21 November Thursday

മുറ മാറും; പൊലീസ് നായകള്‍ കരുത്തരാവും

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2019


സ്വന്തം ലേഖകൻ
കുറ്റാന്വേഷണങ്ങളിൽ കണ്ണികളായി നാടുകാക്കുന്ന പൊലീസ്‌ നായകളുടെ സംരക്ഷണത്തിന്‌ പുത്തൻ പരിശീലനമുറകൾ തയ്യാറാവുന്നു.  പൊലീസ് സേനയിലെ നായ്ക്കളെ  കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പുത്തൻപാഠങ്ങൾ ഒരുങ്ങുകയാണ്‌.   കേരള പൊലീസ് അക്കാദമിയും കേരള വെറ്ററിനറി സർവകലാശാലയും ചേർന്നാണ്  ദേശീയ തലത്തിൽ ഏകീകൃത പരിശീലന പഠനക്രമം ഒരുക്കുക.

  പൊലീസ്അക്കാദമി ഡോഗ്സ്കൂളിൽ നൽകുന്ന ഒമ്പത് മാസത്തെ പരിശീലനവും പാഠ്യക്രമവും രാജ്യത്തിന്‌ തന്നെ മാതൃകയാവും. മയക്കുമരുന്ന്, സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തൽ, മോഷ്ടാക്കളേയും കുറ്റവാളികളേയും തെരയൽ, ഇൻഫൻട്രി പട്രോളിങ്, ചന്ദന കള്ളക്കടത്തു കണ്ടെത്തൽ തുടങ്ങി വിവിധ കാര്യങ്ങളിൽ  നായകൾക്ക് പരിശീലനം നൽകും. മൃഗഡോക്ടർമാരുടെ സേവനവുമുണ്ട്‌.  നായ്ക്കളുടെ സ്വഭാവവിശേഷങ്ങൾ, കൂടുകളുടെ ശുചിത്വം, ശരീരസൗന്ദര്യ സംരക്ഷണം, ഭക്ഷണക്രമം, രോഗപ്രതിരോധം, ചികിത്സാരീതികൾ, ജനിതകവൈകല്യങ്ങൾ  ഒഴിവാക്കാനുള്ള  മുൻകരുതലുകൾ, നായ്ക്കളിലെ പ്രജനന പ്രത്യേകതകളും നിയന്ത്രണ മാർഗങ്ങളും, പ്രഥമ ശുശ്രൂഷ  എന്നിവയെല്ലാം പരിശീലനത്തിന്റെ ഭാഗമാണ്‌. മനുഷ്യരും നായ്ക്കളും തമ്മിലുള്ള ബന്ധം, സ്നേഹ, സംഘർഷങ്ങൾ തുടങ്ങി ഇന്ത്യൻ ഡിഫൻസ് സേനയിലെ നായ്ക്കളുടെ വിവിധ സേവനങ്ങളും പരിശീലനത്തിന്റെ ഭാഗമാവും.

പരിശീലനത്തിന്റെ മുന്നോടിയായി  വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയിലെ   നായ്ക്കളെ  കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക്‌ 28 മുതൽ രാമവർമപുരം പൊലീസ്‌ അക്കാദമിയിൽ ദേശീയ  ശിൽപ്പശാല സംഘടിപ്പിക്കുമെന്ന്‌ വെറ്ററിനറി സർവകലാശാലാ ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്‌  ഡോ. എം കെ നാരായണൻ പറഞ്ഞു.   പൊലീസിലേയും മൃഗസംരക്ഷണ മേഖലയിലേയും വിദഗ്ധർ ക്ലാസുകൾ നയിക്കും. പരിശീലനത്തിന്‌ ദേശീയ ഏകീകൃതരൂപം  ശിൽപ്പശാലയിൽ തയ്യാറാക്കും. കൈപ്പുസ്തകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top