29 February Saturday
സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും പുരസ്കാരങ്ങളും സമ്മാനിച്ചു

കൃതികളിലൂടെ വെളിച്ചം പകര്‍ന്നവര്‍ക്ക് കേരള സാഹിത്യ അക്കാദമിയുടെ ആദരം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാപുരസ്കാരങ്ങളും നേടിയവർ വിശിഷ്ടാതിഥികൾക്കൊപ്പം


തൃശൂർ
മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ച് ഇരുട്ട്‌ പടർത്തുന്ന കാലത്ത്, തങ്ങളുടെ കൃതികളിലൂടെ നാടിന് വെളിച്ചം പകർന്നവർക്ക് ആദരമേകി കേരള സാഹിത്യ അക്കാദമിയുടെ 63–-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. പിറന്നമണ്ണിൽ പൗരത്വം ചോദ്യംചെയ്യപ്പെടുകയും ഭരണഘടനാമൂല്യങ്ങൾ പിച്ചിച്ചീന്തുകയും ചെയ്യുന്ന കാലത്ത്  കരുതിയിരിക്കുക എന്ന സന്ദേശം ചടങ്ങിൽ അലയടിച്ചു. അക്കാദമി ഓഡിറ്റോറിയത്തിൽ മന്ത്രി എ കെ  ബാലൻ വാർഷികാഘോഷം  ഉദ്ഘാടനം ചെയ്‌തു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാപുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. എം മുകുന്ദൻ, കെ ജി ശങ്കരപ്പിള്ള എന്നിവർ വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി.  ഡോ. സ്കറിയ സക്കറിയ, ഡോ. ഒ എം അനുജൻ, എസ് രാജശേഖരൻ, മണമ്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവർ സമഗ്രസംഭാവനാ പുരസ്കാരം ഏറ്റുവാങ്ങി. 


 

അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷനായി.  മന്ത്രി  വി എസ് സുനിൽകുമാർ മുഖ്യാതിഥിയായി. ഇ പി രാജഗോപാലൻ വിശിഷ്ടാംഗങ്ങളെയും ഡോ. മ്യൂസ് മേരി ജോർജ്‌ സമഗ്രസംഭാവനാ പുരസ്കാരജേതാക്കളെയും പരിചയപ്പെടുത്തി.  അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ സ്വാഗതവും ടി പി വേണുഗോപാലൻ നന്ദിയും പറഞ്ഞു. 

എഴുത്തും തുല്യനീതിയും എന്ന സെമിനാർ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ ജി ശങ്കരപ്പിള്ള അധ്യക്ഷനായി. സാറ ജോസഫ്, കെ ഇ എൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. കെ പി മോഹനൻ സ്വാഗതവും ഇ ഡി ഡേവിസ് നന്ദിയും പറഞ്ഞു.   ചൊവ്വാഴ്ച രാവിലെ പത്തിന് എഴുത്തും കാഴ്ചപ്പാടും എന്ന  സെമിനാർ കന്നഡ നോവലിസ്റ്റ് എസ്  എൽ ഭൈരപ്പ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം എം നാരായണൻ മോഡറേറ്ററാകും. പകൽ രണ്ടിന്  എസ് എൽ ഭൈരപ്പയുടെ പർവം എന്ന നോവലിന്റെ പ്രകാശനം കെ ജി ശങ്കരപ്പിള്ള നിർവഹിക്കും. ബി എം സുഹറ ഏറ്റുവാങ്ങും.  

പകൽ മൂന്നിന് അക്കാദമി അവാർഡും  എൻഡോവ്മെന്റ് അവാർഡുകളും അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ സമ്മാനിക്കും.  അക്കാദമി വൈസ് പ്രസിഡന്റ്‌ ഡോ. ഖദീജ മുംതാസ് അധ്യക്ഷയാവും. പുരസ്കാരജേതാക്കളെ ആലങ്കോട് ലീലാകൃഷ്ണനും ഡോ. സി രാവുണ്ണിയും പരിചയപ്പെടുത്തും.


പ്രധാന വാർത്തകൾ
 Top