19 September Saturday

നാല്‌ വർഷം: പൊലീസിൽ മാത്രം 4965 പുതിയ തസ്‌തിക; 591 തസ്‌തിക വനിതകളുടേത്

റഷീദ‌് ആനപ്പുറംUpdated: Wednesday Aug 5, 2020

തിരുവനന്തപുരം > നാലുവർഷംകൊണ്ട്‌ പൊലീസിൽ മാത്രം സർക്കാർ സൃഷ്‌ടിച്ചത്‌ 4965 പുതിയ തസ്‌തിക. സിവിൽ പൊലീസ്‌ ഓഫീസർ മുതൽ സയന്റിഫിക്‌ ഓഫീസർമാർവരെ ഇതിൽപ്പെടും. 591 തസ്‌തിക വനിതകളുടേതാണ്‌. രണ്ട് ഘട്ടങ്ങളിലായി പ്രതീക്ഷിത ഒഴിവിലേക്ക്‌ 2800 താൽക്കാലിക ട്രെയിനിങ്‌‌ തസ്‌തികയും സൃഷ്‌ടിച്ചു.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആരംഭിച്ച പൊലീസ്‌ സ്‌റ്റേഷനുകളിലേക്കുള്ള തസ്‌തികയും എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌ സൃഷ്‌ടിച്ചത്‌. കേരളത്തിലെ ആദ്യവനിതാ ബറ്റാലിയന്‌ 451 തസ്‌തികയും സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനായി (എസ്‌ഐഎസ്‌എഫ്) 2480 തസ്‌തികയും സൃഷ്‌ടിച്ചു. കേരളത്തിൽ ആദ്യമായാണ്‌ കുറഞ്ഞകാലം കൊണ്ട്‌ ഇത്രയേറെ തസ്‌തിക സൃഷ്‌ടിച്ചത്‌.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നതിന്‌ തൊട്ടടുത്ത മാസം പൊലീസ്‌ ബാന്റിലേക്ക്‌ ഏഴ്‌ തസ്‌തിക സൃഷ്‌ടിച്ചു. അതേ മാസംതന്നെ ട്രൈബൽ വിഭാഗത്തിൽ സ്‌പെഷ്യൽ റിക്രൂട്‌മെന്റിന്‌ 75 തസ്‌തികയ്‌ക്ക്‌ അനുമതി നൽകി. ഡ്രൈവർ ക്ഷാമം പരിഹരിക്കാൻ 2017 ജനുവരിയിൽ ഒറ്റയടിക്ക്‌ 400 തസ്‌തിക സൃഷ്‌ടിച്ചു. പിന്നീട്‌ വിവിധ ഘട്ടങ്ങളിലായി 68 ഡ്രൈവർ തസ്‌തിക കൂടി സൃഷ്‌ടിച്ചു. ഏറ്റവും കൂടുതൽ തസ്‌തിക സൃഷ്‌ടിച്ചത്‌ എസ്‌ഐഎസ്‌എഫിനാണ്‌. 2480 എണ്ണം. ഇതിൽ 144 തസ്‌തിക കൊച്ചി മെട്രോയ്‌ക്കാണ്‌‌.

കഴിഞ്ഞ ജനുവരി ഒമ്പതിന്‌ മാത്രം 2000 തസ്‌തിക സൃഷ്‌ടിച്ചു‌. ഇതിൽ 1000 തസ്‌തികയിലാണ്‌ ആദ്യ ഘട്ട നിയമനം. പ്രത്യേക വിജ്ഞാപനം വഴിയാകും നിയമനം. പത്ത്‌ കോസ്‌റ്റൽ പൊലീസ്‌ സ്‌റ്റേഷനായി 270 തസ്‌തികയും കമാൻഡോ വിഭാഗത്തിന്‌ 210 തസ്‌തികയും സൃഷ്‌ടിച്ചു. വിവിധ  പൊലീസ്‌ സ്‌റ്റേഷനുകൾ, കൺട്രോൾ റൂം, സൈബർ സ്‌റ്റേഷൻ, മെട്രോ പൊലീസ്‌ സ്‌റ്റേഷൻ, സ്‌പെഷ്യൽ ബ്രാഞ്ച്‌ എന്നിവയ്‌ക്കായി 725 പൊലീസ്‌ ഉദ്യോഗസ്ഥരുടെ തസ്‌തിക സൃഷ്‌ടിച്ചു. ഫോറൻസിക്‌ വിഭാഗത്തിൽ 66 തസ്‌തിക സൃഷ്‌ടിച്ചു. മിനിസ്‌റ്റീരിയൽ സ്‌റ്റാഫിന്റെ 47 തസ്‌തികയും സാങ്കേതിക വിഭാഗത്തിൽ പത്ത്‌ തസ്‌തികയും ക്യാമ്പ്‌ ഫോളോവർമാരുടെ 21 തസ്‌തികയും സൃഷ്‌ടിച്ചു.

തസ്‌തിക ഇങ്ങനെ

  • പൊലീസ്‌ ഓഫീസർ    4357
  • ഡ്രൈവർ    468
  • ഫോറൻസിക്‌ വിഭാഗം    62
  • മിനിസ്‌റ്റീരിയൽ സ്‌റ്റാഫ്‌    47
  • സാങ്കേതിക വിഭാഗം    10
  • ക്യാമ്പ്‌ ഫോളോവർ    21.

പൊലീസിൽ സീറോ വേക്കൻസി

തിരുവനന്തപുരം > പൊലീസിൽ സീറോ വേക്കൻസിയുടെ ഭാഗമായി ട്രെയിനിങ്‌‌  തസ്‌തിക സൃഷ്‌ടിച്ചത്‌ 2800 എണ്ണം.  മൂന്ന്‌  പുരുഷ–-വനിതാ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌  പട്ടികയിൽനിന്ന്‌ നിയമനത്തിനായിരുന്നിത്‌. പൊലീസിൽ നിയമനം ലഭിക്കുന്നവർക്ക്‌ പരിശീലനം പൂർത്തിയായി ജോലിയിൽ പ്രവേശിക്കാൻ ഒരു വർഷം എടുക്കുമെന്നതിനാൽ അടുത്ത ഒരു വർഷത്തെ പ്രതീക്ഷിത ഒഴിവ്‌ (ആന്റിസിപ്പറ്ററി വേക്കൻസി)  കണ്ടെത്തി നിയമനം നടത്താനാണ്‌ ട്രെയിനിങ്‌‌ തസ്‌തിക (ടെമ്പററി വേക്കൻസി)‌.

2018ൽ 1200 പുരുഷ വേക്കൻസിയും 400 വനിതാ വേക്കൻസിയും സൃഷ്‌ടിച്ചു. ഇവർക്ക്‌  2018ലെ പുരുഷ, വനിതാ  റാങ്ക്‌ ലിസ്‌റ്റിൽനിന്ന്‌ നിയമനം നൽകി.   കഴിഞ്ഞ ജൂണിൽ 1200 പുരുഷ ട്രെയിനിങ്‌ തസ്‌തികയ്‌ക്കും 400 വനിതാ ട്രെയിനിങ്‌ തസ്‌തികയ്‌ക്കും തുടർച്ചാനുമതി നൽകി. ജൂൺ 30ന്‌ കാലവധി കഴിഞ്ഞ റാങ്ക്‌ പട്ടികയിൽനിന്ന്‌ 1200  പ്രതീക്ഷിത ഒഴിവിലേക്കും നിയമനം നൽകി. പുതുതായി നിലവിൽ വരുന്ന വനിതാ സിവിൽ പൊലീസ്‌ ഓഫീസർ റാങ്ക്‌ ലിസ്‌റ്റിൽനിന്ന്‌ 400 പ്രതീക്ഷിത ഒഴിവിലേക്കും നിയമനം നൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top