Deshabhimani

339 പേർകൂടി പൊലീസ് സേനയുടെ ഭാഗമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 03:45 PM | 0 min read

തിരുവനന്തപുരം> പരിശീലനം പൂർത്തിയാക്കിയ 339 പേർ കേരള പൊലീസിന്റെ ഭാഗമായി.  തിരുവനന്തപുരം എസ്എപി ​ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. തിരുവനന്തപുരം എസ്എപി ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 50 പേരും എംഎസ്പി, കെഎപി ഒന്ന്, രണ്ട്, മൂന്ന് ബറ്റാലിയനുകളിൽ നിന്നായി യഥാക്രമം 57,  35,  52,  44 പേരുമാണ് പരേഡിൽ പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയനിൽ നിന്ന് 44 പേരും അഞ്ചാം ബറ്റാലിയനിൽ നിന്ന് 29 പേരും വനിതാ ബറ്റാലിയനിൽ നിന്ന് 26 പേരും പരേഡിൽ പങ്കെടുത്തു.
    
തിരുവനന്തപുരം പുതിയതുറ സ്വദേശി ഡോൺ ക്രിസ്റ്റോ ആയിരുന്നു പരേഡ് കമാൻഡർ. കോഴിക്കോട് വെങ്ങളം സ്വദേശി അശ്വിൻ ടി ടി പരേഡിൻറെ സെക്കൻഡ് ഇൻ കമാൻഡ് ആയി. പരിശീലനകാലയളവിൽ മികവു തെളിയിച്ച വിവിധ ബറ്റാലിയനുകളിൽ നിന്നുള്ള റിക്രൂട്ട് സേനാംഗങ്ങൾക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. എസ്എപി, എംഎസ്പി എന്നീ ബറ്റാലിയനുകളിൽ  നിന്ന് മികച്ച ഓൾറൗണ്ടർമാർ ആയി തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം അരവിന്ദ് വി എസ്, അഖിൽ ടി എന്നിവരാണ്.

കെഎപി ഒന്നിൽ നിന്ന് ജെറോം കെ ബിജുവും കെഎപി രണ്ടിൽ നിന്ന് മിഥുൻ ആറും കെഎപി  മൂന്നിൽ നിന്ന് വിനു വി നാഥും ഓൾറൗണ്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടു. കെഎപി നാലാം ബറ്റാലിയനിൽ നിന്ന് ഹിരോഷ് ബാബുവും കെഎപി അഞ്ചാം ബറ്റാലിയനിൽ നിന്ന് മുഹമ്മദ് ഹാഷിം എ യും വനിതാ ബറ്റാലിയനിൽ നിന്ന് എവലിൻ അന്നാ ബേസിലും മികച്ച ഓൾറൗണ്ടർമാർക്കുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
    
പരിശീലനം പൂർത്തിയാക്കി ഇന്ന് സേനയുടെ ഭാഗമായ 339 പേരിൽ 36 പേർ എൻജിനീയറിങ് ബിരുദധാരികളാണ്. ഏഴ് എംബിഎക്കാർ ഉൾപ്പെടെ 30 പേരാണ് ബിരുദാനന്തരബിരുദധാരികൾ. ബിബിഎയും ബിസിഎയും ഉൾപ്പെടെയുള്ള ബിരുദം നേടിയ 161 പേരും സേനയുടെ ഭാഗമായി. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്, മറ്റു മുതിർന്ന പോലീസ് ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
 



deshabhimani section

Related News

0 comments
Sort by

Home