13 August Thursday

കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ഥ്യത്തിലേക്ക്; നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

തിരുവനന്തപുരം >  സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പോഷണ്‍ അഭിയാന്റെ ഭാഗമായി ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍) സംസ്ഥാനത്ത് ആരംഭിക്കും. ഗവേഷണ കേന്ദ്രത്തിനായി 41,99,520 രൂപയുടെ ഭരണാനുമതി നല്‍കി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റിന്റെ (NIFTEM) സഹകരണത്തോടെയാണ് പോഷകാഹാര ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് നിഫ്‌റ്റെമും വനിത ശിശുവികസന വകുപ്പുമായുള്ള ധാരണപത്രം (എംഒയു) ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ നിഫ്‌റ്റെം രജിസ്ട്രാര്‍ ഡോ. ജെ എസ് റാണ, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ എന്നിവര്‍ ഒപ്പിട്ടു. വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, നിഫ്‌റ്റെം അസി. പ്രൊഫസറും പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. കോമള്‍ ചൗഹാന്‍ എന്നിവര്‍ സന്നിഹിതരായി.

പോഷണ്‍ അഭിയാന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോാഡ് ജില്ലകളില്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ഒരു അടിസ്ഥാന പഠനം നടത്തിയിരുന്നു. ഇതിലൂടെ സമ്പുഷ്ട കേരളത്തിന് കീഴിലുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ ഭാരക്കുറവ്, വളര്‍ച്ച മുരടിക്കല്‍, വിളര്‍ച്ചയുടെ വ്യാപനം എന്നിവ കണ്ടെത്താനും ഫലപ്രദമായി ഇടപെടാനും സാധിച്ചിരുന്നു. പോഷകാഹാര കുറവ് കണ്ടെത്തുന്നതിന് ഇത്തരം ഗവേഷണങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് എല്ലാ ജില്ലകളിലും ഗവേഷണം വ്യാപിപ്പിക്കാന്‍ പോഷകാഹാര ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്.

സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച പോഷകാഹാരവും ആരോഗ്യ സംബന്ധമായ പദ്ധതികളുടെ നടപ്പാക്കല്‍, മേല്‍നോട്ടം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക സഹായം, പ്രചരണം, എന്നിവയ്ക്കായുള്ള ഒരു പരമോന്നത ഗവേഷണ സ്ഥാപനമായിരിക്കും ഇത്. ഈ ഗവേഷണ കേന്ദ്രം ജീവിതചക്രത്തിലൂന്നി പോഷകാഹാരം വിലയിരുത്തി ലിംഗഭേദം കൂടാതെ ശിശു സംരക്ഷണം, നേരത്തെയുള്ള പഠനം, ആശയവിനിമയം, പോഷകാഹാര നിരീക്ഷണം എന്നിവ ഉറപ്പുവരുത്തും. പോഷകാഹാര മേഖലകളിലെ വിദഗ്ധരോടൊപ്പം വിവിധ പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ ഏജന്‍സികള്‍ എന്നിവര്‍ ഗവേഷണത്തില്‍ പങ്കാളികളാകും.

പോഷണം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയുടെ ഏകോപനത്തിലൂടെ അറിവിന്റെ ഒരു പരമോന്നത കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുകയും പോഷണ നിലവാരം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രബിന്ദുവായി അംഗീകരിക്കപ്പെടുകയും ചെയ്യും.

കേരളത്തിലുടനീളമുള്ള പോഷകാഹാര കുറവിനെപ്പറ്റി പഠിക്കുക, ശിശു സംരക്ഷണ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫലപ്രാപ്തത, വിളര്‍ച്ചയെയും മറ്റ് സാംക്രമിക രോഗങ്ങളെയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, അമൃതം ന്യൂട്രിമിക്‌സിന്റെ ഗുണനിലവാര വിലയിരുത്തല്‍ എന്നിവയാണ് പ്രധാനമായി പഠനവിധേയമാക്കുക.


പോഷന്‍ വാണി

വനിത ശിശു വികസന വകുപ്പിന്റെ പ്രതിദിന വാട്‌സ്ആപ് പ്രക്ഷേപണമായ പോഷന്‍വാണിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യത്തെ പ്രക്ഷേപണവും മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രതിദിന വാട്‌സാപ്പാണിത്. ഓരോ ദിവസവും ഒരു വിഷയമാണ് പ്രക്ഷേപണം ചെയ്യുന്നത്.

 'പോഷന്‍ വാണി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്ഷേപണത്തിലൂടെ അവകാശങ്ങള്‍, നിയമങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, ആരോഗ്യം, പോഷണം തുടങ്ങി സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന വ്യത്യസ്ത വിഷയങ്ങള്‍ നിത്യവും അവതരിപ്പിക്കും. സംഭാഷണം, ലഘു നാടകം, ഗാനങ്ങള്‍, അഭിമുഖം എന്നിങ്ങനെയാണ് ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. അങ്കണവാടി വര്‍ക്കര്‍മാര്‍ അവരുടെ ഗ്രൂപ്പുകളിലൂടെ ഈ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top