28 February Sunday

സഭ കടന്നു; ഇനി തെരഞ്ഞെടുപ്പ്‌ ബലാബലം

കെ ശ്രീകണ‌്ഠൻUpdated: Saturday Jan 23, 2021രാഷ്‌ട്രീയ കേരളത്തിന്റെ ഉൾത്തുടിപ്പ്‌ പ്രതിഫലിപ്പിച്ച്‌ നിയമസഭാ സമ്മേളനത്തിന്‌ തിരശ്ശീല വീണത്‌  തെരഞ്ഞെടുപ്പ്‌ യുദ്ധത്തിന്‌ കാഹളം മുഴക്കി. തെരഞ്ഞെടുപ്പ്‌ കളത്തിൽ എല്ലാ സന്നാഹവുമൊരുങ്ങി. ഇനി ബലാബലത്തിന്റെ ദിനങ്ങൾ.  തദ്ദേശ തെരഞ്ഞെടുപ്പ്‌ വിധിയെഴുത്തും വികസന, ക്ഷേമ നടപടികൾ രണ്ടുകൈയും നീട്ടി ജനങ്ങൾ ഏറ്റുവാങ്ങിയ ആത്മവിശ്വാസവുമായാണ്‌ എൽഡിഎഫ്‌ ഗോദയിലേക്ക്‌ ഇറങ്ങുന്നത്‌.  തദ്ദേശ തെരഞ്ഞെടുപ്പോടെ അടിവേരിളകിയ രാഷ്‌ട്രീയ മുഖവുമായി യുഡിഎഫും ബിജെപിയും മറുവശത്തും.

തെരഞ്ഞെടുപ്പ്‌ ബലാബലത്തിലേക്ക്‌ വെല്ലുവിളിച്ചാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽനിന്ന്‌ ജനങ്ങളിലേക്ക്‌ ഇറങ്ങുന്നത്‌. നേതൃത്വത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പവും അനിശ്ചിതത്വവും മറനീക്കിയ ദിനങ്ങളിലൂടെയാണ്‌ കോൺഗ്രസ്‌ മുന്നോട്ടുപോകുന്നത്‌. സർക്കാരിനെതിരെ പടനയിച്ച പ്രതിപക്ഷ നേതാവ്‌  രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ പോലും അവസാന നാളുകളിൽ സർക്കാരിനെതിരെ വിരൽ ചൂണ്ടാനുള്ള ബലം ചോർന്നു.  2016ൽ എൽഡിഎഫ്‌ സർക്കാർ  അധികാരത്തിൽ വന്ന നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലെ രാഷ്‌ട്രീയ പശ്ചാത്തലമല്ല ഇപ്പോൾ. അന്ന്‌ യുഡിഎഫിന്റെ നട്ടെല്ലായി നിലയുറപ്പിച്ചിരുന്ന കക്ഷികൾവരെ ഇന്ന്‌ എൽഡിഎഫിനൊപ്പമാണ്‌.  ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന്റെ കുത്തക സീറ്റുകൾ പോലും എൽഡിഎഫ്‌ പക്ഷത്തായി.

2016ൽ യുഡിഎഫിൽ ആയിരുന്ന കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും എംപി വീരേന്ദ്രകുമാർ അധ്യക്ഷനായിരുന്ന എൽജെഡിയും ഇപ്പോൾ എൽഡിഎഫിലാണ്‌. അഞ്ച്‌ വർഷത്തിനിടയിൽ ഇത്തരമൊരു ഗതിമാറ്റവും ചേരിതിരിവും കേരളത്തിലെ മുന്നണി രാഷ്‌ട്രീയത്തിൽ അപൂർവമാണ്‌. കക്ഷികളുടെ എണ്ണം കൂടുക മാത്രമല്ല, എൽഡിഎഫിന്റെ അടിത്തറ കൂടുതൽ ശക്തിപ്പെടുകയും ചെയ്‌തുവെന്നാണ്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിക്കുന്നത്‌.
യുഡിഎഫിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസ്‌ കൂടുതൽ ദുർബലമായതിന്‌ തെളിവാണ്‌ പുതിയ പരീക്ഷണങ്ങൾ.

ചെന്നിത്തലയെ മാറ്റി ഉമ്മൻചാണ്ടിയെ വീണ്ടും അവരോധിച്ചത്‌ വഴി നഷ്‌ടമായ ജനവിശ്വാസം വീണ്ടെടുക്കാനാകില്ലെന്ന്‌ കോൺഗ്രസിൽ മുറുമുറുപ്പ്‌ ഉയർന്നു. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഒന്നാം കക്ഷിയാകാനുള്ള മോഹവുമായാണ്‌ രണ്ടാം കക്ഷിയായ ലീഗിന്റെ നിൽ‌പ്പ്‌‌. ഇതെല്ലാം യുഡിഎഫിനെ കൂടുതൽ കലുഷിതമാക്കുന്ന ദിനങ്ങളാണ്‌ വരാനിരിക്കുന്നത്‌.
ഉപതെരഞ്ഞെടുപ്പിലെ ഉജ്വല വിജയവും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും  ഭരണത്തുടർച്ചയെന്ന പ്രതീതി ശക്തമാക്കി. ഇത്‌ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കോവിഡിന്റെ ആരംഭം തൊട്ട്‌ സർക്കാരിനെതിരെ കള്ളക്കഥകൾ മെനയാൻ പ്രതിപക്ഷം രംഗത്തിറങ്ങി. ഒരു വിഭാഗം മാധ്യമങ്ങളും ഇതിന്‌ വർധിതാവേശത്തോടെ ഒത്താശ നൽകി. 

സ്വർണക്കടത്ത്‌ വിവാദം ഉയർന്നതോടെ ഇത്‌ കൊടുമ്പിരികൊണ്ടു. പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പ്‌ ഇതിനെല്ലാമുള്ള മറുപടിയാണ്‌. വോട്ടെണ്ണി കഴിയുമ്പോൾ ക്ഷീണിച്ചത്‌ ആരാണെന്ന്‌ മനസ്സിലാകും’ തദ്ദേശ തെരഞ്ഞെടുപ്പിൽ  വോട്ടു ചെയ്‌ത്‌ പുറത്തിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇതായിരുന്നു.  അത്‌ അക്ഷരംപ്രതി ശരിയെന്ന്‌ തെളിഞ്ഞു.
തുളുമ്പിനിൽക്കുന്ന ഈ  ആത്മവിശ്വാസം തന്നെയാണ്‌ കഴിഞ്ഞ ദിവസം നിയമസഭയിലും അദ്ദേഹം പ്രകടമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top