20 September Sunday

തെരച്ചിലിനായി മായയും ഡോണയും ; പുഴയുടെ മറുകരയിലേക്കും തെരച്ചിൽ

ജിതിൻ ബാബുUpdated: Sunday Aug 9, 2020


മൂന്നാർ
പെട്ടിമുടി ദുരന്തത്തിന്റെ മൂന്നാം ദിവസം തെരച്ചിൽ ഊർജിതമാക്കാൻ തൃശൂർ പൊലീസ് അക്കാദമിയിലെ പരിശീലനം ലഭിച്ച നായകളെയും എത്തിച്ചു. മണ്ണിനടിയിൽനിന്ന്‌ മൃതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച കെഡാവർ ഇനത്തിൽപ്പെട്ട മായയും ജീവനുള്ളവരെ കണ്ടെത്താൻ സഹായിക്കുന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണയുമാണ്‌ രക്ഷാപ്രവർത്തനത്തിന്‌ സഹായിച്ചത്‌.

ഇവ മൃതദേഹങ്ങളോ ജീവനുള്ള ആളുകളോ കിടക്കുന്ന സ്ഥലം മണംപിടിച്ച് മനസ്സിലാക്കിയശേഷം പ്രത്യേകശബ്ദം പുറപ്പെടുവിക്കും. ഇത്‌ പിന്തുടർന്ന് ദുരന്തനിവാരണസേന നടത്തിയ പരിശോധനയിലാണ് ഉച്ചയ്ക്കുമുമ്പ് രണ്ട് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, പകൽ പതിനൊന്നോടെ മഴ കനത്തത്‌ പ്രതിസന്ധിയായി. കവളപ്പാറ ദുരന്തത്തിനു പിന്നാലെയാണ് കേരള പൊലീസ്‌ ദുരന്തമേഖലയിൽ  അകപ്പെട്ടവരെ കണ്ടെത്താൻ നായകൾക്ക്‌ പരിശീലനം നൽകുന്നത്. ആറു മാസംമുമ്പാണ് മായയും ഡോണയും അക്കാദമിയിൽ എത്തുന്നത്. ഒരുവർഷമാണ് ഇവരുടെ പരിശീലനകാലം. മഴ മാറിനിന്നാൽ തിങ്കളാഴ്ച രക്ഷാപ്രവർത്തനത്തിന് ഇവർ ചേരും.

പുഴയുടെ മറുകരയിലേക്കും തെരച്ചിൽ
ഡോഗ് സ്ക്വാഡിനെ കൂടാതെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും പ്രദേശത്ത് നടന്നു. രക്ഷാപ്രവർത്തനം രാവിലെ ഏഴിന് തുടങ്ങിയിരുന്നു. എട്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചായിരുന്നു പരിശോധന. അടുത്ത ദിവസങ്ങളിൽ പുഴയുടെ മറുകരയിലേക്കും തെരച്ചിൽ നടത്തും. ഉച്ചയോടെയുള്ള കനത്ത മഴയും മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കലക്ടർ എച്ച് ദിനേശൻ, ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി, എസ് രാജേന്ദ്രൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഞായറാഴ്ച ലഭിച്ച മൃതദേഹങ്ങൾ
പെട്ടിമുടി നയമക്കാട് എസ്‌റ്റേറ്റിലെ അയ്യനാരുടെ മകൻ അരുൺ മഹേശ്വരൻ(34), അച്യുതന്റെ  ഭാര്യ പവന്തി(52), കറുപ്പായിയുടെ മകൻ ചെല്ലദുരൈ(37), ഗണേശന്റെ ഭാര്യ തങ്കമ്മാൾ(45),  അണ്ണാദുരൈയുടെ ഭാര്യ തങ്കമ്മാൾ(42), പരേതനായ രാഫേലിന്റെ ഭാര്യ ചന്ദ്ര(63), അച്യുതന്റെ മകൻ മണികണ്ഠൻ(22), യശായിയുടെ ഭാര്യ റോസിൻ മേരി(54), യശായിയുടെ മകൻ കപിൽദേവ്(28), ചെല്ലൈയ്യയുടെ മകൻ യശായി(58), ചെല്ലൈയ്യയുടെ ഭാര്യ സരസ്വതി ചെല്ലമ്മാൾ(60), ഗാന്ധിരാജിന്റെ മകൾ ഗായത്രി(23), രാധയുടെ മകൾ ലക്ഷണശ്രീ(ഏഴ്), ഗോവിന്ദന്റെ മകൻ അച്യുതൻ(52), രവിയുടെ മകൻ സഞ്ജയ്(14), ജോയിക്കുട്ടിയുടെ മകൾ അഞ്ജുമോൾ(21), യമുനേശ്വരൻ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top