07 August Friday

ബൂട്ടണിയൂ.. ഓൺലൈനിൽ ചുവടുവയ്‌ക്കാം; പൊലീസ്‌ പാസിങ്ഔട്ട്‌ പരേഡ്‌ ഓൺലൈനിൽ

റഷീദ‌് ആനപ്പുറംUpdated: Thursday Jun 25, 2020


കോവിഡ്‌കാലത്ത്‌ പൊലീസ്‌ ട്രെയ്‌നിങ്ങും പാസിങ്‌ഔട്ടും വെർച്വൽ സംവിധാനത്തിലൂടെ. പൊലീസ്‌ അക്കാദമിയിൽ പരിശീലനകരായ 106 സബ്‌ ഇൻസ്‌പെക്ടർമാരുടെ പാസിങ്‌ഔട്ട്‌ പരേഡ്‌‌  ജൂലൈ 24ന്‌ വെർച്വലായി നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത്‌ ഓൺലൈനിൽ സല്യൂട്ട്‌ സ്വീകരിക്കും. രാജ്യത്ത്‌ ആദ്യമാണ്‌ ഓൺലൈനിൽ സബ്‌ ഇൻസ്‌പെക്ടർ പാസിങ്‌ഔട്ട്‌ പരേഡ്‌ നടത്തുന്നത്‌. വിവിധ ബറ്റാലിയനുകളിലെ 2400 സിവിൽ പൊലീസ്‌ റിക്രൂട്ടുകളുടെ പരിശീലനം‌ ഓൺലൈനിൽ നടത്തും. ഇതിനായി നാഷണൽ പൊലീസ്‌ അക്കാദമി ഡയറക്ടർ അടങ്ങിയ സമിതി രൂപീകരിച്ചു. എസ്‌ഐ ട്രെയ്‌നികളെയും സിവിൽ പൊലീസ്‌ ഓഫീസർ റിക്രൂട്ടുകളെയും ക്യാമ്പിൽനിന്ന്‌ വീട്ടിലേക്ക്‌ അയച്ചിരുന്നു. എസ്‌ഐ ട്രെയ്‌നികളെ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനിൽ അറ്റാച്ച്‌ ചെയ്‌തു. പാസിങ്‌ഔട്ട്‌ തീയതി അടുത്തതോടെ ഇവരെ പൊലീസ്‌ അക്കാദമിയിലേക്ക്‌ മടക്കിവിളിച്ച്‌  പരിശീലനം നൽകിത്തുടങ്ങി. കോവിഡ്‌ സുരക്ഷാമാനദണ്ഡം പാലിച്ചാണ്‌ പരിശീലനം.

സിവിൽ പൊലീസ്‌ ഓഫീസർമാർ ജനമൈത്രി പൊലീസിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്‌. ഇവർക്ക്‌ ഇൻഡോർ പരിശീലനം ഓൺലൈനിൽ തുടങ്ങി‌.  ഔട്ട്‌ഡോർ പരിശീലനം ഒരാഴ്‌ചയ്‌ക്കം ആരംഭിക്കും. ഇതിനായി പ്രത്യേക മൊഡ്യൂൾ തയ്യാറാക്കാനാണ്‌‌ വിദഗ്‌ധ സമിതിയെന്ന്‌‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ പറഞ്ഞു. എഡിജിപി ട്രെയ്‌നിങ്‌, വിവിധ സംസ്ഥാനങ്ങളിലെ ട്രെയ്‌നിങ്‌ മേധാവികൾ എന്നിവർ സമിതിയിലുണ്ട്‌. ആദ്യഘട്ട വെബ്‌നാർ കഴിഞ്ഞ ദിവസം നടത്തി.  
2019 മെയ്‌ 13നും ജൂലൈ അഞ്ചിനും രണ്ട്‌ ബാച്ചായാണ്‌ എസ്‌ഐ പരിശീലനം ആരംഭി‌ച്ചത്‌. ആദ്യബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 46 പേരുമുണ്ട്‌‌. ഇതിൽ 14 പേർ വനിതകളാണ്‌. അഞ്ച്‌ മീറ്റർ അകലം പാലിച്ചാകും പരേഡെന്ന്‌ ബെഹ്‌റ പറഞ്ഞു. റിക്രൂട്ടുകളുടെ പ്രതിജ്ഞ ഓൺലൈനിൽ മുഖ്യമന്ത്രി കേൾക്കും. തുടർന്ന്‌ സന്ദേശം നൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top