രാജ്യത്തെ വനിതാ തൊഴില്‍ പങ്കാളിത്തം വര്‍ധിച്ചതില്‍ കേരളത്തിന്‍റെ പങ്ക് നിസ്തുലം: സൂസന്‍ ഫെര്‍ഗൂസന്‍
ഇടുക്കി > ഇന്ത്യയില്‍ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം ഗണ്യമായി വര്‍ധിച്ചതില്‍ കേരളത്തിന്‍റെ സംഭാവന നിസ്തുലമാണെന്ന് യുഎന്‍ വിമന്‍ ഇന്ത്യയുടെ മേധാവി സൂസന്‍ ഫെര്‍ഗൂസന്‍. വനിതകളുടെ സുരക്ഷ, എല്ലാവരെയും ഉള്‍ക്കൊള്ളല്‍, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലയില്‍ കൈക്കൊണ്ട നടപടികള്‍ ഇതിന് സഹായകരമായി എന്നും അവര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയും സംയുക്തമായി ഇടുക്കി ജില്ലയിലെ മാങ്കുളത്ത് സംഘടിപ്പിച്ച ത്രിദിന ലിംഗസമത്വ-ഉത്തരവാദിത്ത ആഗോള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സുരക്ഷ സമാന്തരമായി വനിതാ ടൂറിസ്റ്റുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അതോടൊപ്പം ഈ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്തം കൂടാനും ഈ നടപടികള്‍ സഹായിക്കും. സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച പൊതുമനോഭാവം തിരുത്തുന്നതില്‍ കേരളം നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകില്ല.
കേരള ടൂറിസത്തിന്‍റെ ലിംഗനീതി പരിപാടികളുമായി യുഎന്‍ വിമന്‍ പൂര്‍ണ സഹകരണമുണ്ടാകും. പരിശീലന പരിപാടികള്‍, വനിതാസൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍, സുരക്ഷ, നയരൂപീകരണം, അടിസ്ഥാന സൗകര്യവികസനം എന്നിവയ്ക്കുള്ള സാങ്കേതിക സഹകരണം നല്‍കും.
കേരളം തയ്യാറാക്കിയ ലിംഗനീതി ഓഡിറ്റ് റിപ്പോര്‍ട്ട് അതീവതാത്പര്യത്തോടെയാണ് യുഎന്‍ വിമന്‍ കാണുന്നത്. അതിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലൂടെ കേരളം രാജ്യത്തിനാകെ മാതൃകയാവുകയാണെന്നും അവര്‍ പറഞ്ഞു. ടൂറിസം മേഖലയ്ക്ക് മാത്രമല്ല, ഗാര്‍ഹികപീഡനം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയവക്കെതിരായ രേഖ കൂടിയാണിത്. ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീസൗഹൃദമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമാറ്റങ്ങളുള്‍പ്പെടെ ഈ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടെന്നും അവര്‍ പറഞ്ഞു.
0 comments