Deshabhimani

ദുരന്തനിവാരണത്തിൽ കേരളമാതൃക 
സൃഷ്‌ടിക്കും : മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 01:01 AM | 0 min read


തിരുവനന്തപുരം
ദുരന്തനിവാരണത്തിൽ കേരള മാതൃക സൃഷ്ടിക്കാനാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ജനങ്ങളെ ബോധവൽക്കരിക്കും. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ചട്ടം 300 പ്രകാരം നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനാകെ മാതൃകയായ രക്ഷാ-, ദുരന്തനിവാരണ പ്രവർത്തനമാണ്‌ വയനാട്ടിൽ നടത്തിയത്. ദുരന്തം തകർത്ത പ്രദേശത്തെ ജനങ്ങളെ പുതുജീവിതത്തിലേക്ക്‌ മടക്കികൊണ്ടുവരികയാണ്‌ പ്രധാനം. ഇതിനായി സംസ്ഥാന ദുരന്തപ്രതികരണ നിധിയിലേക്ക് അധികസഹായം നൽകണമെന്ന്‌ കേന്ദ്രത്തിന്‌ നിവേദനം നൽകി. പ്രധാനമന്ത്രിയെക്കണ്ട് വീണ്ടും സഹായം അഭ്യർഥിച്ചു. ഒരിക്കൽക്കൂടി ആവശ്യപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

പുനരധിവാസ പദ്ധതികൾക്ക്‌ പ്രോജക്ട്‌ മാനേജ്മെന്റ്‌ കൺസൾട്ടൻസിയെ നിയമിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി മേൽനോട്ടം നൽകും. എൻജിനീയറിങ്‌, പ്രൊക്യുർമെന്റ്‌, കൺസ്ട്രക്ഷൻ (ഇപിസി) മാതൃകയിലാണ് നിർവഹണം. ഇപിസി ടെൻഡർ നടപടി ഡിസംബർ 31-ന്‌ പൂർത്തിയാക്കണം. വിലങ്ങാട് ദുരന്ത ബാധിതർക്കും പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനവും അതിതീവ്ര പ്രകൃതി പ്രതിഭാസങ്ങളുംമൂലം ഉണ്ടാകുന്ന ദുരന്തങ്ങളാണ് കുറച്ചുവർഷമായി കേരളം നേരിടുന്നത്. വലിയ പ്രളയങ്ങളും വരൾച്ചയും ചുഴലിക്കാറ്റും ഉഷ്‌ണതരംഗങ്ങളും പകർച്ചവ്യാധികളും ആവർത്തിക്കപ്പെടുന്നു. കേരളം പ്രകൃതിക്ഷോഭത്തിന്‌ ഇരയാകുന്ന പ്രദേശമായി മാറിയിരിക്കുന്നു. ഉയർന്ന ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നറിയിപ്പ് 
സംവിധാനം 
കാര്യക്ഷമമാക്കും
കാലാവസ്ഥാ മുന്നറിയിപ്പുകൾ നല്ലരീതിയിൽ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾ മുൻകൂട്ടി അറിയാനാകുന്നില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കേന്ദ്ര ഏജൻസിയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രിക്കുവേണ്ടി പ്രസ്‌താവന വായിച്ച റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home