബ് കമ്മിറ്റി കൺവീനർമാരുടെ യോഗത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികമേളയുടെ വിജയത്തിന് വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഉണ്ടാകണമെന്ന്‌ മന്ത്രി നിർദേശിച്ചു.

ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ നടക്കുന്ന മഹാരാജാസ് കോളേജ് മൈതാനത്തേക്ക്‌ ആവശ്യമായ പൊലീസ് സേനയെ വിന്യസിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് സജ്ജമാക്കാൻ മന്ത്രി പൊലീസിന്‌ നിർദേശം നൽകി. പെൺകുട്ടികൾ താമസിക്കുന്നയിടത്ത് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. രക്ഷിതാക്കൾക്കും കുട്ടികൾക്കും അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ തയ്യാറാക്കാനും അദ്ദേഹം നിർദേശിച്ചു.

മെഡിക്കൽ സേവനം ഏതു സമയത്തും ഉറപ്പുവരുത്തണം. മഴ പെയ്താൽ അടിയന്തരനടപടി സ്വീകരിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയുടെ ഭാഗമായി രാത്രി, കുട്ടികളുടെ സഞ്ചാരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. കുടിവെള്ളലഭ്യത ഉറപ്പുവരുത്തണം. ഗതാഗത തടസ്സം നേരിടുന്നയിടങ്ങളിൽ പെട്ടെന്ന് ഇടപെടുന്നതിന്‌ മൊബൈൽ ട്രാഫിക് ടീമിനെ നിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ സുഗമയാത്രയ്‌ക്ക് കൊച്ചി മെട്രോയുമായി ചേർന്ന്‌ സൗകര്യം ഏർപ്പെടുത്തുമെന്ന് കലക്ടർ എൻ എസ് കെ ഉമേഷ്‌ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top