21 March Thursday

വരവേറ്റു, വീരോചിതം

പ്രത്യേക ലേഖകർUpdated: Monday Feb 18, 2019

തിരുവനന്തപുരം /കാസർകോട‌് > കേരളത്തിന്റെ തുടിപ്പുകള്‍ ഏറ്റുവാങ്ങി കേരള സംരക്ഷണയാത്രകൾക്ക‌്  വീരോചിത വരവേൽപ്പ‌്.  കർഷക സമരഭൂമികളിലും  നവോത്ഥാന നായകരുടെ സ‌്മരണകളുറങ്ങുന്ന പ്രദേശങ്ങളിലൂടെയുമായിരുന്നു ഞായറാഴ‌്ചത്തെ പ്രയാണം. ജനജീവിതം ദുസ്സഹമാക്കിയ മോഡി സർക്കാരിനെ തൂത്തെറിയുമെന്നും കേരളത്തിലെ ജനകീയ സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രഖ്യാപിച്ചുള്ള യാത്രകളെ സ്വീകരിക്കാൻ ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളെത്തി.

രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായ ടെക്നോപാർക്കിനരികിലെ കഴക്കൂട്ടത്തായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻ മേഖലാ യാത്രയ‌്ക്കുള്ള  ആദ്യ സ്വീകരണം. ടെക്കികൾ അടക്കം നിരവധി പേർ സ്വീകരണകേന്ദ്രത്തിലെത്തി.  കയർ തൊഴിലാളികളുടെ കേന്ദ്രമായ ചിറയിൻകീഴിലെ ശാർക്കരയിലും ശ്രീനാരായണ ഗുരുവിന്റെ സ‌്മരണകളിരമ്പുന്ന വർക്കലയിലും കിളിമാനൂരിലും വൻവരവേൽപ്പ‌് ലഭിച്ചു.  തിങ്കളാഴ്ച കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും. ചാത്തന്നൂർ, കുണ്ടറ, ചവറ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കൊല്ലത്തു സമാപിക്കും.

  ലീഡർ കോടിയേരി ബാലകൃഷ‌്ണൻ, കെ പ്രകാശ‌് ബാബു (സിപിഐ), പി സതീദേവി (സിപിഐ എം),  പി കെ രാജൻ (എൻസിപി), ബിജിലി ജോസഫ് (ജനതാദൾ ) യു ബാബു  ഗോപിനാഥ‌് ( കോൺഗ്രസ‌് എസ‌് ), ഡീക്കൻ തോമസ‌് കയ്യത്ര (കേരള കോൺഗ്രസ‌്), ഡോ. വറുഗീസ‌് ജോർജ‌് (ലോക‌് താന്ത്രിക‌് ജനതാദൾ), കാസിം ഇരിക്കൂർ (ഐഎൻഎൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യു (കേരള കോൺഗ്രസ‌്  ബി) എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന  വടക്കൻ മേഖലാ യാത്ര കടന്നുപോയത‌്  കയ്യൂരിന്റെയും  കരിവെള്ളൂരിന്റെയും പോരാട്ട വീഥികളിലൂടെയായിരുന്നു. നാലുവരി ദേശീയപാതയും ഗെയിൽ പൈപ്പ‌് ലൈനും  പള്ളിക്കര  റെയിൽവേ മേൽപ്പാലവും  യാഥാർഥ്യമാകാൻ പോകുന്നതിന്റെ  ആഹ്ലാദം അലയടിക്കുന്ന മണ്ണിലൂടെയുള്ള യാത്ര.

ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലിൽനിന്നാണ‌് യാത്ര തുടങ്ങിയത‌്. നോർത്ത‌് കോട്ടച്ചേരി(കാഞ്ഞങ്ങാട‌്)യിലെയുംകാലിക്കടവി(തൃക്കരിപ്പൂർ) ലെയും സ്വീകരണത്തിനുശേഷം  പയ്യന്നൂരിൽ സമാപിച്ചു. തിങ്കളാഴ‌്ച പഴയങ്ങാടി, തളിപ്പറമ്പ‌് തൃഛംബരം, ശ്രീകണ‌്ഠപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം  മട്ടന്നൂരിൽ സമാപിക്കും. ലീഡർ കാനം രാജേന്ദ്രൻ, ജാഥാംഗങ്ങളായ  എം വി ഗോവിന്ദൻ (സിപിഐ എം),  അഡ്വ. പി വസന്തം (സിപിഐ), സി കെ ദാമോദരൻ (ജനതാദൾ എസ‌്), അഡ്വ. ബാബു കാർത്തികേയൻ (എൻസിപി), സി ആർ വത്സലൻ (കോൺഗ്രസ‌് എസ‌്), പ്രൊഫ.  ഷാജി കടമല (കേരള കോൺഗ്രസ‌് സ‌്കറിയ), ഷേക‌് പി ഹാരീസ‌് (ലോക‌്താന്ത്രിക‌് ജനതാദൾ), എ പി അബ്ദുൾ വഹാബ‌് (ഐഎൻഎൽ), അഡ്വ. എ ജെ ജോസഫ‌് (ജനാധിപത്യ കേരള കോൺഗ്രസ‌് ), നജ‌ീബ‌് പാലക്കണ്ടി (കേരള കോൺഗ്രസ‌് ബി) എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top