03 March Wednesday

തീരദേശ പരിപാലന പ്ലാൻ ഉടൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021


തിരുവനന്തപുരം
സംസ്ഥാന തീരദേശ പരിപാലന പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്  വൈകാതെ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2011 ലെ തീരദേശ പരിപാലന നിയമം 2019ൽ ഭേദഗതി ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പ്ലാൻ നൽകുന്നതിനു മുമ്പ്‌  പൊതുജനങ്ങളിൽനിന്ന്‌ അഭിപ്രായം തേടേണ്ടതുണ്ട്‌. നടപടിക്രമങ്ങളും പൂർത്തിയാക്കണം.  ഈ  പ്ലാൻ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചാലേ  ഇളവുകൾ സംസ്ഥാനത്ത് പ്രാബല്യത്തിലാകൂ. അതുവരെ 2011ലെ വിജ്ഞാപനത്തിലെ വ്യവസ്ഥകളും പ്ലാനുമായിരിക്കും ബാധകമാകുക.

പ്ലാൻ തയ്യാറാക്കുന്നതിന് തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ കഴിഞ്ഞ  ആഗസ്തിൽ  സർക്കാർ ചുമതലപ്പെടുത്തി.  തിരുവനന്തപുരം, കൊല്ലം, കാസർകോഡ്, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ കരട്  പ്ലാൻ തീരദേശ പരിപാലന അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്.  ഇതിൽ പൊതുജനാഭിപ്രായം  തേടും.  എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളുടെ കരട് പ്ലാനിൽ ചില  തിരുത്തലുകൾ വരുത്താൻ കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.   തിരുത്തിയ കരട് പ്ലാൻ ഉടൻ  ലഭിക്കുമെന്നും‌ ടി വി രാജേഷിന്റെ സബ്‌മിഷന്‌  മുഖ്യമന്ത്രി മറുപടി പറഞ്ഞു.

സർട്ടിഫിക്കറ്റ്‌ പിടിച്ചുവയ്‌ക്കൽ : കർണാടക സർക്കാരിനോട്‌ ഇടപെടാൻ ആവശ്യപ്പെടും
കർണാടകയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ മലയാളി വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ്‌  പിടിച്ചു വയ്‌ക്കുന്ന വിഷയത്തിൽ ഇടപെടാൻ  അവിടുത്തെ സർക്കാരിനോട്‌ ആവശ്യപ്പെടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന്‌ വിദ്യാർഥികൾ പരാതി ഉയർത്തിയപ്പോൾ തന്നെ  സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ   പ്രശ്നം പരിഹരിച്ചില്ല. ഈ സാഹചര്യത്തിലാണ്‌ കർണാടക സർക്കാരിനോട്‌ ഇടപെടാൻ ആവശ്യപ്പെടുന്നത്‌.

കർണാടകയിൽ വിവിധ പ്രദേശങ്ങളിലും പ്രത്യേകിച്ച് മംഗലാപുരത്തും  മലയാളികളായ ധാരാളം വിദ്യാർഥികളുണ്ട്.  ആരോഗ്യപരമായ കാരണങ്ങളാലും അപ്രതീക്ഷിത പ്രതിസന്ധിമൂലവും പഠനം നിർത്തേണ്ടി വരുന്നവരുണ്ട്. ഇങ്ങനെയുള്ളവരുടെ സർട്ടിഫിക്കറ്റ്‌ കൈവശംവയ്ക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ലെന്ന്‌ എൻ എ നെല്ലിക്കുന്നിന്റെ സബ്‌മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top